മരുന്ന് വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ജനങ്ങളെ മരണത്തിലേക്ക്‌ തള്ളിവിടുന്ന മരുന്നുവില വര്‍ദ്ധനവ്‌ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണം. 108 ഇനം മരുന്നുകള്‍ക്കുള്ള വില നിയന്ത്രണം ഒറ്റയടിക്ക്‌ മോഡി സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുകയാണ്‌. ഇതിന്റെ ഫലമായി അര്‍ബുദ ചികിത്സയ്‌ക്കുള്ള മരുന്നിന്റെ വില 8,500 രൂപയില്‍ നിന്നും 1.08 ലക്ഷം രൂപയിലേക്ക്‌ വര്‍ദ്ധിച്ചു. ഇങ്ങനെ 12 ഇരട്ടി വരെ വില ജീവന്‍രക്ഷാ മരുന്നുകള്‍ക്കടക്കം കൂട്ടി രോഗികളുടെ ജീവന്‍ പന്താടുകയാണ്‌. മോഡിയുടെ അമേരിക്കന്‍ യാത്ര ഈ ജനദ്രോഹത്തിന്‌ കൂട്ടായി. മോഡി-ഒബാമ കൂടിക്കാഴ്‌ചയിലെടുത്ത തീരുമാനം അമേരിക്കന്‍ മരുന്നുകമ്പനികളെ സഹായിക്കുന്നതാണ്‌. ഇതുവഴി ഇന്ത്യ-യു.എസ്‌ വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബൗദ്ധിക സ്വത്തവകാശ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള ഉഭയകക്ഷി സമിതി ഉണ്ടാക്കും എന്നാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഇത്‌ ഇന്ത്യന്‍ പേറ്റന്റ്‌ നിയമസംവിധാനത്തെ ദുര്‍ബലമാക്കും. ഇന്ത്യ-യു.എസ്‌ വ്യാപാര സഹകരണ കരാര്‍ മെച്ചപ്പെടുത്തേണ്ടത്‌ ഇന്ത്യയിലെ രോഗബാധിതരായ ജനകോടികളെ കൊള്ളയടിച്ചുകൊണ്ടാകരുത്‌. ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ്‌ അതോറിറ്റിയുടെ മരുന്നുകളുടെ നിയന്ത്രണാധികാരം എടുത്തുകളഞ്ഞ മോഡി സര്‍ക്കാരിന്റെ നടപടിയാണ്‌ ഇപ്പോഴത്തെ മരുന്നുവില കൊള്ളയ്‌ക്ക്‌ ഒരു മുഖ്യ കാരണം. ഇതിലൂടെ ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക്‌ ഇന്ത്യയില്‍നിന്ന്‌ പ്രതിവര്‍ഷം 8000 കോടിയിലേറെ രൂപയുടെ അധികലാഭം ലഭിക്കുമെന്നാണ്‌ കണക്ക്‌. യു.പി.എ സര്‍ക്കാരിന്റെ ഔഷധ നയവും ജനങ്ങള്‍ക്ക്‌ ദോഷകരമായിരുന്നു. മാര്‍ക്കറ്റ്‌ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുന്നതിനുപകരം ഉല്‍പ്പാദനച്ചെലവ്‌ കണക്കാക്കി വില നിശ്ചയിക്കുന്ന നയം വേണം. ഔഷധ ചേരുവകള്‍ക്ക്‌ ഇന്ന്‌ വിലനിയന്ത്രണമില്ല. അശാസ്‌ത്രീയമായ ഔഷധ ചേരുവകള്‍ നിരോധിക്കുകയും വൈദ്യശാസ്‌ത്രപരമായി നീതീകരിക്കുന്ന ഔഷധ ചേരുവകള്‍ക്ക്‌ വിലനിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം. മരുന്നുവില വര്‍ദ്ധനയ്‌ക്കെതിരെ രാഷ്‌ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ശബ്‌ദമുയര്‍ത്തം. മോഡി സര്‍ക്കാര്‍ ജനവിരുദ്ധ നയം ഔഷധമേഖലയില്‍ നടപ്പാക്കുമ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ കൂട്ടുപ്രതിയായിരിക്കുകയാണ്‌. പൊതുമേഖലാ മരുന്നു നിര്‍മ്മാണ കമ്പനിയായ കേരളാ സ്റ്റേറ്റ്‌ ഡ്രഗ്‌സ്‌ & ഫാര്‍മസ്യൂട്ടിക്കല്‍സിനെ കൂടുതല്‍ സജീവമാക്കി മരുന്നു വിപണിയില്‍ ഇടപെടുകയാണ്‌ വേണ്ടത്‌. എന്നാല്‍, ഈ കമ്പനിയില്‍ നിന്നും കേരള മെഡിക്കല്‍ സര്‍വ്വീസ്‌ കോര്‍പ്പറേഷന്‍ വാങ്ങിയ കോടിക്കണക്കിനു രൂപയുടെ മരുന്നിന്റെ വില കമ്പനിക്ക്‌ കൊടുക്കാതെ സംസ്ഥാന പൊതുമേഖലയിലെ മരുന്നുനിര്‍മ്മാണ കമ്പനിയെ തകര്‍ച്ചയിലേക്ക്‌ തള്ളുകയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍. പൊള്ളുന്ന മരുന്നുവില വര്‍ദ്ധനയ്‌ക്ക്‌ അടിയന്തര പരിഹാരം വേണമെന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്‌ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം
09.10.2014
***