ദരിദ്രകുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് നിഷേധിക്കുന്ന സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ സങ്കീര്‍ണ്ണതകള്‍ ഏറെയുണ്ട്. ഇത് പരിഹരിച്ചില്ലെങ്കില്‍ അര്‍ഹതയുള്ള വലിയൊരു വിഭാഗം ദരിദ്രകുടുംബങ്ങള്‍ക്ക് ബിപിഎല്‍ കാര്‍ഡ് കിട്ടാതെവരും. ഇക്കാര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്ന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ വിശദീകരണം പ്രശ്നപരിഹാരത്തിന് ഉതകില്ല. അപേക്ഷയില്‍ വൈദ്യുതി ബില്‍, ഗ്യാസ് ഏജന്‍സി ബില്‍, ജല അതോറിറ്റി ബില്‍, പെന്‍ഷന്‍ ബുക്ക് എന്നിവയുടെ വിവരങ്ങള്‍ ചേര്‍ക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, വാടകവീട്ടില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പൊതുവില്‍ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ കണക്ഷന്‍ വീട്ടുടമയുടെ പേരിലാണ്. ഇത്തരം കാര്യങ്ങളുടെ പേരില്‍ റേഷന്‍ കാര്‍ഡ് നിഷേധിക്കുമോ എന്ന ആശങ്ക കടുത്തതാണ്. അതിനും പുറമെ അപേക്ഷാഫാറം സത്യസന്ധമായും കൃത്യമായും വ്യക്തതയോടും പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം നല്‍കണമെന്നും തെറ്റായ വിവരം നല്‍കിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 191 പ്രകാരം ശിക്ഷാനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഉത്തമ വിശ്വാസത്തോടെ പൂരിപ്പിച്ചുനല്‍കുന്ന വിവരങ്ങള്‍ പൂര്‍ണ്ണതയുള്ളതല്ലെങ്കില്‍ അതിന്റെ പേരില്‍ ആരെയും പീഡിപ്പിക്കരുത്. നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ വാര്‍ഡ് നമ്പരോ വീട്ടുനമ്പരോ നല്‍കിയിട്ടില്ല. അതു കാരണം 20 വര്‍ഷം പഴക്കമുള്ള രേഖകള്‍ നല്‍കാന്‍ നിര്‍ബന്ധിതമാകും. അത് തെറ്റായ വിവരം ആകില്ലേ എന്ന സന്ദേഹം അനേകം കുടുംബങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കുടുംബത്തെ പോറ്റാന്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തും താല്‍ക്കാലികമായി ജോലിചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്കുപോലും റേഷന്‍ നിഷേധിക്കുന്ന വ്യവസ്ഥ മാറ്റണം. സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി അര്‍ഹതയുള്ള എല്ലാവര്‍ക്കും പുതിയ റേഷന്‍ കാര്‍ഡ് സമയബന്ധിതമായി ലഭിക്കുന്നതിനുള്ള പ്രായോഗിക നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.
തിരുവനന്തപുരം
11.01.2015.