രാജ്യത്തെ ധാതുസമ്പത്ത് സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതിയ യു.പി.എ.സര്‍ക്കാറിന്റെ നവ-ഉദാരവല്‍ക്കരണ നയങ്ങളുടെ പ്രത്യാഘാതമാണ് കരിമണല്‍ ഖനനത്തിന് സ്വകാര്യമേഖലയ്‌ക്ക് അനുമതി നല്‌കിയ ഹൈക്കോടതി ഉത്തരവിനു പിന്നിലുള്ളത്. ഇക്കാര്യത്തില്‍ തക്കസമയത്ത് അപ്പീല്‍ സമര്‍പ്പിച്ച്, സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുന്നതിനു പകരം ഈ രംഗത്തെ സ്വകാര്യലോബിയുമായി ഒത്തുകളിക്കുന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ ഈ കടുത്ത വഞ്ചനയ്‌ക്കെതിരെ ശക്തമായ ജനരോഷം ഉയരേണ്ടതുണ്ട്. 2001-06 കാലത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കരിമണല്‍ ഖനനത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‌കിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്ത് വലിയ ജനകീയ സമരം ഉയര്‍ന്നുവന്നു. ജനരോഷം ശക്തിപ്പെട്ടതിനാല്‍, യു.ഡി.എഫ്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടും സ്വകാര്യമേഖലയില്‍ ഖനനം നടത്താന്‍ കഴിയുന്ന സാഹചര്യമുണ്ടായില്ല. 2006-ല്‍ അധികാരത്തില്‍വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിച്ച വ്യവസായനയത്തിലാവട്ടെ കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമേ നടത്തൂ എന്ന് പ്രഖ്യാപിച്ചു. ഇത്തരത്തില്‍ കരിമണല്‍ ഖനനത്തിന്റെ കാര്യത്തില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ സുവ്യക്തമായ നിലപാട് ഇതിലൂടെ നിലവില്‍ വരികയും ചെയ്‌തു. ഇതിനിടെ യു.പി.എ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍, മറ്റ് മേഖലകളെപ്പോലെ ധാതുമണല്‍ ഖനനമേഖലയും സ്വകാര്യമേഖലയ്‌ക്ക് തുറന്നുകൊടുത്ത് ഉത്തരവിറക്കി. സംസ്ഥാനസര്‍ക്കാറിന്റെ എതിര്‍പ്പ് കേന്ദ്രം ചെവിക്കൊണ്ടില്ല. ഈ കേന്ദ്രനയത്തിന്റെ ചുവടുപിടിച്ചാണ് ഏതാനും സ്വകാര്യകമ്പനികള്‍ സംസ്ഥാനത്തെ കടല്‍ത്തീരങ്ങളില്‍ കരിമണല്‍ ഖനനാനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചത്. 2013-ല്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച്, സ്വകാര്യ സ്ഥാപനങ്ങളുടെ അപേക്ഷകളിന്മേല്‍ ആറുമാസത്തിനകം തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ഉത്തരവ് നല്‍കി. ഈ ഉത്തരവിനെതിരെ യഥാസമയം അപ്പീല്‍ നല്‍കാതെ, സര്‍ക്കാര്‍- സ്വകാര്യ വ്യവസായികളുമായി ഒത്തുകളിച്ചു. അവര്‍ക്കനുകൂലമായി അന്തിമവിധി ഉണ്ടാകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ് ചെയ്‌തത്. സംസ്ഥാന താല്‍പര്യങ്ങള്‍ പൂര്‍ണമായും ബലികഴിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. വളരെ വൈകി സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിച്ചതുമില്ല. അങ്ങനെയാണ്, സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഖനനാനുമതി നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് നല്‌കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് മാത്രമേ കരിമണല്‍ ഖനന വിഷയത്തില്‍ ഇടപെടാന്‍ അധികാരമുള്ളൂ എന്നാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ കടല്‍തീരത്തെ ആവാസവ്യവസ്ഥയും നമ്മുടെ നാടിന്റെ അമൂല്യസമ്പത്തും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കുറ്റകരമായ വീഴ്‌ചയാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയത്. ഹൈക്കോടതി വിധിക്കെതിരെ, സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണം. ഒരു സാഹചര്യത്തിലും കേരള കടല്‍ത്തീരത്ത് സ്വകാര്യകമ്പനികളുടെ ഖനനം അനുവദിച്ചുകൂടാ. യു.ഡി.എഫ്.സര്‍ക്കാരിന്റെ ഈ വഞ്ചനാപരമായ സമീപനത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി ശബ്‌ദമുയര്‍ത്താന്‍ മുന്നോട്ട് വരണം.
തിരുവനന്തപുരം
30.11.2014
***