സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-30.12.2014

കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത സംഭവത്തില്‍ സ: വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ടി നിലപാടിനോട്‌ യോജിക്കാതെ പരസ്യമായി പ്രതികരിച്ചത്‌ ശരിയായില്ലെന്ന്‌ പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ വിലയിരുത്തി. പോലീസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത കേസില്‍ പ്രതിയാക്കപ്പെട്ട ലതീഷ്‌ചന്ദ്രനെ മഹത്വവല്‍ക്കരിച്ചുകൊണ്ട്‌ സ: വി.എസ്‌. അച്യുതാനന്ദന്‍ പോലീസ്‌ റിപ്പോര്‍ട്ട്‌ പാര്‍ടി അവജ്ഞയോടെ തള്ളിക്കളയണമായിരുന്നു എന്ന്‌ പ്രസ്‌താവിക്കുന്നുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വികാരത്തോടെ ജീവിക്കുന്ന ലതീഷ്‌ ചന്ദ്രനെ വി.എസ്‌ അറിയാത്തതല്ല. ജീവിച്ചിരിക്കുന്ന പാര്‍ടി നേതാക്കന്മാരുടെ കോലം കത്തിക്കാന്‍ പരസ്യമായി തയ്യാറായ ലതീഷ്‌ചന്ദ്രനെ പാര്‍ടിയില്‍ നിന്നും മുമ്പേ പുറത്താക്കിയതാണ്‌. പാര്‍ടി വിരുദ്ധ വികാരത്തിനപ്പുറം പാര്‍ടിയോട്‌ ശത്രുതാമനോഭാവം കൂടി ലതീഷ്‌ചന്ദ്രനില്‍ നിലനില്‍ക്കുന്നുണ്ട്‌. പാര്‍ടിയെ തകര്‍ക്കാനുള്ള പരസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ലതീഷ്‌ചന്ദ്രനെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒഴിവാക്കണമെന്ന്‌ ആലപ്പുഴ ജില്ലാ പാര്‍ടി നിരന്തരം ആവശ്യപ്പെട്ടിട്ടും ലതീഷ്‌ ചന്ദ്രന്‍ സ്റ്റാഫില്‍ തുടര്‍ന്നത്‌ വി.എസിന്റെ പ്രത്യേക മനോഭാവം കാരണമായിരുന്നു. അതേ മനോഭാവം തന്നെയാണ്‌ കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത കേസില്‍ ലതീഷ്‌ ചന്ദ്രനടക്കമുള്ളവരുടെ കാര്യത്തില്‍ വി.എസ്‌ തുടരുന്നത്‌. വി.എസ്‌. അച്യുതാനന്ദന്റെ തെറ്റായ ഈ നിലപാട്‌ പാര്‍ടിക്ക്‌ അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ശരിയായ നിലപാട്‌ സ്വീകരിക്കാന്‍ സഖാവ്‌ തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.


തിരുവനന്തപുരം
30.12.2014
 

***