നവംബര്‍ 19ന്‌ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ സംബന്ധിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തിരുവനന്തപുരം
16.11.2012

സംസ്ഥാന സര്‍ക്കാര്‍ ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിച്ച നടപടിയിലും എ.പി.എല്‍ വിഭാഗത്തിന്‌ 2 രൂപയ്‌ക്ക്‌ നല്‍കുന്ന അരി ഫലത്തില്‍ ഇല്ലാതാക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച്‌ നവംബര്‍ 19ന്‌ സംസ്ഥാന വ്യാപകമായി ഏരിയാകേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ വിജയിപ്പിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമേറ്റശേഷം ജനങ്ങളുടെ മുതുകില്‍ ഭാരം കയറ്റിവയ്‌ക്കുന്ന നടപടികളാണ്‌ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. വൈദ്യുതി, പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ദ്ധനവിനു പിന്നാലെയാണ്‌ ബസ്‌ ചാര്‍ജ്ജ്‌ നിരക്ക്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത്‌ രണ്ടാംതവണയാണ്‌ ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധനവ്‌ ഉണ്ടാകുന്നത്‌. 2011 ആഗസ്റ്റില്‍ ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇനി അഞ്ചുവര്‍ഷത്തിലൊരിക്കലേ യാത്രാനിരക്കില്‍ വര്‍ദ്ധനവ്‌ ഉണ്ടാവുകയുള്ളൂ എന്ന്‌ പ്രഖ്യാപിച്ച സര്‍ക്കാരാണ്‌ ഇപ്പോള്‍ വീണ്ടും ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്‌ വര്‍ദ്ധനവാണ്‌ ഇതിലൂടെ സൃഷ്‌ടിച്ചിരിക്കുന്നത്‌. ഈ വര്‍ദ്ധനവോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബസ്‌ ചാര്‍ജ്ജ്‌ നിരക്ക്‌ കേരളത്തിലേതായിരിക്കുകയാണ്‌. രാജ്യത്തുതന്നെ കുറഞ്ഞ ദൂരത്തിന്‌ ഏറ്റവുമധികം നിരക്കീടാക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇപ്പോഴത്തെ നിരക്ക്‌ വര്‍ദ്ധനവോടെ എക്‌സ്‌പ്രസ്‌ ട്രെയിനുകളുടെ നിരക്കിന്റെ ഏതാണ്ട്‌ ഇരട്ടി വരെ ബസ്‌ യാത്രയ്‌ക്കായി നല്‍കേണ്ട സ്ഥിതി ഉണ്ടായിരിക്കുകയാണ്‌. വിദ്യാര്‍ത്ഥികളുടെ ബസ്‌ ചാര്‍ജ്ജും ഉയര്‍ത്തിയിരിക്കുകയാണ്‌. ഓരോ ഫെയര്‍‌സ്റ്റേജിലും ബസ്‌ ഉടമകള്‍ ആവശ്യപ്പെട്ട നിരക്ക്‌ അനുവദിക്കുന്നതിലൂടെ ബസുടമകളുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളിയും പുറത്തുവന്നിരിക്കുകയാണ്‌.

എ.പി.എല്‍ കാര്‍ഡുടമകളുടെ 2 രൂപ നിരക്കിലുള്ള റേഷന്‍ അരിയുടെ സബ്‌സിഡി ബാങ്ക്‌ വഴി മാത്രമേ നല്‍കുകയുള്ളൂവെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം ഫലത്തില്‍ സബ്‌സിഡി തന്നെ ഇല്ലാതാക്കും. സര്‍ക്കാര്‍ തീരുമാനപ്രകാരം 2013 ജനുവരി 1 മുതല്‍ എ.പി.എല്‍ കാര്‍ഡ്‌ ഉടമകള്‍ 8.90 രൂപ നല്‍കി അരി വാങ്ങണം. ഇവര്‍ക്കുള്ള സബ്‌സിഡി തുക ബാങ്ക്‌ അക്കൗണ്ട്‌ വഴി നല്‍കുമെന്ന സര്‍ക്കാരിന്റെ തീരുമാനം പ്രായോഗികമാകാന്‍ പോകുന്നില്ല. മണ്ണെണ്ണ സബ്‌സിഡി ബാങ്ക്‌ വഴി നല്‍കുന്ന സംവിധാനം പരാജയപ്പെട്ടു എന്ന്‌ പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെയാണ്‌ എ.പി.എല്‍കാര്‍ക്ക്‌ ഇതേ രീതിയില്‍ സബ്‌സിഡി നല്‍കുമെന്ന്‌ പറഞ്ഞിരിക്കുന്നത്‌. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്‌.

സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹകരമായ ഇത്തരം നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഏരിയാകേന്ദ്രങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലാണ്‌ ധര്‍ണ്ണ സംഘടിപ്പിക്കുന്നത്‌. ഈ പ്രക്ഷോഭത്തില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിചേരണമെന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു.
* * *