പ്ലസ് ടൂവില്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതി വിധിയോടെ അധികാരത്തില്‍ ഇനി ഒരു നിമിഷം പോലും തുടരാനുള്ള ധാര്‍മ്മികാവകാശം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നഷ്‌ടമായി. സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിവിട്ട ജാതി-മത-വര്‍ഗീയ പ്രീണനത്തിനും ഏറ്റ കനത്ത പ്രഹരമാണ് പ്ലസ് ടൂവിലെ ഹൈക്കോടതി വിധി. നിയമവും ധര്‍മ്മവും ആദര്‍ശവും കാറ്റില്‍ പറത്തിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ നീങ്ങുന്നത്. അതിന്റെ ഉത്തമദൃഷ്‌ടാന്തമാണ് സംസ്ഥാനത്ത് പുതിയ പ്ലസ് ടൂ സ്‌കൂളും അധിക ബാച്ചുകളും അനുവദിച്ച സര്‍ക്കാര്‍ നടപടി. ഇതിനെ പൊതുവില്‍ സ്റ്റേ ചെയ്‌ത കോടതി ഹയര്‍സെക്കണ്ടറി ഡയറക്‌ടറുടെ ശുപാര്‍ശയുള്ള സ്‌കൂളുകള്‍ക്ക് അനുമതി ആകാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഡയക്‌ടറുടെ ശുപാര്‍ശയുണ്ടെങ്കിലും പശ്ചാത്തല സൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്ക് അനുമതി പാടില്ലെന്നും ഉത്തരവായിട്ടുണ്ട്. ക്രമവിരുദ്ധമായ ഭരണനടപടികള്‍ സ്വീകരിച്ച് കോടതിയില്‍നിന്നും സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയതാണ് ഈ കോടതി വിധി. ഇതിന്റെ പ്രഥമ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്കാണ്. എന്നാല്‍, സ്‌കൂള്‍ അനുവദിക്കുന്നതിനുള്ള ചുമതലയേറ്റ മന്ത്രിസഭാ ഉപസമിതിയും ക്രമക്കേടിന്റെ ഭാഗമാണ്. ഈ ക്രമക്കേടിന് നേതൃത്വം നല്‍കിയത് മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിയാണ്. നഗ്നമായ അഴിമതിക്കും ക്രമക്കേടിനും ഹൈക്കോടതിയില്‍നിന്ന് കനത്ത പ്രഹരമേറ്റിരിക്കുന്നതിനാല്‍ ധാര്‍മ്മികതയുടെ കണികയെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എത്രയും വേഗം രാജിവച്ച് പുറത്തുപോകണം. പ്ലസ് ടു സ്‌കൂള്‍ അനുവദിച്ചതിനു പിന്നിലെ വന്‍ ക്രമക്കേടുകളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണം.
തിരുവനന്തപുരം
18.08.2014