ജനുവരി 27നു വില്ലേജ്‌ ഓഫീസുകള്‍ക്കു മുന്നില്‍ സംഘടിപ്പിക്കുന്ന ധര്‍ണ്ണ വിജയിപ്പിക്കുക : സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന.

പുതിയ റേഷന്‍ കാര്‍ഡ്‌ അനുവദിക്കുന്നതിലുള്ള സങ്കീര്‍ണ്ണതകള്‍ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ടു  കൊണ്ട്‌ ജനുവരി 27നു വില്ലേജ്‌ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കും. 
 
പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ സങ്കീര്‍ണ്ണത നിരവധിയാണ്‌. ഇത്‌ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ നിരവധി വിമര്‍ശനങ്ങള്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, അത്‌ കണ്ടില്ലെന്ന്‌ നടിക്കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്‌. ഇപ്പോള്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിച്ചില്ലെങ്കില്‍ അര്‍ഹതയുള്ള വലിയൊരു വിഭാഗത്തിന്‌ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകും. മാത്രമല്ല, ദരിദ്രകുടുംബങ്ങള്‍ക്ക്‌ ബിപിഎല്‍ കാര്‍ഡ്‌ തന്നെ ലഭിക്കാത്ത അവസ്ഥയും ഇതോടൊപ്പം സൃഷ്‌ടിക്കപ്പെടും. പുതിയ നിബന്ധനകള്‍ യഥാര്‍ത്ഥത്തില്‍ ബി.പി.എല്‍ പരിധിയില്‍ നിന്ന്‌ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്‌.

ഇപ്പോള്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കുമ്പോള്‍ വൈദ്യുതി ബില്‍, ഗ്യാസ്‌ ഏജന്‍സി ബില്‍, ജല അതോറിറ്റി ബില്‍, പെന്‍ഷന്‍ ബുക്ക്‌ തുടങ്ങിയവയുടെ വിവരങ്ങള്‍ ചേര്‍ക്കണമെന്ന്‌ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതില്‍ പലതും വാടകവീട്ടില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നതാണ്‌. ഇവ വ്യക്തമായി പൂരിപ്പിച്ച്‌ അനുബന്ധ രേഖകള്‍ക്കൊപ്പം നല്‍കണമെന്നാണ്‌ വ്യവസ്ഥ. തെറ്റായ വിവരങ്ങള്‍ നല്‍കിയാലാവട്ടെ ഇന്ത്യന്‍ ശിക്ഷാനിയമം 191 പ്രകാരം ശിക്ഷാനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്‌. ഉത്തമവിശ്വാസത്തോടെ നല്‍കുന്ന ഇത്തരം കാര്യങ്ങളില്‍ പൂര്‍ണ്ണത ഇല്ലാത്തതിന്റെ പേരില്‍ ആരെയെങ്കിലും പീഡിപ്പിക്കുന്നത്‌ ശരിയല്ല. ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ വാര്‍ഡ്‌ നമ്പരോ വീട്ടുനമ്പരോ നല്‍കിയിട്ടില്ല. അതിനാല്‍ പഴക്കമുള്ള രേഖകള്‍ നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്ന സ്ഥിതിയാണുള്ളത്‌. കുടുംബത്തെ പോറ്റാന്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തും താല്‍ക്കാലികമായി ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്കുപോലും റേഷന്‍ കാര്‍ഡ്‌ തന്നെ നിഷേധിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളും നിലവിലുണ്ട്‌.

ചോദ്യോവലിയില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കുന്നത്‌ പാവപ്പെട്ടവര്‍ക്ക്‌ ഇത്‌ പൂരിപ്പിച്ച്‌ നല്‍കുന്നതിന്‌ കഴിയാത്ത സ്ഥിതി സൃഷ്‌ടിക്കുകയാണ്‌. മാത്രമല്ല, ബി.പി.എല്‍ ലിസ്റ്റില്‍ നിന്ന്‌ ആളുകളെ ഒഴിവാക്കുന്നതിന്‌ ഇത്‌ ഇടയാക്കുകയും ചെയ്യും. ഈ സങ്കീര്‍ണ്ണതകളുടെയൊക്കെ ഫലമായി പുതിയ റേഷന്‍ കാര്‍ഡ്‌ ലഭിക്കുക എന്നുള്ളത്‌ അതീവ പ്രയാസകരമായി മാറിയിട്ടുണ്ട്‌. ഫോട്ടോ എടുക്കാന്‍ ആവശ്യമുള്ള സൗകര്യങ്ങളില്ലാത്തതും നിരവധി പ്രയാസങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌.

റേഷന്‍ കാര്‍ഡ്‌ നിഷേധിക്കുന്നത്‌ പൗരന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം കൂടിയാണ്‌. ഈ സാഹചര്യത്തില്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി പുതിയ ഫോറങ്ങള്‍ ജനങ്ങള്‍ക്ക്‌ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ്‌ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. അതിനായി, അപേക്ഷ നല്‍കുന്നതിനുള്ള തീയതികള്‍ നീട്ടി നല്‍കുന്നതിനുള്ള തീരുമാനവും ഉണ്ടാവേണ്ടതുണ്ട്‌. പുതിയ റേഷന്‍ കാര്‍ഡ്‌ ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ പാര്‍ടി സംഘടിപ്പിക്കുന്ന ധര്‍ണ്ണയില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിചേരണം.

തിരുവനന്തപുരം
20.01.2015

* * *