മംഗള്‍യാന്‍ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്‌ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന

ഇന്ത്യ ദീര്‍ഘകാലമായി തുടരുന്ന ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ അഭിമാനാര്‍ഹമായ വിജയമാണ്‌ ഇത്‌. ഭൂമിയില്‍നിന്നും 22.44 കോടി കിലോമീറ്റര്‍ അകലെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കാന്‍ ആദ്യ ദൗത്യത്തില്‍ തന്നെ വിജയകരമായി എത്തിക്കാന്‍ കഴിഞ്ഞു എന്നത്‌ ഇന്ത്യക്കാര്‍ക്ക്‌ അഭിമാനത്തിന്‌ വകയേകുന്നതാണ്‌. ഐ.എസ്‌.ആര്‍.ഒയുടെ അഭിമാനനേട്ടത്തിന്‌ കേരളത്തിലെ യൂണിറ്റുകളും ശാസ്‌ത്രജ്ഞരും ജീവനക്കാരും വിലപ്പെട്ട സംഭാവന നല്‍കിയിട്ടുണ്ട്‌. ചൊവ്വയെപ്പറ്റി അസംബന്ധജടിലമായ ജ്യോതിഷ വിശ്വാസങ്ങള്‍ ഏറെ പ്രചാരത്തിലുണ്ട്‌. ഈ അന്ധവിശ്വാസങ്ങള്‍ക്ക്‌ തടയിടാന്‍ വലിയൊരവോളം മംഗള്‍യാന്റെ വിജയം ഉപകരിക്കും. ചൊവ്വയില്‍ ജീവന്റെ ലക്ഷണമുണ്ടോ എന്ന പരീക്ഷണത്തില്‍ വിലപ്പെട്ട വിവരങ്ങള്‍ മംഗള്‍യാന്‍ ആരായുന്നുണ്ടെന്ന്‌ ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ നേട്ടമുണ്ടാകും എന്ന്‌ നമുക്ക്‌ ആശിക്കാം. ഇന്ത്യന്‍ സമൂഹത്തില്‍ ശാസ്‌ത്ര അഭിനിവേശം വളര്‍ത്താന്‍ ചൊവ്വ ദൗത്യവിജയത്തെ പ്രയോജനപ്പെടുത്തണം. മംഗള്‍യാന്റെ ചരിത്രവിജയത്തിന്‌ ശില്‍പ്പികളായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞരെ രാഷ്‌ട്രം ഒരേ മനസ്സോടെ അഭിനന്ദിക്കുകയാണ്.

തിരുവനന്തപുരം
24.09.2014

***