ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ടായതായി സംസ്ഥാന ചീഫ് സെക്രട്ടറി തന്നെ പരസ്യമായി സമ്മതിച്ച സാഹചര്യത്തില്‍ സംഘാടക സമിതികളില്‍ നിന്ന് സി.പി.ഐ (എം) പ്രതിനിധികള്‍ രാജിവയ്‌ക്കാന്‍ തീരുമാനിച്ചു. ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ എക്‌സിക്യൂട്ടീവില്‍ അനൗദ്യോഗിക അംഗമായ എം.വിജയകുമാറും, സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള മറ്റു കമ്മിറ്റികളിലെ ഭാരവാഹികളായ സി.പി.ഐ (എം) എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളും രാജിവയ്‌ക്കും. അഴിമതിയില്‍ പങ്കാളികളാകാതിരിക്കാനാണ് ഈ നടപടി. എന്നാല്‍ ദേശീയ ഗെയിംസിന്റെ വിജയത്തിനായി എല്ലാ സഹകരണവും നല്‍കുന്നതാണ്. ദേശീയ ഗെയിംസിന് കേരളം ആഥിത്യമരുളാനുള്ള തീരുമാനമുണ്ടായത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. ഗെയിംസ് നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ അക്കാലത്തു തന്നെ ആരംഭിച്ചു. അന്നൊന്നും യാതൊരുവിധ ആക്ഷേപങ്ങളും ഉണ്ടായിരുന്നില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഗെയിംസിന്റെ സംഘാടന പ്രവര്‍ത്തനം തൊട്ടതെല്ലാം വിവാദത്തിലായി. നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഉപകരണങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടുകളുള്ളതായി വ്യാപകമായി ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഗെയിംസിന്റെ ഉത്‌ഘാടന പരിപാടിയെ സംബന്ധിച്ചും അതിന്റെ ചെലവിനെ കുറിച്ചും ഭരണകക്ഷി നേതാക്കളായ എം.എല്‍.എമാരും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരും മാധ്യമങ്ങളും ഗൗരവമായ ആക്ഷേപങ്ങളാണുയര്‍ത്തിയത്. ഒടുവില്‍ സംസ്ഥാന ചീഫ് സെക്രട്ടറി തന്നെ ക്രമക്കേടുകള്‍ തുറന്നു സമ്മതിക്കുകയും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. രാജ്യത്താകമാനമുള്ള കായികതാരങ്ങള്‍ മാറ്റുരക്കുന്ന കായിക മേളക്ക് ആഥിത്യമരുളുന്ന കേരളത്തിനാകെ അപമാനകരമായ സാഹചര്യമാണ് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും സര്‍ക്കാരും സൃഷ്‌ടിച്ചിരിക്കുന്നത്. 1987 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ്, യാതൊരു ആക്ഷേപത്തിനും ഇടനല്‍കാതെ മികച്ച നിലയില്‍ നടത്തിയിരുന്നു എന്ന കാര്യം ഇത്തരുണത്തില്‍ സ്‌മരണീയമാണ്. നാഷണല്‍ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ ആക്ഷേപങ്ങളെക്കുറിച്ചും സ്വതന്ത്രമായ അന്വേഷണം നടത്തണം. കേരളത്തിന് നാണക്കേടുണ്ടാക്കിയ ധൂര്‍ത്തിനും അഴിമതിക്കും ഉത്തരവാദികളായവരെ കണ്ടെത്തി നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നു.
തിരുവനന്തപുരം
04.02.2015
***