കാസര്‍കോട് കുമ്പളയിലെ സി.പി.ഐ (എം) പ്രവര്‍ത്തകന്‍ പി. മുരളിയുടെ കൊലപാതകക്കേസ് അന്വേഷണത്തില്‍ സംസ്ഥാന പൊലീസ് അലംഭാവം കാട്ടുകയാണ്. ബിജെപി-ആര്‍എസ്‌എസ് സംഘം നിഷ്‌ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെയും ഗൂഢാലോചന നടത്തിയ കുറ്റവാളികളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. എന്നാല്‍, മോഡി സര്‍ക്കാരിനെയും ആര്‍എസ്‌എസിനെയും തൃപ്‌തിപ്പെടുത്താന്‍ വേണ്ടി കേസ് അന്വേഷണം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. നിഷ്‌പക്ഷമായി നീതിനിര്‍വഹണം നടത്തുന്നതിനല്ല പൊലീസിനെ ഉപയോഗിക്കുന്നത്. ആര്‍എസ്‌എസ് മനസ്സുള്ള രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും മോഡി സര്‍ക്കാരിനോട് അമിതവിധേയത്വം കാണിക്കുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും ആയിരിക്കുമ്പോള്‍ കൊലപാതക രാഷ്‌ട്രീയം തുടരുന്നതിന് സംഘപരിവാറിന് ധൈര്യവും സ്വാതന്ത്ര്യവും ലഭിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ഒരു സംഘര്‍ഷവും ഇല്ലാതിരിക്കെ സി.പി.ഐ (എം) ന്റെയും ഡിവൈഎഫ്‌ഐയുടെയും സജീവ പ്രവര്‍ത്തകനായ പി. മുരളിയെ പട്ടാപ്പകല്‍ നടുറോഡിലിട്ട് സംഘംചേര്‍ന്ന് എത്തിയ ആര്‍എസ്‌എസ്-ബിജെപി ക്രിമിനലുകള്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മുരളിക്കെതിരെ നേരത്തെയും കാവിസംഘം ആക്രമണം നടത്തിയിരുന്നു. ഭാര്യയും എട്ടുമാസം പ്രായമുള്ള കുഞ്ഞുമുള്ള യുവാവിനെ വകവരുത്തി നാടിന്റെ സമാധാന ജീവിതത്തിന് ഭംഗം വരുത്താനാണ് ആര്‍എസ്‌എസ്- ബിജെപി ഉദ്യമം. സംഘപരിവാറിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തി ജനാധിപത്യപരമായും സമാധാനപരമായും പ്രതിഷേധിക്കാന്‍ എല്ലാ മനുഷ്യസ്‌നേഹികളോടും പിണറായി പ്രസ്‌താവനയില്‍ അഭ്യര്‍ഥിച്ചു. ആര്‍എസ്‌എസിന്റെ കൊലപാതക രാഷ്‌ട്രീയത്തിനും അതിനു ചൂട്ടുപിടിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിനും എതിരെ അതിശക്തമായ പ്രതിഷേധം നാട്ടിലാകെ അടിക്കണം. അതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും നവംബര്‍ 6-ന് വൈകുന്നേരം പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളും മുന്നോട്ടുവരണം. സി.പി.ഐ (എം) പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല എല്ലാ ജനാധിപത്യവാദികളും മനുഷ്യസ്‌നേഹികളും ഇത് വിജയിപ്പിക്കാന്‍ അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കതിരൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ മോഡി സര്‍ക്കാരിനെയും ആര്‍എസ്‌എസിനെയും പ്രീതിപ്പെടുത്തുന്നതിനുവേണ്ടി യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഈ വേളയില്‍ ഓര്‍ക്കേണ്ടതാണ്. ദേശദ്രോഹികളായ തീവ്രവാദികളെ കൈകാര്യം ചെയ്യാനായി കേന്ദ്രം കൊണ്ടുവന്ന ഏറെ വിവാദമായ യുഎപിഎ എന്ന കരിനിയമം കേസില്‍ പ്രതിചേര്‍ത്തവര്‍ക്കെതിരെ പൊലീസ് ചുമത്തി. കതിരൂര്‍ കേസ് പൊടുന്നനെ സിബിഐക്ക് വിടുകയും കേന്ദ്ര സര്‍ക്കാര്‍ അതുപ്രകാരം സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു. എന്നാല്‍, മുരളി വധക്കേസ് അന്വേഷണത്തില്‍ തികച്ചും തണുപ്പന്‍ സമീപനമാണ് കേരള സര്‍ക്കാരിന്റേത്. മതേതരമൂല്യങ്ങളോടുള്ള പ്രതിബദ്ധതയോ, കൊലപാതക രാഷ്‌ട്രീയത്തോടുള്ള വിപ്രതിപത്തിയോ അല്ല, കമ്യൂണിസ്റ്റ് വിരോധമാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേരളത്തിലെ ഭരണത്തെ നയിക്കുന്നതെന്ന് ഈ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.
തിരുവനന്തപുരം
29.10.2014
***