ജുഡീഷ്യറിയിലെ പരമോന്നത പദവിയില്‍ സേവനമനുഷ്‌ഠിച്ചവരെ സംസ്ഥാന ഗവര്‍ണര്‍മാരായി നിയമിക്കുന്നതിനെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന-02.09.2014
ഇന്ത്യന്‍ ജുഡീഷ്യറിയിലെ പരമോന്നത പദവിയില്‍ സേവനമനുഷ്‌ഠിച്ചവരെ സംസ്ഥാന ഗവര്‍ണര്‍മാരായി നിയമിക്കുന്നത് ഭരണഘടനയോടുള്ള അനാദരവും അനൗചിത്യവുമാണ്. ന്യായാധിപന്മാരെ പ്രലോഭനങ്ങളില്‍ കുടുക്കാതെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നത് പൊതുവില്‍ അംഗീകരിക്കുന്ന തത്വമാണ്. ഇതിനുവിരുദ്ധമായി റിട്ടയര്‍ ചെയ്‌ത ന്യായാധിപന്മാരെ വിവിധ അധികാരസ്ഥാനങ്ങളില്‍ അവരോധിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നയിച്ച മുന്‍ സര്‍ക്കാരുകളും മുന്നോട്ടുവന്നിട്ടുണ്ട്. ഇപ്പോള്‍ ഗവര്‍ണര്‍ പദവിയിലേക്ക് മുന്‍ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസിനെ നിയമിക്കുന്നത് കീഴ്‌വഴക്കങ്ങളുടെ ലംഘനവും നീതിപീഠത്തിന്റെ അന്തസ്സ് ഇടിക്കുന്നതുമായിരിക്കുമെന്ന ഉല്‍ക്കണ്‌ഠ ബാര്‍ കൗണ്‍സില്‍ പോലും പ്രകടിപ്പിച്ചിരിക്കുകയാണ്. രാഷ്‌ട്രപതിയെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്ന ചീഫ് ജസ്‌റ്റിസായിരുന്ന വ്യക്തി സംസ്ഥാന ഗവര്‍ണര്‍ ആകുമ്പോള്‍ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് അസുഖകരമായ രംഗമാകുമെന്ന് നീതിന്യായ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത് ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്.
ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തില്‍ വരുന്ന മന്ത്രിസഭകള്‍ക്കുമേല്‍ ജനാധിപത്യപ്രക്രിയയിലൂടെ അല്ലാതെ നാമനിര്‍ദേശം ചെയ്യപ്പെട്ട് വരുന്ന ഗവര്‍ണര്‍ എന്ന പദവി വേണോ എന്ന ചിന്ത സജീവമാകേണ്ട ഘട്ടമാണിത്. കേന്ദ്രത്തിലെ ഭരണമാറ്റത്തിനൊപ്പിച്ച് ഗവര്‍ണര്‍മാരെ കൂട്ടത്തോടെ മാറ്റിപ്രതിഷ്‌ഠിക്കുന്നതും ഒഴിവാക്കുന്നതും പതിവായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും സ്ഥാനം നഷ്ടപ്പെടുകയും ചെയ്യുന്ന രാഷ്‌ട്രീയ നേതാക്കളെ പുനരധിവസിപ്പിക്കാനുള്ള അധികാരസ്ഥാനമായി കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഗവര്‍ണര്‍ സ്ഥാനത്തെ ഉപയോഗിക്കുന്നുണ്ട്. ഇപ്രകാരം പ്രതിഷ്‌ഠിക്കപ്പെടുന്ന ഗവര്‍ണര്‍മാരെ ഉപയോഗിച്ച്, ജനങ്ങളുടെ മൗലിക താല്‍പര്യങ്ങള്‍ക്കും ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനും വിരുദ്ധമായ ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്. ഈ പശ്‌ചാത്തലത്തില്‍ ഗവര്‍ണര്‍ പദവിയിലേക്ക് സുപ്രീംകോടതിയിലെ മുന്‍ ചീഫ് ജസ്‌റ്റിസിനെ നിയമിക്കുന്നത് അഭംഗിയും നീതിന്യായ സംവിധാനത്തെ തരംതാഴ്‌ത്തുന്നതുമാവും.
തിരുവനന്തപുരം
02.09.2014
***