സോളാര്‍ കേസില്‍ വിസ്തരിക്കപ്പെടുന്ന സാഹചര്യത്തി‌ല്‍ മുഖ്യമന്ത്രി അധികാരത്തില്‍ തുടരരുതെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-19.12.2014

സോളാര്‍ അഴിമതിയെക്കുറിച്ചന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ വിസ്‌തരിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടന്‍ രാജി വയ്‌ക്കണം. സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം ഉറപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി അധികാര പദവികള്‍ ഒഴിഞ്ഞേപറ്റൂ. കീഴ്‌വഴക്കങ്ങളും ധാര്‍മിക മൂല്യങ്ങളും കാറ്റില്‍ പറത്തി അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ്‌ ശ്രമമെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം സംസ്ഥാനത്ത്‌ ഉയര്‍ന്നുവരും.


സോളാര്‍ അഴിമതി അന്വേഷിക്കുന്ന ജൂഡീഷ്യല്‍ കമ്മീഷന്‍ മുഖ്യമന്ത്രിയുടെയും മുന്‍ ആഭ്യന്തരമന്ത്രിയുടെയും ഓഫീസുകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തു. തുടര്‍ന്ന്‌ വിസ്‌തരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതായ വിവരം പുറത്തു വന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ വനം-ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പുകളുടെ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്നിവരും വിസ്‌തരിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടും. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട്‌ ആരോപണ വിധേയരായവരും ആക്ഷേപങ്ങള്‍ ഉന്നയിച്ചവരുമായ വ്യക്തികളേയും കമ്മീഷന്‍ വിസ്‌തരിക്കുമെന്നാണ്‌ മനസിലാക്കുന്നത്‌. അന്വേഷണ പരിധിയില്‍ ഉള്‍പ്പെടാതിരിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ച മുഖ്യന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണ്‌ കമ്മീഷന്‍ നടപടി.
സോളാര്‍ പദ്ധതിയുടെ പേരില്‍ സരിതാ നായരും ബിജു രാധാകൃഷ്‌ണനും ചേര്‍ന്ന്‌ നടത്തിയ തട്ടിപ്പുകള്‍ പുറത്തു വന്നതുമുതല്‍ ഈ കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക്‌ വെളിപ്പെട്ടതാണ്‌. മുഖ്യമന്ത്രിയുടെ അറിവോടെയും സഹായത്തോടെയുമാണ്‌ തട്ടിപ്പുകാര്‍ പലരില്‍ നിന്നായി കോടിക്കണക്കിന്‌ രൂപ തട്ടിപ്പു നടത്തിയത്‌. തങ്ങളുടെ പ്രോജക്‌ടിന്‌ വിശ്വാസ്യത വരാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത്‌ മുഖ്യമന്ത്രിയുടെ ഒപ്പോടുകൂടിയ കത്തായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ സരിത പങ്കാളിയായിരുന്നതും മുഖ്യമന്ത്രിയുമായി അടുത്തു പെരുമാറാന്‍ അവസരം ലഭിച്ചതും സരിത നായര്‍ തന്റെ തട്ടിപ്പിന്‌ ഫലപ്രദമായി ഉപയോഗിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചാണ്‌ സരിതാ നായരും സംഘവും എല്ലാം ചെയ്‌തത്‌. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ജിക്കുമോന്‍, ജോപ്പന്‍, സലീംരാജ്‌ തുടങ്ങിയവര്‍ക്ക്‌ തട്ടിപ്പുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന്‌ തെളിഞ്ഞതിനാല്‍ അവരെ പിന്നീട്‌ പുറത്താക്കേണ്ടി വന്നു. അവരെല്ലാം ഇപ്പോള്‍ കേസില്‍ പ്രതികളാണ്‌. 


കോന്നി സ്വദേശിയും ക്രഷര്‍ ഉടമയുമായ മല്ലേല്‍ ശ്രീധരന്‍ നായര്‍ പത്തനംതിട്ട ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ അന്യായത്തിലും തുടര്‍ന്നു നല്‍കിയ സ്റ്റേറ്റ്‌മെന്റുകളിലും മുഖ്യമന്ത്രിയെ വിശ്വസിച്ചാണ്‌ താന്‍ സരിതാ നായരുടെ പദ്ധതി വിശ്വസിച്ചതെന്നും 40 ലക്ഷം രൂപ അഡ്വാന്‍സ്‌ നല്‍കിയതെന്നും പറഞ്ഞിട്ടുണ്ട്‌. സരിതാ നായരോടൊപ്പം താന്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച്‌ കാണുകയും സരിതാ നായര്‍ സമര്‍പ്പിച്ച പദ്ധതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തെന്നും ശ്രീധരന്‍ നായര്‍ പറയുകയുണ്ടായി. തട്ടിപ്പിനിരയായ നിരവധി പേരാണ്‌ പരാതികളുമായി പോലീസിനെ സമീപിച്ചത്‌. തട്ടിപ്പുകാര്‍ക്ക്‌ മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാരണം ആദ്യഘട്ടത്തില്‍ പോലീസ്‌ ഒരു നടപടിയും സ്വീകരിച്ചില്ല. തട്ടിപ്പിന്റെ വിവരം കൈരളി ചാനല്‍ പുറത്തുവിട്ടശേഷമാണ്‌ പോലീസ്‌ സരിതയെ അറസ്റ്റ്‌ ചെയ്‌തതും തുടര്‍ നടപടികള്‍ സ്വീകരിച്ചതും.
സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുള്ള പങ്കിനെ കുറിച്ച്‌ ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ വമ്പിച്ച ബഹുജന സമരം ഉയര്‍ന്നുവന്നു. എല്‍ഡിഎഫ്‌ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ്‌ ഉപരോധം സംസ്ഥാന ഭരണത്തെ അടിമുടി സ്‌തംഭിപ്പിച്ചപ്പോഴാണ്‌ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തന്നെ സര്‍ക്കാര്‍ സന്നദ്ധമായത്‌. 
ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ്‌ ഓഫ്‌ റഫറന്‍സ്‌ തീരുമാനിച്ചപ്പോള്‍ മുഖ്യമന്ത്രി തന്നെയും, ഓഫീസിനെയും അന്വേഷണ പരിധിയില്‍നിന്ന്‌ ഒഴിവാക്കി. തുടക്കം മുതല്‍ തട്ടിപ്പ്‌ സംഭവം മറച്ചുവയ്‌ക്കാനും പ്രതികളെ രക്ഷിക്കാനും വഴിവിട്ട്‌ ശ്രമിച്ച മുഖ്യമന്ത്രി തന്റെ ഓഫീസിന്റെ പങ്ക്‌ അന്വേഷണ വിധേയമാക്കാന്‍ വിസമ്മതിച്ചത്‌ തട്ടിപ്പില്‍ തന്റെ പങ്കാളിത്തം പുറത്തുവരുമെന്ന്‌ ഭയപ്പെട്ടതിനാലാണ്‌. 


പാമോയില്‍, ടൈറ്റാനിയം അഴിമതിക്കേസുകളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന മുഖ്യമന്ത്രി ഇപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസില്‍ വിസ്‌തരിക്കപ്പെടാന്‍ പോവുകയാണ്‌. ഒരു തട്ടിപ്പുകേസിന്റെ വിസ്‌താരക്കൂട്ടില്‍ സംസ്ഥാന മുഖ്യമന്ത്രി കയറി നില്‍ക്കേണ്ടി വരുന്നത്‌ നാണക്കേടാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ അധികാരമൊഴിഞ്ഞ്‌ അന്വേഷണം നേരിട്ട കീഴ്‌വഴക്കമാണ്‌ നാം കണ്ടിട്ടുള്ളത്‌. രാഷ്‌ട്രീയ ധാര്‍മികതക്കും അന്തസ്സിനും നിരക്കാത്ത നാണംകെട്ട നിലപാടാണ്‌ ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്‌.


മുഖ്യമന്ത്രിപദത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയുടെ രാജി ഇനി ഒരു നിമിഷം വൈകിക്കൂടാ. രാജിവയ്‌ക്കാതെ അധികാരത്തില്‍ തുടരാനാണ്‌ ഭാവമെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്ന ആവശ്യമുയര്‍ത്തി വന്‍ ജനകീയപ്രക്ഷോഭമുയര്‍ത്താന്‍ കേരള ജനത സന്നദ്ധമാകണം.


തിരുവനന്തപുരം
19.12.2014