റബ്ബര്‍ വിലയിടിവ്‌ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

റബ്ബര്‍ വിലയിടിവ്‌ കാരണം ദുരിതത്തിലായ റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ബാര്‍ ഉടമകളില്‍ നിന്നടക്കം ഗുണ്ടാപിരിവ്‌ നടത്തുന്നതില്‍ വ്യാപൃതരായിരിക്കുന്നതിനാല്‍ റബ്ബര്‍ കര്‍ഷകര്‍ നട്ടം തിരിയുകയാണ്‌. ആഗോളതലത്തിലെ റബ്ബര്‍ വിലയിടവിന്റെ മറവിലാണ്‌ ഇവിടുത്തെ കര്‍ഷകരെ ദ്രോഹിക്കുന്നത്‌. റബ്ബര്‍ വിലയിടിവ്‌ തടയുന്നതിന്‌ സ്വാഭാവിക റബ്ബറിന്റെ ഉള്‍പ്പെടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കണം. ആഭ്യന്തര റബ്ബര്‍ വില കുത്തനെ ഇടിയാന്‍ കാരണമായിരിക്കുന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയമാണ്‌. ഇത്‌ തിരുത്തിക്കുന്നതിന്‌ യു.പി.എ സര്‍ക്കാരിന്റെ കാലം മുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ കഴിയുന്നില്ല. ഒന്നരവര്‍ഷം മുമ്പ്‌ 280 രൂപ വിലയുണ്ടായിരുന്ന റബ്ബറിന്‌ ഇന്ന്‌ 116 രൂപയാണ്‌. ഇതിനാല്‍ റബ്ബര്‍ കൃഷി ഉപജീവനമാര്‍ഗമായ 80 ലക്ഷത്തോളം പേരുടെ ജീവിതം കഷ്‌ടപ്പാടിലാണ്‌. 100 രൂപയ്‌ക്ക്‌ റബ്ബര്‍ വില്‍ക്കേണ്ടിവരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ്‌. ഉല്‍പാദനചെലവ്‌ പോലും കിട്ടാത്ത സ്ഥിതിയാണ്‌. ഇറക്കുമതി വര്‍ദ്ധിപ്പിച്ച്‌ കൃത്രിമ വിലയിടവ്‌ ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ സൃഷ്‌ടിക്കുകയാണ്‌. റബ്ബറിന്‌ കിലോയ്‌ക്ക്‌ 170 രൂപയെങ്കിലും നിശ്ചിത വില പ്രഖ്യാപിച്ച്‌ കര്‍ഷക സമൂഹത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട്‌ വരണം. ഇതിനുവേണ്ടി റബ്ബര്‍ ബോര്‍ഡുമായി സഹകരിച്ച്‌ നടപടി സ്വീകരിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാറിനെ സമീപിക്കണം സംസ്ഥാന സര്‍ക്കാര്‍. ഇതൊന്നും ചെയ്യാന്‍ ഒരു താല്‍പര്യവും കാട്ടാത്ത സംസ്ഥാന ഭരണക്കാര്‍ കമ്പോള വിലയേക്കാള്‍ 5 രൂപ കൂട്ടി മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ മുഖാന്തിരം റബ്ബര്‍ സംഭരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇത്‌ വന്‍വിലത്തകര്‍ച്ചയെ നേരിടുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക്‌ രക്ഷയാവില്ല. 5 രൂപ വര്‍ദ്ധിപ്പിച്ച്‌ റബ്ബര്‍ സംഭരിക്കുന്നതിന്‌ മൂന്നാഴ്‌ച മുമ്പ്‌ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ഉത്തരവായി ഇറങ്ങിയത്‌ കഴിഞ്ഞ ദിവസം മാത്രമാണ്‌. ഈ കാലവിളംബത്തില്‍ നിന്നുതന്നെ റബ്ബര്‍ കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യം തെളിയുന്നു. കേരളത്തിന്റെ സമ്പദ്‌ഘടനയെ പ്രതിസന്ധിയിലാക്കുന്ന റബ്ബര്‍ വിലയിടിവ്‌ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്‌ അടിയന്തരാവശ്യമാണ്‌ അതിലൊന്നും ശ്രദ്ധിക്കാതെ മുംബൈ അധോലോകത്തിലെ ദാദാമാരെപ്പോലെ മദ്യമുതലാളിമാരില്‍ നിന്നടക്കം പണം പിടുങ്ങുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌ കൊടിയ അപമാനമാണ്.

തിരുവനന്തപുരം
07.11.2014
***