ഇന്ധനവില കുറഞ്ഞ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കുറയ്‌ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അസംസ്‌കൃത എണ്ണവില വീപ്പയ്‌ക്ക് 80 ഡോളറായി ഇടിഞ്ഞിട്ടുണ്ട്. ആഗോളതലത്തിലെ ഈ പ്രതിഭാസത്തിന്റെ ഭാഗമായി പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ത്യയില്‍ ഗണ്യമായി കുറയേണ്ടതാണ്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ചുമത്തി വിലക്കുറവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായി ലഭ്യമാക്കിയിട്ടില്ല. എങ്കിലും ഡീസല്‍ വില 50 രൂപയിലേക്ക് എത്തിയിട്ടുണ്ട്. അതിനാല്‍ ബസ് ചാര്‍ജ് ആനുപാതികമായി കുറച്ച് ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം.
കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനുള്ളില്‍ സംസ്ഥാനത്ത് ഒമ്പതുതവണ ബസ്‌ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മേയിലും നിരക്ക് കൂട്ടി. അതിനു മുഖ്യകാരണമായി ചൂണ്ടിക്കാട്ടിയത് ഇന്ധനവിലയുടെ വര്‍ദ്ധനവാണ്. തമിഴ്‌നാട്, കര്‍ണാടക, പുതുശ്ശേരി തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ബസ് ടിക്കറ്റ്‌നിരക്ക് ഉയര്‍ന്നതാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസിയെക്കാള്‍ കൂടുതല്‍ ബസുകള്‍ ഓടിക്കുന്നത് സ്വകാര്യ മുതലാളിമാരാണ്. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആര്‍ടിസിയെ തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് എത്തിച്ചത് യുഡിഎഫ് ഭരണത്തിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും അഴിമതിയുമാണ്. അതിനാല്‍ കെഎസ്‌ആര്‍ടിസിയുടെ രക്ഷയും ടിക്കറ്റ്‌നിരക്ക് കുറയ്‌ക്കുന്നതിനെയും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. ഡീസല്‍ വിലയിലെ കുറവ് കണക്കിലെടുത്ത് ടിക്കറ്റ് നിരക്ക് എത്രയും വേഗം കുറച്ച് ജനങ്ങള്‍ക്ക് സഹായകമേകണം.
തിരുവനന്തപുരം
13.02.2015
***