ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ സോളാര്‍ തട്ടിപ്പുകേസിനെ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്‌മൂലം:സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സോളാര്‍ തട്ടിപ്പുകേസ്‌ കേവലം വഞ്ചനാകേസ്‌ മാത്രമാണെന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ സത്യവാങ്‌മൂലം സത്യവിരുദ്ധവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. സംസ്ഥാനത്തെ ഞെട്ടിച്ച സോളാര്‍ സാമ്പത്തിക തട്ടിപ്പിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്‌. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സഹായികള്‍ക്കും ഓഫീസിനും മന്ത്രിമാര്‍ക്കുമടക്കം പങ്കാളിത്തമുള്ള വന്‍തട്ടിപ്പുകേസാണിത്‌. 10,000 കോടി രൂപയുടെ തട്ടിപ്പാണ്‌ ആസൂത്രണം ചെയ്‌തതെന്നും മുഖ്യമന്ത്രിയുടെ ആഫീസുള്‍പ്പെടെ വന്‍സ്രാവുകള്‍ തട്ടിപ്പിന്‌ പിന്നിലുണ്ടെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഭരണപക്ഷ ചീഫ്‌വിപ്പ്‌തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ നിരാകരിക്കുന്ന വസ്‌തുതകളൊന്നും ഇതുവരെ മുഖ്യമന്ത്രി നാടിനെ ബോധ്യപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫിലുണ്ടായിരുന്ന ടെനി ജോപ്പനും സലിംരാജും ഉള്‍പ്പെടെ നിരവധിപേര്‍ക്ക്‌ തട്ടിപ്പുകേസില്‍ പങ്കാളിത്തമുണ്ടെന്ന്‌ ഇതിനകം വ്യക്തമായി. സോളാര്‍ കേസിലെ പ്രതികളായ ബിജു രാധാകൃഷ്‌ണന്‍, സരിത നായര്‍ എന്നിവര്‍ക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായുമുള്ള ബന്ധമാണ്‌ വന്‍ സാമ്പത്തിക തട്ടിപ്പിന്‌ ഉപയോഗിച്ചത്‌. ഇങ്ങനെ സൗരോര്‍ജ്ജതട്ടിപ്പിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നത്‌ പകല്‍പോലെ വ്യക്തമാണ്‌. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി അധികാരസ്ഥാനത്തുനിന്ന്‌ മാറിനിന്ന്‌ സിറ്റിങ്‌ ഹൈക്കോടതി ജഡ്‌ജി അന്വേഷിക്കുകയായിരുന്നു വേണ്ടത്‌. അതിനാലാണ്‌ പ്രതിപക്ഷം ഇപ്പോഴത്തെ ജുഡീഷ്യല്‍ അന്വേഷണത്തോട്‌ വിയോജിച്ചത്‌. പക്ഷെ സംസ്ഥാന ഖജനാവിന്റെ പണം ചെലവഴിച്ച്‌ നടത്തുന്ന പരസ്യാന്വേഷണത്തില്‍ നാട്‌ അംഗീകരിക്കുന്ന നീതിയോടുകൂടിയ നിലപാട്‌ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്‌. തട്ടിപ്പുകാരുടെ സൗരോര്‍ജ്ജ പ്ലാന്റ്‌ പദ്ധതി എമര്‍ജിംഗ്‌ കേരളയിലുള്‍പ്പെടുത്താന്‍ ശുപാര്‍ശക്കത്ത്‌ മുഖ്യമന്ത്രി നല്‍കിയതും മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ തട്ടിപ്പുനടന്നതും തട്ടിപ്പുസംഘത്തലവനുമായി കൊച്ചി ഗസ്‌റ്റ്‌ഹൗസില്‍ മുഖ്യമന്ത്രി ഒരുമണിക്കൂര്‍ ചര്‍ച്ച ചെയ്‌തതുമെല്ലാം ഇതിനകം പുറത്തുവന്ന വസ്‌തുതകളാണ്‌. സ്വയം രക്ഷപ്പെടാനും കൂട്ടുകുറ്റവാളികളെ രക്ഷപ്പെടുത്താനും കേരളത്തിന്റെ ഭരണാധികാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുരുപയോഗപ്പെടുത്തി. തട്ടിപ്പുകാര്‍ക്കും അവര്‍ക്ക്‌ കൂട്ടുനിന്നവര്‍ക്കുമെതിരെ തെളിവുകള്‍ പ്രളയംപോലെ പ്രവഹിക്കുമ്പോഴും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ സത്യവിരുദ്ധമായ ന്യായവാദങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്‌. നീതിപൂര്‍വമായ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉമ്മന്‍ചാണ്ടി രാജിവെച്ച്‌ മാറിനില്‍ക്കണമെന്ന പ്രതിപക്ഷ നിലപാടിനെ സാധൂകരിക്കുന്നതാണ്‌ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ കൊടുത്തിരിക്കുന്ന സര്‍ക്കാരിന്റെ സത്യവാങ്‌മൂലം

തിരുവനന്തപുരം
15.10.2014

***