ഗാസയിലെ ഇസ്രയേലിന്റെ കൂട്ടക്കുരുതിക്കെതിരെ സംസ്ഥാനത്ത് ജൂലൈ 24 വ്യാഴാഴ്‌ച നടത്തുന്ന ബഹുജന ധര്‍ണ്ണ വിജയിപ്പിക്കാന്‍ എല്ലാ മനുഷ്യസ്‌നേഹികളോടും അഭ്യര്‍ത്ഥിക്കുന്നു. വ്യാഴാഴ്‌ച വൈകുന്നേരം 4 മുതല്‍ 6 വരെയാണ് ധര്‍ണ്ണ. ജില്ലാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്‌മ നടക്കും. കുഞ്ഞുങ്ങളേയും സ്‌ത്രീകളേയും ഉള്‍പ്പെടെ കൊന്നൊടുക്കുന്ന ഇസ്രയേല്‍ ഭീകരത അവസാനിപ്പിക്കാന്‍ ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതി നിര്‍ദ്ദേശിച്ചിട്ടും അത് നിരാകരിച്ച് പലസ്‌തീന്‍ ജനതയ്‌ക്കെതിരെ ബോംബുവര്‍ഷം തുടരുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണ് ഇസ്രയേലിന്റെ ശക്തി. ഗാസയില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ പ്രമേയം പാസ്സാക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. പലസ്‌തീന്‍ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ല എന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അവകാശവാദം വസ്‌തുതാവിരുദ്ധമാണ്. ഇസ്രയേലിനെ പിണക്കാതിരിക്കാന്‍ പല ഘട്ടങ്ങളിലും അവര്‍ക്ക് അനുകൂലമായ നയമായിരുന്നു കോണ്‍ഗ്രസ്സ് നയിച്ച യു.പി.എ സര്‍ക്കാരും സ്വീകരിച്ചിരുന്നതെന്നത് ശരിയാണ്. അതും ഇന്ത്യയുടെ പ്രഖ്യാപിത പലസ്‌തീന്‍ നയത്തിന് അനുകൂലമായിരുന്നില്ല.