തിരുവനന്തപുരം
17.11.2012
യു.ഡി.എഫ് സര്‍ക്കാര്‍, സംസ്ഥാനത്തിന്റെ വികസനം മുരടിപ്പിച്ചിരിക്കുകയാണെന്ന്, കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ അഭിപ്രായപ്രകടനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഒന്നര വര്‍ഷമായി അധികാരത്തില്‍ തുടരുന്ന യു.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ വ്യവസായ-കാര്‍ഷികമേഖലയാകെ ഗുരുതരമായ തകര്‍ച്ചയിലാണ്. പശ്ചാത്തല മേഖലയുടെ വികസനത്തിലും ഒരിഞ്ച് മുന്നോട്ട് പോവാന്‍ കഴിഞ്ഞിട്ടില്ല. ഇതൊന്നും പ്രതിപക്ഷ ആരോപണം മാത്രമല്ലെന്നും, വസ്‌തുതയാണെന്നും, എ.കെ. ആന്റണി തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
പ്രതിരോധവകുപ്പിന് കീഴിലുള്ള ആറ് സ്ഥാപനങ്ങളാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തേക്ക് അനുവദിക്കപ്പെട്ടത്. ഇത്രയും പദ്ധതികള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിച്ച താല്‍പര്യത്തേയും ഉത്സാഹത്തേയും പ്രകീര്‍ത്തിച്ച ആന്റണി, കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തിലേക്ക് ഒരു പദ്ധതിയെപ്പറ്റിയും താന്‍ ആലോചിച്ചിട്ടില്ലെന്നാണ് തുറന്നടിച്ചത്. പ്രതിരോധവകുപ്പിന്റെ പദ്ധതികള്‍ അനുവദിക്കാന്‍ തനിക്ക് ധൈര്യം ചോര്‍ന്നുപോയെന്നും, ആരെ വിശ്വസിച്ചാണ് പദ്ധതികള്‍ സ്ഥാപിക്കുക എന്നുമാണ്, സംസ്ഥാന മുഖ്യമന്ത്രി, വ്യവസായവകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരെ ഇരുത്തി ആന്റണി പ്രസംഗിച്ചത്. താന്‍ കൂടി പരിശ്രമിച്ച് അധികാരത്തിലേറ്റിയ യു.ഡി.എഫ് സര്‍ക്കാര്‍, തികഞ്ഞ പരാജയമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ആന്റണിയുടെ വാക്കുകള്‍, യു.ഡി.എഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത തന്നെ നഷ്‌ടപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ആറ് പദ്ധതികളാണ് കേരളത്തില്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. അതില്‍ നാലെണ്ണം പൂര്‍ത്തിയായി. ഇതിന് പുറമെ, രാജ്യത്തെ നവരത്‌ന കമ്പനികളായ സെയില്‍, എന്‍.ടി.പി.സി, ബി.എച്ച്.ഇ.എല്‍ എന്നിവകളുമായി സംയുക്തസംരംഭങ്ങളുണ്ടാക്കി. റെയില്‍വെയുമായും അത്തരം ഒരു സംരംഭമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും, മമതാ ബാനര്‍ജിയുടെ വിരോധപരമായ നിലപാട് കാരണം വിജയിക്കാതെ പോയി. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷത്തിന് ശേഷമാണ് പ്രതിരോധ വകുപ്പിന്റെ ഒരു വ്യവസായം കേരളത്തില്‍ വന്നത്. തുടര്‍ന്നും പ്രതിരോധ വകുപ്പില്‍ നിന്നും, കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന നിക്ഷേപങ്ങളാണ്, യു.ഡി.എഫ് സര്‍ക്കാരിന്റെ പാപ്പരായ നയംമൂലം നഷ്‌ടമാകുന്നത്. ഇത് സംസ്ഥാനത്തോട് കാണിച്ച ക്രൂരമായ വഞ്ചനയാണ്.
വ്യവസായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ `എമര്‍ജിംഗ് കേരള'''' കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച യു.ഡി.എഫ് സര്‍ക്കാരിന് ഒരു പുതിയ പദ്ധതിയും നടപ്പാക്കാനായില്ല. തന്റെ വകുപ്പിന് കീഴിലുള്ള പദ്ധതികളെ കുറിച്ച് ആന്റണിയുടെ അഭിപ്രായം തന്നെ ഇതിന് തെളിവാണ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍പോലും മുന്നോട്ട് കൊണ്ടുപോകാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖം, കൊച്ചിന്‍ മെട്രോ, കണ്ണൂര്‍ വിമാനത്താവളം, ചീമേനി തെര്‍മല്‍ പവര്‍ പ്ലാന്റ്, പാലക്കാട് കോച്ച് ഫാക്‌ടറി എന്നിവയെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിക്കപ്പെട്ടതും, തുടക്കം കുറിച്ചതുമാണ്. അവയെല്ലാം സ്‌തംഭിച്ച് നില്‌പാണ്. ഐ.ഐ.ടി എന്ന സ്വപ്‌നം, ഇപ്പോഴും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. റെയില്‍വെ വികസനം മുരടിച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ വീണ്ടും വിഭജിക്കപ്പെടുമെന്ന അഭ്യൂഹമുണ്ട്. വൈദ്യുതി ഉല്‍പാദന രംഗത്ത്, ഒരു പുതിയ പദ്ധതിയും ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനം ഇപ്പോള്‍ പവര്‍കട്ടിലാണ്. കുട്ടനാട് പാക്കേജ് സ്‌തംഭനത്തിലായി. നാളികേര വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് കാര്‍ഷികമേഖലയില്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായി കര്‍ഷകആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ യു.ഡി.എഫ് ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ തിരിച്ചു വന്നിരിക്കുന്നു.
സംസ്ഥാനവും കേന്ദ്രവും ഒരേ കക്ഷി ഭരിച്ചാല്‍, വികസന വേലിയേറ്റമുണ്ടാകുമെന്ന യു.ഡി.എഫ് പ്രചരണം പൊള്ളയായിരുന്നുവെന്ന് വ്യക്തമായി. കേന്ദ്ര മന്ത്രിസഭയില്‍ 8 മന്ത്രിമാരുണ്ടായിട്ടും യാതൊരുനേട്ടവും സംസ്ഥാനത്തിനില്ല. സംസ്ഥാന സമ്പദ്‌ഘടനയുടെ നട്ടെല്ലായ പ്രവാസികളോട് എയര്‍ഇന്ത്യ എന്ന കേന്ദ്ര വ്യോമയാന സ്ഥാപനം കൈക്കൊള്ളുന്ന ക്രൂരതയും അവഗണനയും അവസാനിപ്പിക്കാന്‍ പോലും, യു.ഡി.എഫിനോ, അവരുടെ കേന്ദ്രമന്ത്രിമാര്‍ക്കോ സാധിക്കുന്നില്ല. എല്ലാം കൊണ്ടും ജനങ്ങള്‍ മടുത്തുകഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കഴിവുകേടിനെ സാക്ഷ്യപ്പെടുത്തുന്നതാണ് എ.കെ. ആന്റണിയുടെ പ്രസംഗം. അതിനെ നിസാരവല്‍ക്കരിച്ച് തള്ളിക്കളയാനുള്ള മുഖ്യമന്ത്രിയുടേയും യു.ഡി.എഫ് നേതാക്കളുടേയും പരിശ്രമം, പിഴവുകള്‍ തിരുത്താന്‍ സന്നദ്ധമല്ല എന്നതിന്റെ സൂചനയാണ്. എല്ലാംകൊണ്ടും സംസ്ഥാനത്തിന് ശാപമായി മാറിയ യു.ഡി.എഫ് സര്‍ക്കാരിന്റെ വികസന വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ, കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എല്ലാവിഭാഗം ജനങ്ങളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്യുന്നു.
* * *