കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു കാലഘട്ടത്തിലെ ധീരോദാത്തമായ ഏടായിരുന്നു എം.വി.രാഘവന്‍. തുണിമില്‍ തൊഴിലാളിയിരിക്കെ നന്നെ ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ എത്തിയ അദ്ദേഹം പാര്‍ടി നിരോധനം നേരിട്ട ഘട്ടത്തില്‍ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടെ സി.പി.ഐ (എം) പ്രതിലോമകാരികളുടേയും ഭരണകൂടത്തിന്റേയും ഭീകരതയെ നേരിട്ടപ്പോള്‍ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്‌മരിക്കപ്പെടും. പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, നിയമസഭാ കക്ഷി സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം നേതൃപാടവം കാഴ്‌ചവെച്ചു. രാഷ്‌ട്രീയമായി എതിര്‍ചേരിയില്‍ എത്തിയപ്പോള്‍ കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. പക്ഷെ പില്‍ക്കാലത്ത് ആ രാഷ്‌ട്രീയ നിലപാട് പുനഃപരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് സുദീര്‍ഘമായ ഒരു രാഷ്‌ട്രീയ ജീവിതത്തിന് അന്ത്യമുണ്ടായിരിക്കുന്നത്. സഹകരണ പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സഹകാരിയായിരുന്നു അദ്ദേഹം. നിയമസഭാ സമാജികന്‍, ഭരണാധികാരി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു. നാടിന്റെ സാമൂഹ്യമാറ്റത്തിന് പ്രതിബദ്ധതയോടുള്ള പ്രവര്‍ത്തനം ഒരു ദീര്‍ഘകാലയളവോളം കാഴ്‌ചവെച്ച എം.വി.രാഘവന്റെ വേര്‍പാടില്‍ സി.പി.ഐ (എം) സംസ്ഥാനകമ്മിറ്റിക്കുവേണ്ടി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
തിരുവനന്തപുരം
09.11.2014
***