സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന -06.02.2015

സര്‍ക്കാര്‍ ഏറ്റെടുത്ത്‌ `കാപ്പെക്‌സി' ന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ നല്‍കിയ 10 കമ്പനികള്‍, പഴയ ഉടമകള്‍ക്ക്‌ തിരിച്ച്‌ നല്‍കണമെന്ന സുപ്രീം കോടതിവിധി ദൗര്‍ഭാഗ്യകരമാണ്‌. തൊഴിലാളി താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ദുര്‍ബലപ്പെടുത്തുന്ന ഈ വിധി തികച്ചും തൊഴിലാളി വിരുദ്ധമാണ്‌. 1984ല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തതാണ്‌ ഈ 10 കമ്പനികള്‍. ഉടമകള്‍ അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികളെ സംരക്ഷിക്കാനാണ്‌ അന്നത്തെ സര്‍ക്കര്‍ ഈ നടപടി കൈക്കൊണ്ടത്‌. ദീര്‍ഘകാലം അടഞ്ഞ്‌ കിടന്നിരുന്നതിനാല്‍ കെട്ടിടങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നു. കോടിക്കണക്കിന്‌ രൂപ സര്‍ക്കാര്‍ ചെലവഴിച്ച്‌ പുനര്‍നിര്‍മ്മിച്ചാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. കശുവണ്ടി തൊഴിലാളികളുടെ സഹകരണ സംഘങ്ങളുടെ അപെക്‌സ്‌ ബോഡിയായ കാപെക്‌സ്‌ കഴിഞ്ഞ 30 വര്‍ഷമായി നടത്തിവരുന്ന 10 കമ്പനികളാണ്‌, പഴയ ഉടമകള്‍ക്ക്‌ തിരിച്ചേല്‌പിക്കണമെന്ന്‌ സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്‌. പഴയ ഉടമകളില്‍ എട്ട്‌ പേര്‍ സര്‍ക്കാരില്‍ നിന്ന്‌ മുഴുവന്‍ നഷ്‌ടപരിഹാരവും കൈപ്പറ്റിയതാണ്‌. രണ്ട്‌ ഉടമകളാണ്‌ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്‌ത്‌ കോടതിയെ സമീപിച്ചത്‌. 1984ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഇടയായ സാഹചര്യവും, തുടര്‍ന്ന്‌ കഴിഞ്ഞ 30 വര്‍ഷമായി കാപെക്‌സ്‌ പ്രസ്‌തുത കമ്പനികള്‍ തൊഴിലാളികള്‍ക്ക്‌ ജോലി നല്‍കി നടത്തിവരികയാണെന്നും കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു. സര്‍ക്കാര്‍, കമ്പനി ഉടമകള്‍ക്ക്‌ വേണ്ടി ഒത്തുകളിച്ചതാണെന്ന ആരോപണം ഗൗരവതരമാണ്‌. എല്ലാ രംഗത്തും സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്ന യുഡിഎഫ്‌ സര്‍ക്കാര്‍, തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണ്‌. സുപ്രീം കോടതി വിധിക്കെതിരെ റിവിഷന്‍ ഹര്‍ജി നല്‍കാനും ഏറ്റെടുത്ത കമ്പനികള്‍ കാപെക്‌സിന്‌ കീഴില്‍ സംരക്ഷിച്ച്‌ നിലനിര്‍ത്താനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന്‌ ആവശ്യപ്പെടുന്നു.


തിരുവനന്തപുരം
06.02.2015

***