ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മന്ത്രി ഇബ്രാഹിംകുഞ്ഞിനേയും പ്രതിചേര്‍ത്ത് പുനരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നതിനാല്‍ ഇവര്‍ ഉടനെ സ്ഥാനം രാജിവെച്ച് നിഷ്‌പക്ഷ അന്വേഷണത്തെ നേരിടണം. ഭരണ നേതൃത്വത്തിലിരിക്കുന്ന മുഖ്യമന്ത്രിയും വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന ചെന്നിത്തലയും കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവരുടെ കീഴിലുള്ള വിജിലന്‍സ് അന്വേഷിച്ചാല്‍ നിക്ഷ്‌പക്ഷമാവുകയില്ല. അതുകൊണ്ട് അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണം.
ടൈറ്റാനിയം കമ്പനിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് ആരോപിക്കുന്ന കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പുനരന്വേഷണ റിപ്പോര്‍ട്ട് നാലുമാസത്തിനകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അന്വേഷണം ഫലപ്രദവും നിഷ്‌പക്ഷവും ആകണമെങ്കില്‍ ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ട മന്ത്രിമാരും അധികാരസ്ഥാനങ്ങളില്‍നിന്ന് മാറിനില്‍ക്കണം. 2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയും ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റുമായിരിക്കെ ഉണ്ടായ അഴിമതിയില്‍ മൂന്നുപേര്‍ക്കും പങ്കുണ്ടെന്ന് മന്ത്രിയായിരുന്ന കെ.കെ. രാമചന്ദ്രന്‍മാസ്‌റ്റര്‍ വെളിപ്പെടുത്തിയിരുന്നു. ഈ അഴിമതിയില്‍ കൂട്ടുനില്‍ക്കാത്ത തന്നെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയെന്ന് തെളിവുകള്‍ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനം ഉണ്ടാക്കുന്നതിന്റെ പേരില്‍ നടന്ന വമ്പിച്ച അഴിമതി കൂടുതല്‍ തെളിവുകളോടെ പ്രാഥമികമായി സ്ഥിരീകരിക്കപ്പെടുകയാണ് കോടതി ഉത്തരവിലൂടെ. 30 കോടി രൂപക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശുദ്ധീകരണ പ്ലാന്റിന് പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ അത് പൊളിച്ച് 256 കോടി രൂപയുടെ മാലിന്യ സംസ്‌കരണപദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി പരിശ്രമിച്ചു. സുപ്രീംകോടതി ഏര്‍പ്പെടുത്തിയ മേല്‍നോട്ട സമിതിയുടെ അധ്യക്ഷന്‍ ജി ത്യാഗരാജന് മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി എഴുതിയ രണ്ട് കത്തുകളടക്കം പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം പോലും കിട്ടാതിരിക്കെ, അതുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പദ്ധതിയുടെ കരാര്‍ ഉറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി കാട്ടിയ വ്യഗ്രതയ്‌ക്ക് തെളിവാണ് ആ കത്തുകള്‍. മെക്കോണ്‍ ഇന്ത്യ എന്ന കമ്പനിക്ക് വൈദഗ്‌ധ്യമുണ്ടെന്ന് കാണിച്ച് അവര്‍ക്ക് കരാര്‍ കൊടുക്കാന്‍ മുഖ്യമന്ത്രി മോണിട്ടറിങ് കമ്മിറ്റിക്ക് കത്തെഴുതിയതിനു പിന്നില്‍ ദുരൂഹതയും അഴിമതിയും ഉണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഖജനാവിന് നഷ്ടമുണ്ടായതായും അധികാരദുര്‍വിനിയോഗം നടന്നതായും കണ്ടെത്തി. ഇതിനു തുടര്‍ച്ചയായി വന്നിരിക്കുന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഗുരുതരമായ ഭരണപ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെന്ന നിലയില്‍ ഇടപെട്ടതിന്റെയും ചില പ്രത്യേക വ്യക്തികളോടും സ്ഥാപനങ്ങളോടും അവിഹിത താല്‍പര്യം കാട്ടിയതിന്റെയും തെളിവുകള്‍ പരിഗണിച്ചാണ് വിജിലന്‍സ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായിരിക്കെ ചെന്നിത്തലയും ഈ അഴിമതിയില്‍ പങ്കാളിയായി എന്ന ആക്ഷേപമാണ് വന്നിരിക്കുന്നത്.
പാമോലിന്‍ അഴിമതി സംബന്ധിച്ച അന്വേഷണം വിജിലന്‍സ് ഡയറക്ടറെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയും കൂട്ടരും തകര്‍ത്തിരുന്നു. അതേപറ്റി അന്വേഷിക്കണമെന്ന് പറഞ്ഞ ജഡ്‌ജിക്കെതിരെ ജനാധിപത്യത്തിനും നീതിന്യായ സംവിധാനത്തിനും യോജിക്കുന്ന വിധത്തിലല്ല യുഡിഎഫ് പ്രതികരിച്ചത്. വിജിലന്‍സിനെ തങ്ങളുടെ അഴിമതിക്ക് മറയിടുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്‌തുവരുന്നത്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ട മന്ത്രിമാരും അടിയന്തിരമായി അധികാരം ഒഴിയണമെന്നും സി.ബി.ഐ അന്വേഷണത്തെ നേരിടണം.
തിരുവനന്തപുരം
28.08.2014
***