സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-02.11.2014

ബാര്‍ കോഴ ഇടപാടില്‍ വിജിലന്‍സ്‌ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ ധനമന്ത്രി കെ.എം. മാണി അടിയന്തരമായി മന്ത്രിസ്ഥാനത്തുനിന്ന്‌ മാറിനില്‍ക്കണം. ബാര്‍ തുറക്കുന്നതിന്‌ ഒരു കോടി രൂപ മാണിക്ക്‌ കൈക്കൂലി നല്‍കി എന്ന കേരള ബാര്‍ ഹോട്ടല്‍സ്‌ അസോസിയേഷന്‍ വര്‍ക്കിംഗ്‌ പ്രസിഡന്റിന്റെ ആരോപണം വിജിലന്‍സ്‌ അന്വേ ഷിക്കുമെന്നും ഇതിന്‌ വിജിലന്‍സ്‌ ഡയറക്‌ടറെ ചുമതലപ്പെടുത്തി എന്നും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല വ്യക്തമാക്കിയിരിക്കുകയാണ്‌. ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നും ആക്ഷേപ വിഷയത്തില്‍ താന്‍ കക്ഷിയായതുകൊണ്ട്‌ ഇക്കാര്യം തനിക്കറിയാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതിനു പിന്നാലെയാണ്‌ വിജിലന്‍സ്‌ അന്വേഷണ പ്രഖ്യാപനം വന്നിരിക്കുന്നത്‌. കോഴ ഇടപാടില്‍ വസ്‌തുതയും അടിസ്ഥാനവും ഉണ്ടെന്ന്‌ സര്‍ക്കാര്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയതുകൊണ്ടാവണം അന്വേഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. അതിനാല്‍, മാണി മന്ത്രിസ്ഥാനത്ത്‌ തുടര്‍ന്നുകൊണ്ട്‌ വിജിലന്‍സ്‌ അന്വേഷണം നേരിടുന്നത്‌ ഭൂഷണമല്ല. എത്രയും വേഗം മന്ത്രിസ്ഥാനം ഒഴിയാന്‍ അദ്ദേഹം തയ്യാറാകണം. അല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നും മുഖ്യമന്ത്രി പുറത്താക്കണം.
ബാര്‍ കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും എക്‌സൈസ്‌ മന്ത്രി കെ. ബാബുവിന്റെയും പങ്കാളിത്തം അഴിമതി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. ബാര്‍ കോഴ ഇടപാട്‌ പുറത്തുവന്നതോടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫ്‌ സര്‍ക്കാരിന്റെ മുഖം ഒന്നുകൂടി കരിവാളിച്ചിരിക്കുകയാണ്‌. അധികാരവും സ്ഥാനവും നിലനിര്‍ത്തുന്നതിനുവേണ്ടി നിയമത്തേയും നീതിയേയും ഭരണസംവിധാനത്തേയും അട്ടിമറിക്കുന്നതില്‍ ഒരു മനഃസാക്ഷിക്കുത്തും കാണിക്കാത്ത ആളാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരായി വന്ന പാമോലിന്‍ കേസിനെ അട്ടിമറിക്കാന്‍ വിജിലന്‍സിനേയും ഭരണസംവിധാനത്തേയും ദുരുപയോഗം ചെയ്‌തതിലൂടെ കേരളജനതയ്‌ക്ക്‌ ഇക്കാര്യം ബോധ്യമായതാണ്‌. അതുകൊണ്ടുതന്നെ, അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനുവേണ്ടി ബാര്‍ കോഴക്കേസിലും വിജിലന്‍സിനെ കളിപ്പാട്ടമാക്കി മാറ്റാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ ഒരു കൂസലുമുണ്ടാവില്ല. മന്ത്രിമാരുമായി ബന്ധപ്പെട്ട്‌ 15 കോടി രൂപയുടെ അഴിമതി ഇടപാട്‌ നടന്നു എന്ന്‌ ബാര്‍ ഉടമകളുടെ പ്രതിനിധികള്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകള്‍ ശേഖരിക്കാനും നിഷ്‌പക്ഷവും നീതിപൂര്‍വ്വകവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കഴിയണം. വിജിലന്‍സിനെ ഉപയോഗിച്ച്‌ അന്വേഷണ പ്രഹസനം നടത്താനും ഭരണമുന്നണിയിലെ രാഷ്‌ട്രീയ പ്രതിസന്ധിക്ക്‌ താല്‍ക്കാലികമായി ശമനം ഉണ്ടാക്കാനുമുള്ള ലാക്ക്‌ യു.ഡി.എഫ്‌ സര്‍ക്കാരിനുണ്ടാവും. നീതിപൂര്‍വ്വമായ അന്വേഷണത്തിനുവേണ്ടി ശക്തമായ ബഹുജനശബ്‌ദം ഉയരണം.

തിരുവനന്തപുരം
02.11.2014