സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-30.09.2014

തിരുവനന്തപുരത്ത്‌ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ ആഎഎസ്‌ കൊടുംക്രിമിനലും കൊലക്കേസ്‌ പ്രതിയുമായ കൈതമുക്ക്‌ സ്വദേശി സന്തോഷ്‌ തലപ്പാവണിയിച്ച്‌ സ്വീകരിച്ച നടപടി, ബി.ജെ.പിയുടെ മുഖംമൂടി പിച്ചിച്ചീന്തിയിരിക്കുകയാണ്‌. ഇസെഡ്‌ കാറ്റഗറി സുരക്ഷയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച്‌ സ്വീകരിക്കാന്‍ ഒരു കൊലക്കേസിലെ ഒന്നാം പ്രതിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഒരാളെ അനുവദിച്ച സംസ്ഥാന പോലീസിന്റെ നടപടി അപമാനകരമാണ്‌. സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും ആര്‍.എസ്‌.എസും തമ്മിലുള്ള ബന്ധം തുറന്നുകാണിക്കുന്നതാണ്‌ ഈ നടപടി. കതിരൂരില്‍ വധിക്കപ്പെട്ട ആര്‍.എസ്‌.എസുകാരന്‍ മനോജിന്റെ വീട്‌ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ വന്ന രാജ്‌നാഥ്‌ സിംഗ്‌, തിരുവനന്തപുരത്ത്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോഴാണ്‌, അപകമാനകരമായ ഈ സംഭവം നടന്നത്‌. എസ്‌.പി.ജി കമാണ്ടോകളും സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെയാണ്‌ കൊലക്കേസ്‌ പ്രതി സന്തോഷ്‌, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സമീപത്തേക്ക്‌ ചെല്ലുന്നത്‌. ബി.ജെ.പിയുടെയും ആര്‍.എസ്‌.എസിന്റെയും സംസ്ഥാന നേതാക്കളോടൊപ്പമാണ്‌ സന്തോഷ്‌ സ്ഥലത്ത്‌ എത്തിയത്‌. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആഭ്യന്തരമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്താല്‍ എസ്‌.പി.ജി അനുമതി നല്‍കിയ പട്ടികയില്‍ സന്തോഷ്‌ ഇല്ലായിരുന്നു. ബി.ജെ.പി സംസ്ഥാന വക്താവ്‌ മുന്‍കൈയെടുത്താണ്‌ സന്തോഷിനെ രാജ്‌നാഥ്‌ സിംഗിന്റെ അടുക്കലെത്തിച്ചത്‌. സംസ്ഥാന പോലീസ്‌ മേധാവികള്‍ ഇതിന്‌ കൂട്ടുനിന്നത്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും ബി.ജെ.പി-ആര്‍.എസ്‌.എസ്‌ ശക്തികളും തമ്മിലുള്ള ബന്ധം കണക്കിലെടുത്താണ്‌. തിരുവനന്തപുരം പാസ്‌പോര്‍ട്ട്‌ ഓഫീസിനു സമീപം പട്ടാപ്പകല്‍ ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌, സി.പി.ഐ (എം) പ്രവര്‍ത്തകന്‍ വിഷ്‌ണുവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ്‌ സന്തോഷ്‌. ആര്‍.എസ്‌.എസ്‌ നേതൃത്വത്തില്‍ നടന്ന മറ്റ്‌ നിരവധി അക്രമസംഭവങ്ങളിലെ കേസുകളിലും സന്തോഷ്‌ പ്രതിയാണ്‌. സംസ്ഥാനത്ത്‌ സമാധാനദൂതുമായി എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയത്‌, ഒരു കൊടും ക്രിമിനലാണ്‌ എന്നത്‌ കക്ഷിരാഷ്‌ട്രീയഭേദമന്യേ എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്‌. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിലുടനീളം ആര്‍.എസ്‌.എസ്‌ ക്രിമിനലുകളായ ഒരു സംഘമാണ്‌ പിന്തുടര്‍ന്നിരുന്നത്‌. സുരക്ഷിതത്വത്തില്‍ കേന്ദ്ര-സംസ്ഥാന സേനാംഗങ്ങളേക്കാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി വിശ്വാസമര്‍പ്പിച്ചത്‌ ആര്‍.എസ്‌.എസ്‌ സംരക്ഷണ സംഘത്തിലാണ്‌ എന്നത്‌ അത്യന്തം ഗൗരവമുള്ളതാണ്‌. ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ക്ക്‌ ആയുധങ്ങള്‍ സംഭരിക്കാനും അക്രമം നടത്താനും ധൈര്യം പകരുന്നതാണ്‌ രാജ്‌നാഥ്‌ സിംഗിന്റെ നടപടി. കതിരൂര്‍ മനോജ്‌ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം സി.പി.ഐ (എം) ന്റെ തലയില്‍ വച്ചുകെട്ടാന്‍ വെമ്പല്‍കൊള്ളുന്ന രമേശ്‌ ചെന്നിത്തല, ആര്‍.എസ്‌.എസിന്റെ വിനീത ദാസനെപ്പോലെയാണ്‌ പെരുമാറുന്നത്‌. മനോജ്‌ വധക്കേസിലെ എഫ്‌.ഐ.ആറില്‍ യു.എ.പി.എയിലെ വകുപ്പുകള്‍ ചേര്‍ത്തത്‌ ആര്‍.എസ്‌.എസിനെ സന്തോഷിപ്പിക്കാനാണ്‌. കതിരൂര്‍ കേസില്‍ യു.എ.പി.എ ചുമത്തിയത്‌ വിവരക്കേടാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിക്കുപോലും പറയേണ്ടിവന്നു. ഇതിനു പുറമെ, കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കാനും രമേശ്‌ ചെന്നിത്തല ധൃതി കാണിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ്‌ സി.ബി.ഐ കേസ്‌ ഏറ്റെടുക്കാന്‍ സന്നദ്ധമായത്‌. മാറാട്‌ 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിലെ ഗൂഢാലോചന സി.ബി.ഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശ തള്ളിക്കളഞ്ഞവരാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍. ഇപ്പോള്‍ ബി.ജെ.പിക്കു മുമ്പില്‍, വിനീതദാസനായി നില്‍ക്കുന്ന രമേശ്‌ ചെന്നിത്തല എന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന്‌ അപമാനമാണ്‌. കേന്ദ്ര ആഭ്യന്തരമന്ത്രി കൊടും ക്രിമിനലുകള്‍ക്ക്‌ സ്വീകരണം നല്‍കാന്‍ അവസരം നല്‍കിയ സംഭവത്തെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അപലപിക്കുന്നു. ഒരു കൊലക്കേസില്‍ ഒന്നാം പ്രതിയായ കൊലയാളിയെ, അതീവ സുരക്ഷയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സമീപത്തെത്താന്‍ ഒത്താശ ചെയ്‌ത സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ നടപടി നിയമവിരുദ്ധമാണ്‌. ഈ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി, ഗുരുതരമായ കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം
30.09.2014
 

***