ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ധീരസേനാനിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത സ്ഥാപക നേതാവുമായിരുന്നു സ: പി. കൃഷ്‌ണപിള്ള. ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച അകാലത്തില്‍ വിടവാങ്ങിയ സഖാവിന്റെ ധീരസ്‌മരണ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ല, ദേശാഭിമാനികളായ മുഴുവനാളുകള്‍ക്കും പവിത്രവും ആദരണീയവുമാണ്. പാര്‍ടി നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍കഴിഞ്ഞ് അതീവദുഷ്‌കരമായി ആലപ്പുഴയില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ വിശ്രമരഹിതമായി വ്യാപൃതനായിരിക്കെയാണ് സഖാവ് സര്‍പ്പദംശനമേറ്റ് മരണമടഞ്ഞത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് എന്ന് ഏതെങ്കിലും ഒരാളെ വിശേഷിപ്പിക്കാമെങ്കില്‍ അതിന് അര്‍ഹന്‍ പി. കൃഷ്‌ണപിള്ളയാണെന്ന ഇ.എം.എസിന്റെ വാക്കുകളില്‍നിന്നുതന്നെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പി. കൃഷ്‌ണപിള്ള ആരാണെന്നത് വ്യക്തമാകുന്നുണ്. കേരളത്തെ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് മാറ്റിത്തീര്‍ക്കാന്‍ ത്യാഗപൂര്‍ണ്ണമായി പ്രവര്‍ത്തിച്ച സഖാവ് പി. കൃഷ്‌ണപിള്ളയുടെ ഓര്‍മ്മകളെയും അതിന്റെ പ്രതീകങ്ങളെയും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്‌നേഹാദരങ്ങളോടും കൃതജ്ഞതാനിര്‍ഭരമായ മനസ്സോടും കൂടിയല്ലാതെ കാണാനാകില്ല. 1937-ല്‍ സ: പി. കൃഷ്‌ണപിള്ള സെക്രട്ടറിയായി രൂപംകൊണ്ട നാലംഗ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളിവര്‍ഗ വിപ്ലവ പ്രസ്ഥാനമായി പടര്‍ന്നുവളര്‍ന്ന് നില്‍ക്കുന്നത് എന്ന സത്യം അഭിമാനപുളകിതമായ മനസ്സോടെയല്ലാതെ ഒരു കമ്മ്യൂണിസ്റ്റുകാരനും ഓര്‍ക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് 1948 ആഗസ്റ്റ് 19-ന് അദ്ദേഹം അന്ത്യനിമിഷങ്ങളില്‍ കഴിഞ്ഞ ആലപ്പുഴ മുഹമ്മയിലെ കണ്ണാര്‍കാട്ടുള്ള ചെല്ലിക്കണ്ടത്തില്‍ എന്ന കുടില്‍ പിന്നീട് പാര്‍ടി ഏറ്റെടുത്ത് അതേപടി സ്‌മാരകമാക്കി നിലനിര്‍ത്തിയത്. സ: പി. കൃഷ്‌ണപിള്ളയുടെ ധീരോദാത്തമായ ജീവിതത്തിന്റെ അന്ത്യരംഗമായി മാറിയ ആ കുടില്‍ ഓലമേഞ്ഞ നിലയില്‍തന്നെ നിലനിര്‍ത്തിയതും ഒരു പുതുമയാലും ആ ഓര്‍മ്മ മലിനമാകരുത് എന്ന നിഷ്‌കര്‍ഷ കൊണ്ടാണ്. ഏത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനും നിത്യാവേശകരമായ പ്രചോദനസ്ഥാനമാണത്. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനും അതിനെതിരെയുള്ള ചെറു ചിന്തപോലും ഭ്രാന്താവസ്ഥകളില്‍പ്പോലും ഉള്ളില്‍ ഉദിക്കുകയില്ല. എന്നാല്‍, ആ കുടിലിനാണ് ചില വിധ്വംസകര്‍ക്ക് തീവയ്‌ക്കണമെന്ന് തോന്നിയത്. തങ്ങള്‍ കമ്മ്യൂണിസ്റ്റ് മനസ്സുള്ളവരല്ല എന്ന് തെളിയിക്കാന്‍ അവര്‍ക്ക് അതേക്കാള്‍ കൂടുതലായി ഒന്നും ചെയ്യാനില്ല. ഇതിലേറെ നിന്ദ്യമായ ഒരു പ്രവൃത്തി ചെയ്യാനില്ല.
ഈ ബോധത്തോടെയാണ് സി.പി.ഐ (എം) ന്റെ ആലപ്പുഴ ജില്ലാകമ്മിറ്റി രണ്ടുപേരെ പുറത്താക്കിയത്. കണ്ണാര്‍ക്കാട് പ്രദേശത്തെയും അതുള്‍പ്പെട്ട ആലപ്പുഴ ജില്ലയിലെയും പാര്‍ടി ബോധ്യപ്പെട്ട് അംഗീകരിച്ച് കൈക്കൊണ്ട നടപടിയാണിത്. ഇവരില്‍ ചിലര്‍ പാര്‍ടിയുടെ പൊതുതാല്‍പ്പര്യത്തിനെതിരെ വേറിട്ട വഴികളിലൂടെ നീങ്ങുന്നതും പാര്‍ടിയില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത കുറ്റകൃത്യങ്ങള്‍ പാര്‍ടിക്കെതിരെ ചെയ്യുന്നതും ഇത് ആദ്യമല്ല. പാര്‍ടിയുടെ പ്രതിച്ഛായ ബഹുജനമധ്യത്തില്‍ ഇടിക്കുകയും പാര്‍ടിയെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള പ്രകടനങ്ങള്‍, പാര്‍ടിയുടെ തന്നെ നേതാക്കളുടെ കോലമുണ്ടാക്കി കത്തിക്കല്‍ തുടങ്ങിയവയടക്കമുള്ള ക്രിമിനല്‍ സ്വഭാവമുള്ള നടപടികള്‍വരെ ഉണ്ടായതിന്റെ ഭാഗമായി നേരത്തെ ചിലര്‍ നടപടിക്ക് വിധേയരായിരുന്നു. എന്നിട്ടുപോലും വിശാലമായ ജനാധിപത്യ മനോഭാവമാണ് ഇവരോട് പാര്‍ടി കൈക്കൊണ്ടത്. അങ്ങേയറ്റംവരെ തെറ്റു തിരുത്താനുള്ള അവസരം ഇവര്‍ക്ക് കൊടുക്കാനുള്ള സഹിഷ്‌ണുതാമനോഭാവമാണ് ഇവരോട് പാര്‍ടി കാട്ടിയത്. എന്നാല്‍, തെറ്റു തിരുത്തുന്നതിന് നല്‍കിയ അവസരംപോലും മാപ്പര്‍ഹിക്കാത്ത മഹാകുറ്റകൃത്യം ചെയ്യാനുള്ള അവസരമാക്കി ദുരുപയോഗിക്കുകയാണ് ഇവര്‍ ചെയ്‌തത് എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനും ചെയ്യാന്‍ കഴിയാത്ത, ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടിക്കും പൊറുക്കാന്‍ കഴിയാത്ത മഹാപാതകം. അതാണ് ഏറ്റവും ഒടുവിലുണ്ടായത്. ഇക്കാര്യം സംശയാതീതമായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സി.പി.ഐ (എം) ന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഇവരെ പാര്‍ടിയില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ശരിയായ നിലപാടാണ് അവിടത്തെ പാര്‍ടി എടുത്തിട്ടുള്ളത്. പാര്‍ടിവിരുദ്ധ വികാരത്തോടെ പാര്‍ടിക്കുള്ളില്‍നിന്ന് പാര്‍ടിയെ തകര്‍ക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ അനുവദിക്കാനാകില്ല എന്നത് അവിടത്തെ പാര്‍ടി സംഘടനയുടെ ശരിയായ ബോധ്യത്തില്‍നിന്നുള്ള തീരുമാനമാണ്. ഇത്തരം അക്ഷന്തവ്യമായ പാര്‍ടിവിരുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരെ കൂട്ടായ സമീപനവും നിലപാടുകളുമാണ് പാര്‍ടിയെ ശക്തിപ്പെടുത്താന്‍ കൈക്കൊള്ളേണ്ടത്. അത് പൊതുവില്‍ ഉണ്ടാകുന്നു എന്നുതന്നെ പാര്‍ടി വിലയിരുത്തുന്നു. ഇവരുടെ ചെയ്‌തികളെ പാര്‍ടി ശക്തിയായി അപലപിക്കുകയും ചെയ്യുന്നു.
തിരുവനന്തപുരം
06.12.2014
***