ദേശീയ ഗെയിംസ്‌ നടത്തിപ്പിലെ ക്രമക്കേടും പിടിപ്പുകേടും നാടിന്‌ അപമാനം:സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 ദേശീയ ഗെയിംസ്‌ നടത്തിപ്പിലെ ക്രമക്കേടും പിടിപ്പുകേടും നാടിന്‌ അപമാനമാണ്. 7 വര്‍ഷത്തിനുശേഷം കേരളം ആതിഥ്യമേകുന്ന ദേശീയ ഗെയിംസ്‌ ഇന്ത്യക്കാകെ മാതൃകയും അഭിമാനവും ആകേണ്ടതായിരുന്നു. എന്നാല്‍, അതിനുള്ള അവസരവും ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാര്‍ കളഞ്ഞുകുളിച്ചിരിക്കുകയാണ്‌. ഇതിനകം കായികമേളയുടെ മുന്നൊരുക്കത്തിനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആക്ഷേപങ്ങള്‍ ഗൗരവകരമാണ്‌. ഇതിനെപ്പറ്റി സമഗ്രമായി അന്വേഷിക്കണം. പരാതി എഴുതിത്തന്നാല്‍ അന്വേഷിക്കുമെന്ന്‌ പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്ത്‌ അന്വേഷണമാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ വ്യക്തമാക്കണം. അന്വേഷണം നിഷ്‌പക്ഷവും നീതിപൂര്‍വ്വകവുമാകണം. അതിന്‌ പര്യാപ്‌തമായ അന്വേഷണസംവിധാനമാകണം.

ഗെയിംസ്‌ തുടങ്ങാന്‍ മൂന്നാഴ്‌ച മാത്രം ശേഷിക്കേ പ്രധാന വേദിയായ കാര്യവട്ടത്തെ ഗ്രീന്‍ ഷെയ്‌ഡ്‌ സ്റ്റേഡിയം പോലും പൂര്‍ത്തിയായിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ഏഴ്‌ ജില്ലയിലെ 31 വേദികളില്‍ മിക്ക ഇടത്തും പണി തീര്‍ന്നിട്ടില്ല. 611 കോടി ചെലവാക്കുന്ന മേളയില്‍ ഗുരുതരമായ അലംഭാവവും ക്രമക്കേടുമാണ്‌ നടക്കുന്നത്‌. മത്സരത്തിന്‌ ആവശ്യമായ സ്‌പോര്‍ട്‌സ്‌ ഉപകരണങ്ങള്‍ പോലും എത്തുമോ എന്ന ആശങ്ക പ്രമുഖ കായികതാരങ്ങള്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്‌. പല മേഖലകളിലേയും കരാറിനെയും പൊതു പണം ചെലവഴിച്ചതിനെയും പറ്റി ഉത്തരവാദപ്പെട്ട വ്യക്തികളും സംഘടനകളും ഇതിനകം തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്‌. മുന്‍ സ്‌പോര്‍ട്‌സ്‌ മന്ത്രിയും ഭരണപക്ഷ എം.എല്‍.എയും ഉള്‍പ്പെടെ സംഘാടകസമിതിയില്‍ നിന്നും രാജിവച്ച്‌ പ്രതിഷേധിച്ചിരിക്കുകയാണ്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയെ കടത്തിവെട്ടുംവിധം ഇവിടത്തെ കായിക മാമാങ്കം മാറും എന്ന ആശങ്ക മുന്‍ സ്‌പോര്‍ട്‌സ്‌ മന്ത്രി പ്രകടിപ്പിച്ചിരിക്കുകയാണ്‌. ഇതെല്ലാം അസാധാരണമായ സ്ഥിതിവിശേഷം സൃഷ്‌ടിച്ചിരിക്കുകയാണ്‌. ഗെയിംസ്‌ പ്രചാരണത്തിനായുള്ള കൂട്ടയോട്ട സംഘാടനത്തിന്‌ കരാര്‍ നല്‍കിയതും വിവാദത്തിലായിട്ടുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ എല്ലാ മാധ്യമങ്ങളേയും സഹകരിപ്പിക്കാനുള്ള ഉത്തരവാദിത്വമാണ്‌ സര്‍ക്കാര്‍ കാണിക്കേണ്ടിയിരുന്നത്‌. അതിനു പകരം സങ്കുചിതമായി പെരുമാറുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്.

തിരുവനന്തപുരം
04.01.2015

***