വിദ്യാര്‍ഥികളില്‍ മോഡി ചിന്ത അടിച്ചേല്‍പിക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ(എം)സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-02.09.2014

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മോഡി ചിന്ത നിര്‍ബന്ധിതമായി അടിച്ചേല്‍പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭരണ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ തെറ്റായ ഉത്തരവ്‌ ആവേശപൂര്‍വം നടപ്പാക്കുന്ന കേരളസര്‍ക്കാര്‍ നടപടി അനുചിതമാണ്‌.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണിക്കൂര്‍ നീളുന്ന പ്രസംഗം അധ്യാപകദിനത്തില്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമായി കേള്‍പ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ കല്‍പ്പന ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതാണ്‌. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നിര്‍ദേശം ആവേശപൂര്‍വം നടപ്പാക്കാന്‍ ഉത്തരവിറക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയാകട്ടെ തികച്ചും വിവേകശൂന്യമാണ്‌. ഭരണഘടനാപരമായി കണ്‍കറന്റ്‌ ലിസ്റ്റിലാണ്‌ വിദ്യാഭ്യാസമെങ്കിലും സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള വിഷയമാണെന്നിരിക്കെ മോഡിസത്തിന്‌ ശക്തിപകരുന്ന നടപടിയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാരില്‍നിന്ന്‌ ഉണ്ടായിരിക്കുന്നത്‌. ഓണപ്പരീക്ഷയ്‌ക്കുശേഷം ഓണം അവധി ക്കായി സ്‌കൂളുകള്‍ അടയ്‌ക്കുന്ന സെപ്‌തംബര്‍ 5-ന്‌ ഉച്ചയ്‌ക്കുശേഷം 3 മുതല്‍ 5 വരെ സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ മോഡിയുടെ പ്രസംഗം നിര്‍ബന്ധമായി കേള്‍ക്കുകയും കാണുകയും ചെയ്‌തിരിക്കണമെന്ന ഉത്തരവ്‌ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ പുറപ്പെടുവിച്ചത്‌ വിചിത്രമാണ്‌. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയും സ്‌കൂള്‍ കുട്ടികളോട്‌ ഇങ്ങനെ നിര്‍ബന്ധിത ഭാഷണം നടത്തിയിട്ടില്ല. സ്വാതന്ത്ര്യദിനത്തിലോ റിപ്പബ്ലിക്‌ ദിനത്തിലോ പ്രധാനമന്ത്രിമാര്‍ രാജ്യത്തെ അഭിസംബോധന ചെയ്യാറുണ്ട്‌. ചിലപ്പോള്‍ യുദ്ധകാലഘട്ടങ്ങളിലും അങ്ങനെ ചെയ്യുന്നുണ്ട്‌. പക്ഷേ, അതെല്ലാം മറികടന്ന്‌ ദേശവ്യാപകമായി സ്‌കൂള്‍ കുട്ടികളോട്‌ മണിക്കൂര്‍ നീണ്ട പ്രസംഗം അടിച്ചേല്‍പിക്കാന്‍ നരേന്ദ്രമോഡിക്ക്‌ തോന്നിയത്‌ കടുംകൈയാണ്‌. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗിക്കുന്നത്‌ കേള്‍പ്പിക്കാനും കാണിക്കാനും മാത്രമല്ല അത്‌ പരിഭാഷപ്പെടുത്തിക്കൊടുക്കാനുള്ള ചുമതല കൂടി സ്‌കൂള്‍ നിര്‍വഹിക്കണമെന്ന്‌ സംസ്ഥാന വിദ്യാഭ്യാസവകുപ്പ്‌ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുകയാണ്‌. ദൂരദര്‍ശനും ആകാശവാണിയും പ്രക്ഷേപണംചെയ്യുന്ന മോഡിയുടെ പ്രസംഗം വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ച്‌ സ്‌കൂളുകളില്‍ കാണിക്കാനും ഇതിന്‌ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ റേഡിയോയിലൂടെ കേള്‍പ്പിക്കാനും സൗകര്യം കുറവായ സ്‌കൂളുകളിലെ കുട്ടികളെ സൗകര്യമുള്ള സ്‌കൂളുകളിലേക്ക്‌ എത്തിക്കാനുമുള്ള കേരള വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്‌ `രാജാവിനെക്കാള്‍ വലിയ രാജഭക്തി'യുടെ പ്രകടനമാണെന്ന്‌ പിണറായി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഉപരാഷ്ട്രപതിയും പിന്നീട്‌ രാഷ്ട്രപതിയുമായിരുന്ന വിദ്യാഭ്യാസചിന്തകന്‍ ഡോ. സര്‍വ്വേപള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി ഇതുവരെ ആചരിച്ചുവന്നതിന്റെ പേര്‌ തന്നെ തിരുത്തി `ഗുരു ഉത്സവ്‌' എന്നാക്കിയതില്‍ മോഡി സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടയുണ്ട്‌. ആ അജണ്ടയുടെ പ്രചാരണ പ്രസംഗമായിരിക്കും മോഡി നടത്തുക. വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ അധികാരപരിധിയിലാണെന്നിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നിര്‍ദേശം കൂടുതല്‍ ആവേശത്തോടെ നടപ്പാക്കാനുള്ള ഉത്തരവ്‌ സംസ്ഥാന വിദ്യാഭ്യാസവകുപ്പ്‌ പുറപ്പെടുവിച്ചത്‌ വിവേകരാഹിത്യമാണ്‌. ഭരണകേന്ദ്രീകരണവും ഏകാധിപത്യവും ഹിന്ദുത്വവര്‍ഗീയതയും 100 ദിന ഭരണത്തിലൂടെ തെളിയിച്ചിരിക്കുന്ന മോഡിയുടെ കാവിരാഷ്ട്രീയത്തിന്റെ ഇരകളാക്കി സ്‌കൂള്‍ കുട്ടികളെ മാറ്റാനുള്ള പരിശ്രമം അപലപനീയമാണ്.

തിരുവനന്തപുരം
02.09.2014

***