നിര്‍മ്മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-06.08.2014

കേരളത്തിലെ നിര്‍മ്മാണ മേഖലയാകെ സ്‌തംഭനത്തിലായിരിക്കുകയാണ്‌. വികസന പ്രവര്‍ത്തനങ്ങള്‍ ആകെ മുടങ്ങുകയും ലക്ഷക്കണക്കിന്‌ തൊഴിലാളികള്‍ക്ക്‌ ജോലി നഷ്‌ടപ്പെടുകയും ചെയ്‌തിരിക്കുന്നു. സംസ്ഥാനം നേരിടുന്ന ഗൗരവതരമായ ഈ പ്രശ്‌നത്തിന്‌ മുമ്പില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തികച്ചും നിഷ്‌ക്രിയമാണ്‌. സംസ്ഥാനത്തെ മൂവായിരത്തോളം ചെറുകിട കരിങ്കല്‍ ക്വാറികള്‍ സ്‌തംഭനത്തിലാണ്‌. ചെങ്കല്‍ ക്വാറികളും സ്‌തംഭനത്തിലാണ്‌. നിര്‍മ്മാണാവശ്യത്തിനുള്ള മണല്‍ ലഭിക്കുന്നില്ല. കിട്ടുന്നതിനാണെങ്കില്‍ തീപിടിച്ച വിലയുമാണ്‌. ഈ കാരണങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുകയാണ്‌. കെട്ടിടങ്ങള്‍, വീടുകള്‍, റോഡുകള്‍ തുടങ്ങിയവയുടെ എല്ലാം നിര്‍മ്മാണവും വികസനവും സ്‌തംഭിച്ചു. ക്വാറി ഉല്‍പന്നങ്ങള്‍ക്ക്‌ കഴിഞ്ഞ ബജറ്റില്‍ നികുതി ഏര്‍പ്പെടുത്തിയതിനാല്‍ അവയുടെ എല്ലാം വില വര്‍ദ്ധിച്ചു. സിമന്റ്‌, കമ്പി, പെയിന്റ്‌ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കും അടിക്കടി വില വര്‍ദ്ധിക്കുകയാണ്‌. റെയില്‍വെ കടത്തുകൂലി വര്‍ദ്ധനവ്‌, നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവിന്‌ ആക്കം കൂട്ടി. പൊതുമരാമത്ത്‌ കോണ്‍ട്രാക്‌ടര്‍മാര്‍ക്ക്‌ പൂര്‍ത്തീകരിച്ച പ്രവര്‍ത്തികള്‍ക്ക്‌ പണം കൊടുക്കാത്തതിനാല്‍ കരാറുകാര്‍ പ്രവര്‍ത്തികള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്‌. 2500 കോടിയില്‍ പരം രൂപയാണ്‌ കുടിശിക. ഇതിന്റെ ഫലമായി ഒരു വികസന പ്രവര്‍ത്തനവും നടക്കാത്ത അവസ്ഥയാണ്‌. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ റിപ്പയര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ പോലും നടക്കുന്നില്ല. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളാകെ സ്‌തംഭനത്തിലായിട്ടും സര്‍ക്കാര്‍ ഗൗരവമായി ഇടപെടുന്നില്ല. ഗുരുതരമായ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ നടപടി സ്വീകരിക്കേണ്ട കേരള സര്‍ക്കാര്‍, നിഷ്‌ക്രിയമായതിനാല്‍ സ്ഥിതി സങ്കീര്‍ണമാവുകയാണ്‌. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാര്‍, മന്ത്രിസഭാ പുനഃസംഘടനയും, കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയും, യു.ഡി.എഫ്‌ ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കവും മൂലം സംസ്ഥാനത്തെ ഭരണസ്‌തംഭനത്തിലെത്തിച്ചിരിക്കുകയാണ്‌.
ഈ സാഹചര്യത്തിലാണ്‌ നിര്‍മ്മാണ മേഖലയിലെ സ്‌തംഭനം ഒഴിവാക്കാന്‍ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുന്നത്‌. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ ശക്തിയായി പ്രതിഷേധിക്കുന്നു. അടിയന്തിരമായി ഇടപെട്ട്‌ നിര്‍മ്മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു. ഈ ആവശ്യമുയര്‍ത്തി തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ പിന്തുണ നല്‍കാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.


തിരുവനന്തപുരം
06.08.2014


***