ബാര്‍ കോഴക്കേസില്‍ ഒന്നാം പ്രതിയായി കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതിനാല്‍ മാണി അധികാരത്തില്‍ തുടരരുതെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന-11.12.2014

ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെ എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതിനാല്‍ മാണി ഇനി അരനിമിഷം പോലും അധികാരത്തില്‍ തുടരരുത്. മാണി പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന്‌ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സ്‌ കണ്ടെത്തിയിരിക്കുകയാണ്‌. പ്രാഥമിക പരിശോധനയ്‌ക്കുശേഷം തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ്‌ വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ മന്ത്രിസ്ഥാനം രാജിവെച്ച്‌ അന്വേഷണം നേരിടുകയാണ്‌ ധാര്‍മികമായും രാഷ്‌ട്രീയമായും മാണി ചെയ്യേണ്ടത്‌. എന്നാല്‍, താന്‍ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മാണിയുടെ ആദ്യ പ്രതികരണം രാഷ്‌ട്രീയ സദാചാരത്തിന്റെയും ധാര്‍മികതയുടെയും ലംഘനമാണ്‌. മാണിയെ മന്ത്രിയായി തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കാനും പാടില്ല. കോഴ ആരോപണങ്ങളില്‍ 42 ദിവസത്തിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ കേസെടുക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടെന്നിരിക്കെ ആ കാലപരിധി പൂര്‍ത്തിയാക്കുംവരെ കേസ്‌ നീട്ടിക്കൊണ്ടുപോയത്‌ ഉചിതമായില്ല. മാണിയുടെ രാജിക്കായി ശക്തമായ ബഹുജനപ്രതിഷേധം ഉയരും. ബാര്‍ കോഴ ഇടപാടില്‍ മദ്യമുതലാളിമാരുടെ സംഘടന സംഭരിച്ച 20 കോടിയില്‍ ഒരുകോടി മാണിക്ക്‌ കൊടുത്തുവെന്നും ബാക്കി തുക ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ക്ക്‌ നല്‍കിയെന്നുമാണ്‌ ഉടമാസംഘം നടത്തിയ വെളിപ്പെടുത്തല്‍. ഒരുകോടി രൂപ കൈപ്പറ്റിയ മാണിക്കെതിരെ കേസെടുത്ത്‌ അന്വേഷണം അവസാനിപ്പിക്കാന്‍ പാടില്ല. മന്ത്രിസഭാ തലവനായ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഉള്‍പ്പെടെ പങ്കാളിത്തമുള്ള വന്‍ അഴിമതിയാണ്‌ നടന്നിരിക്കുന്നത്‌. ഇവര്‍ക്കെല്ലാമെതിരായ സമഗ്ര അന്വേഷണവും കേസും വേണം. തനിക്കെതിരായ കേസിനു പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിശ്വാസം മാണിക്കുണ്ടെങ്കില്‍ അതിന്റെ വസ്‌തുതകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകണം.

തിരുവനന്തപുരം
11.12.2014

***