നീതീകരണമില്ലാത്ത വൈദ്യുതിനിരക്ക് വര്‍ദ്ധനവ് കേരള ജനതയ്‌ക്കെതിരായ യു.ഡി.എഫ് സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനമാണ്. ജനങ്ങളെ നാനാവിധത്തില്‍ പാപ്പരാക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് വര്‍ദ്ധനവിലൂടെ സാധാരണക്കാരേയും ഇടത്തരക്കാരേയുമടക്കം കൊള്ളയടിക്കുകയാണ്. ആഗസ്റ്റ് 16-ന് നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന നിരക്കു വര്‍ദ്ധനവ് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഏറ്റവും വലിയ ഇരുട്ടടി. 24 ശതമാനം വരെ വര്‍ദ്ധനവമാണ് ഉണ്ടായിരിക്കുന്നത്. വ്യവസായം, കൃഷി എന്നീ മേഖലകളിലും വലിയ തോതിലാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ പിടിപ്പുകെട്ട വൈദ്യുതി ഭരണവും നയവുമാണ് ഈ കുഴപ്പങ്ങള്‍ക്കു കാരണം. ഒരുഭാഗത്ത് നിരക്ക് വര്‍ദ്ധനവിന്റെ പ്രഖ്യാപനം ഉണ്ടാകുമ്പോള്‍ തന്നെ, സംസ്ഥാനത്തിന്റെ വൈദ്യുതിലഭ്യത ആശ്വാസകരമല്ല. 1995-96 ഘട്ടത്തില്‍ കടുത്ത വൈദ്യുത പ്രതിസന്ധിയെ സംസ്ഥാനം നേരിട്ടെങ്കില്‍ പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അതിന് പരിഹാരം കാണുകയും വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുകയും ചെയ്‌തു. എന്നാല്‍, വൈദ്യുതി ഉപഭോഗം പ്രതിവര്‍ഷം എട്ടുശതമാനം വര്‍ദ്ധിച്ചിട്ടും ഉല്‍പ്പാദനം കൂട്ടുന്നതിന് ഫലപ്രദമായി ഒന്നും ചെയ്യാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിയാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. പ്രതിദിന ഉപഭോഗത്തിന്റെ പകുതി പോലും സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത പിടിപ്പുകേടിലാണ്. മഴ ഉണ്ടായാല്‍ പോലും ഇടയ്‌ക്കും മുറയ്‌ക്കും ലോഡ്‌ഷെഡ്ഡിംഗ് അടിച്ചേല്‍പ്പിക്കുന്നത് ഇക്കാലയളവിലെ ക്രൂരവിനോദമായിട്ടുണ്ട്. ഇതിനു പുറമെയാണ് ദയാരഹിതമായി വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളേയും കൊള്ളയടിച്ചിരിക്കുന്നത്. ഈ ജനദ്രോഹത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം
14.08.2014
***