മാണിയെ മന്ത്രിസഭയില്‍ നിന്നും അടിയന്തരമായി പുറത്താക്കി നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന

ഭരണത്തിലെ കോഴ ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നതിനാല്‍ കോഴക്കേസിലെ പ്രതിയായ കെ.എം. മാണിയെ മന്ത്രിസഭയില്‍ നിന്നും അടിയന്തരമായി പുറത്താക്കി നിയമനടപടി സ്വീകരിക്കണം. മാണിയെ പുറത്താക്കാനുള്ള പ്രാഥമിക ചുമതല മുഖ്യമന്ത്രിക്കാണ്‌. പക്ഷെ അത്‌ ചെയ്യാതെ കുറ്റവാളികളെ സംരക്ഷിക്കുകയാണ്‌. ഭരണം അഴിമതിയില്‍ മുങ്ങി കുളിച്ചതിനാലും മുഖ്യമന്ത്രി അതില്‍ പങ്കാളിയായതിനാലുമാണ്‌ ഈ ദുരവസ്ഥ. കേരള ചരിത്രത്തില്‍ ഇതുവരെ ഒരു ഭരണകാലത്തും ഇതുപോലെ നാറുന്ന അഴിമതി സംഭവങ്ങളുടെ പരമ്പര ഉണ്ടായിട്ടില്ല. ഭരണത്തെ അഴിമതി നടത്താനുള്ള കൊയ്‌ത്ത്‌ യന്ത്രമാക്കി മാറ്റിയിരിക്കുന്നു. ഇത്‌ നാടിന്‌ തീരാകളങ്കവും അപമാനവുമാണ്‌.  യു.ഡി.എഫിന്റെ സ്ഥാപകനേതാവായ ആര്‍. ബാലകൃഷ്‌ണപിള്ളയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്‌ ബജറ്റ്‌ വിറ്റ്‌ കാശാക്കുന്ന ധനമന്ത്രിയും അതിന്‌ കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയുമാണ്‌ ഇവിടെയുള്ളതെന്നാണ്‌. സ്വര്‍ണ്ണക്കച്ചവടക്കാരില്‍ നിന്നും 19 കോടിയും റൈസ്‌ മില്ലുകാരില്‍നിന്നും ബേക്കറിക്കാരില്‍ നിന്നും 2 കോടി രൂപ വീതവും മാണി കോഴ വാങ്ങി എന്ന ആക്ഷേപം ആര്‍. ബാലകൃഷ്‌ണപിള്ള ഉന്നയിച്ചിരിക്കുകയാണ്‌. ബാറുടമകളില്‍ നിന്നും കോഴ വാങ്ങിയത്‌ വെളിപ്പെടുത്തിയ ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ക്ക്‌ കൂടുതല്‍ വിശ്വാസതയും നിയമപരമായ സാധൂകരണവും നല്‍കുന്നതാണ്‌ പിള്ളയുടെ വാക്കുകള്‍. കേരള കോണ്‍ഗ്രസ്‌ (ബി) യു.ഡി.എഫിലെ ഘടക കക്ഷിയാണ്‌ ഇപ്പോഴും. മാണി നടത്തുന്ന കോഴ ഇടപാടുകളെപ്പറ്റി താനും ഗണേശനും ചേര്‍ന്ന്‌ മുഖ്യമന്ത്രിയെ നേരത്തെ കണ്ട്‌ പരാതി പറഞ്ഞു എന്ന്‌ പിള്ള വെളിപ്പെടുത്തിയെങ്കിലും അത്‌ മുഖ്യമന്ത്രി നിഷേധിക്കുകയാണ്‌ ചെയ്‌തത്‌. സോളാര്‍ കേസിലെ വിവാദ കഥാപാത്രത്തെ തനിക്ക്‌ അറിയില്ല എന്നും കണ്ടില്ലാ എന്നും മുഖ്യമന്ത്രി പറഞ്ഞതിന്റെ ആവര്‍ത്തനമായി മാത്രമേ മുഖ്യമന്ത്രിയുടെ ഈ നിഷേധത്തെ കേരളം കണക്കാക്കൂ. ഭരണവൃത്തത്തിനുള്ളില്‍ നിന്നുതന്നെ അഴിമതിയുടെ കൂടുതല്‍ വസ്‌തുതകള്‍ പുറത്ത്‌ വന്നിരിക്കുന്ന സാഹചര്യത്തില്‍ ബാര്‍ കോഴക്കേസിലെ അന്വേഷണം സത്യസന്ധമായും നീതിപൂര്‍വ്വമായും മുന്നോട്ട്‌ കൊണ്ടുപോകാന്‍ വിജിലന്‍സ്‌ തയ്യാറാകണം.

തിരുവനന്തപുരം
19.01.2015

***