പ്ലസ് ടു സ്‌കൂളുകളും കോഴ്‌സുകളും അനുവദിക്കാന്‍ ഭരണകക്ഷിയുമായി ബന്ധമുള്ളവര്‍ കോഴ ചോദിച്ചതായി എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇക്കാര്യത്തില്‍ നടന്ന വമ്പിച്ച അഴിമതി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. വന്നവരില്‍ അറിയാവുന്ന സ്‌കൂള്‍ മാനേജര്‍മാര്‍ ഉണ്ടെന്നും അവര്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണെന്നും ഡോ. ഗഫൂര്‍ പ്രസ്‌താവിച്ചിട്ടുണ്ട്. പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും കോഴ്‌സുകളും അനുവദിച്ചതിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോടിയേരി ബാലകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെടുന്നു . യാതൊരുവിധ മാനദണ്ഡവും ഇല്ലാതെയും കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുമാണ് സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. പുതുതായി സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ല. ധാരാളം സീറ്റുകള്‍ അധികമായി കിടക്കുന്ന ജില്ലകളിലും പുതിയ സ്‌കൂളുകള്‍ അനുവദിച്ചു. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടുന്നതിന് വിദ്യാഭ്യാസ ചട്ടങ്ങളുടെ കാര്യം അഡ്വക്കേറ്റ് ജനറള്‍ കോടതിയില്‍നിന്ന് മറച്ചുവച്ചു എന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതിന് മുസ്ലീം ലീഗ് നേതാക്കള്‍ കോഴ ആവശ്യപ്പെട്ടതായും അമ്പതുലക്ഷം രൂപയോ രണ്ട് അധ്യാപക തസ്‌തികയോ വേണമെന്ന് ആവശ്യപ്പെട്ടതായി കോഴിക്കോട് സി.എം.സി സ്‌കൂള്‍ മാനേജര്‍ നടത്തിയ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. പുതിയ 225 ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അനുവദിച്ചതില്‍ 164 ഉം സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കാണ് നല്‍കിയത്. പുതിയ സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ ആദ്യം സര്‍ക്കാര്‍, പിന്നെ കോര്‍പ്പറേറ്റ്, ശേഷം സിംഗിള്‍ മാനേജ്‌മെന്റ് എന്നതായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച നയം. ഇതിന് വിരുദ്ധമായി നല്ല നിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളില്‍ സ്വകാര്യ സ്‌കൂളുകളെയാണ് പരിഗണിച്ചത്. എം.ഇ.എസ് പ്രസിഡന്റും ചില മാനേജര്‍മാരും നടത്തിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത് വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ടിയുടെ പ്രതിനിധികള്‍ മാനേജര്‍മാരെ മുന്‍കൂട്ടി സമീപിച്ച് വിലപേശി കോഴ ഉറപ്പിച്ചതിനുശേഷമാണ് പുതിയ സ്‌കൂളുകളും കോഴ്‌സുകളും അനുവദിച്ചത് എന്നത് വസ്‌തുതയാണ്. പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം തികയ്‌ക്കാന്‍ സംസ്ഥാനത്ത് പല ഇടത്തും അണ്‍എയ്‌ഡഡ് സ്‌കൂളുകളുമായി കച്ചവടക്കരാര്‍ ഉണ്ടാക്കി എന്ന് ഒരു പ്രമുഖ പത്രം തന്നെ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുകയാണ്. പുതിയ സ്‌കൂളുകളിലേക്ക് അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലെ കുട്ടികളെ മാറ്റാനാണ് നീക്കം നടക്കുന്നത്. ആറുലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് ബാച്ചുകളുടെ വില പറഞ്ഞുറപ്പിച്ചിട്ടുള്ളത് എന്ന് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുകയാണ്. പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതിനു പിന്നാലെ ഏകജാലക പ്രവേശനവും അട്ടിമറിച്ചിരിക്കുകയാണ്. പുതുതായി അനുവദിച്ച സ്‌കൂളുകളിലും അധിക ബാച്ചിലും നേരിട്ട് പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഏകജാലകത്തില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ഹയര്‍ ഓപ്‌ഷനുള്ള അവസരം പോലും നിഷേധിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. പുതിയ സ്‌കൂളുകളിലും ബാച്ചുകളിലും വിദ്യാര്‍ത്ഥി പ്രവേശനം പൂര്‍ണ്ണമായും കോഴ വാങ്ങി കച്ചവടം ചെയ്യാന്‍ അനുവദിച്ചിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാമുള്ള വിഹിതം നേടാനാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് തികച്ചും സുതാര്യവും ശാസ്‌ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ചും, യാതൊരു ആക്ഷേപങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും ഇടനല്‍കാത്തവിധം പ്ലസ് ടു ബാച്ചുകളും സ്‌കൂളുകളും അനുവദിച്ച അനുഭവം ഇത്തരുണത്തില്‍ പ്രസക്തമാണ്. എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇത്തവണ നേരത്തെതന്നെ പ്രസിദ്ധീകരിച്ചിട്ടും പുതിയ സ്‌കൂളും ബാച്ചും അനുവദിക്കാന്‍ കാലതാമസം ഉണ്ടാക്കിയത് കോഴപ്പണം വിലപേശി കരാര്‍ ഉറപ്പിക്കാനായിരുന്നു. യു.ഡി.എഫ് ഭരണത്തില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.