സിപിഐ(എം) കേരള സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-വികസന സ്‌തംഭനം മുറിച്ചുകടക്കാന്‍ ഭരണമാറ്റം അനിവാര്യം
1. കേരളത്തിന്റെ വികസന കുതിപ്പിന് യു.ഡി.എഫ് ഭരണം കടിഞ്ഞാണ്‍ ഇട്ടിരിക്കുന്നു. എല്ലാം വികസന മേഖലയിലും തിരിച്ചടിയും തിരിച്ചുപോക്കുമാണ്. റബ്ബറിന്റെ വിലയിടിവ് മലയോര മേഖലകളെ തളര്‍ത്തിയിരിക്കുന്നു. ഇത് ഈ മേഖലയിലെ നിക്ഷേപത്തേയും ഉദ്‌പാദന ക്ഷമതയെയും പ്രതികൂലമായി ബാധിക്കും എന്ന് തീര്‍ച്ചയാണ്. തേയിലയും വിലത്തകര്‍ച്ച നേരിടുന്നു. നെല്‍ കൃഷി ഓരോ വര്‍ഷം കഴിയുന്തോറും ശോഷിച്ചുകൊണ്ടിരിക്കുന്നു. പരമ്പരാഗത വ്യവസായങ്ങള്‍ സമൂലമായ തകര്‍ച്ചയിലാണ്. ഇങ്ങനെ പോയാല്‍ ബീഡി വ്യവസായം പോലെ കയറും കൈത്തറിയും അന്യം നില്‍ക്കുന്ന കാലം വിദൂരമല്ല. 4 ലക്ഷത്തില്‍ പരം പേര്‍ പണിയെടുത്തിരുന്ന കയര്‍ വ്യവസായത്തില്‍ ഇന്ന് 50,000 പേര്‍ക്കേ പണിയുള്ളൂ. മത്സ്യമേഖലയിലെ വിഭവ ശോഷണവും കൊള്ളയും മൂലം മത്സ്യ തൊഴിലാളികളുടെ വരുമാനം ഇടിയുന്നു. അട്ടപ്പാടിയില്‍ ഉള്‍പ്പെടെയുള്ള ആദിവാസികളുടെ ദുരവസ്ഥ കേരളത്തിന് മാനകേടായിരിക്കുന്നു. വളരെ വേഗത്തില്‍ വളര്‍ന്നിരുന്ന ഒരു മേഖലയായിരുന്നു കെട്ടിടനിര്‍മ്മാണം. റിയല്‍ എസ്റ്റേറ്റ് ബിസിനസ് മാന്ദ്യവും നിര്‍മ്മാണ സാമഗ്രികളുടെ ദൈര്‍ലഭ്യം മൂലം ഈ മേഖലയും സ്‌തംഭനത്തിലാണ്. ഷോപ്പിങ് മാളുകളുടെയും ഇന്റര്‍നെറ്റ് വ്യാപാരത്തിന്റെയും വളര്‍ച്ച ചെറുകിട വ്യാപാര മേഖലകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കര്‍ഷക തൊഴിലാളികളുടെ പ്രവൃത്തിദിനങ്ങളും കുറഞ്ഞുകൊണ്ടിരിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഒരു അത്താണി ആകേണ്ടതായിരുന്നു തൊഴിലുറപ്പ് പദ്ധതി. അതും തകര്‍ത്തിരിക്കുകയാണ്. അങ്ങനെ കേരളത്തില്‍ മഹാഭൂരിപക്ഷം ജനങ്ങളെ സംബന്ധിച്ചിടത്തോളം യു.ഡി.എഫ് ഭരണം വറുതിയുടെ കാലമായിമാറി.
2. കേരളത്തിന്റെ പെരുമയായ വിദ്യാഭ്യാസ ആരോഗ്യാദി മേഖലകള്‍ വലിയ വെല്ലുവിളികളെ നേരിടുകയാണ്. പൊതു വിദ്യാഭ്യാസത്തെ തകര്‍ത്തുകൊണ്ട്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുകൊണ്ടിരിക്കുകയാണ്. ജില്ല തോറും മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുവാന്‍ വെമ്പല്‍ കൊണ്ട് നടക്കുന്നവര്‍ പ്രാഥമിക ആരോഗ്യ സംവിധാനങ്ങളെ അവഗണിക്കുകയാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ സാശ്രയ കോളേജുകള്‍ക്കാണ് ഇന്ന് ആധിപത്യം. യു.ഡി.എഫ് ഭരണത്തിനു കീഴില്‍ അവര്‍ സര്‍വ്വ സ്വതന്ത്രരായി മാറിയിരിക്കുകയാണ്. എയ്‌ഡഡ് മേഖലയില്‍ പോലും ഓട്ടോണമസ് കോളേജുകളുടെ രൂപത്തില്‍ സ്വകാര്യ മാനേജുമെന്റുകളുടെ സര്‍വ്വാധിപത്യമായിരിക്കുന്നു.
3. വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ഒരു താങ്ങായി വര്‍ത്തിക്കേണ്ടുന്ന മാവേലി സ്റ്റോറുകളും കണ്‍സ്യൂമര്‍ സ്റ്റോറുകളുമെല്ലാം യു.ഡി.എഫ് നാമാവശേഷമാക്കി. പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ച കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്‌ക്ക് ഭീഷണിയായിരിക്കുകയാണ്.
4. മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ചതോ തുടങ്ങിയതോ അല്ലാത്ത മറ്റൊരു വ്യവസായ സ്ഥാപനം പോലും കൊണ്ടുവരുന്നതിന് യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളെയെല്ലാം പുനരുദ്ധരിക്കുകയും ലാഭത്തിലാക്കുകയും ചെയ്‌തു. എന്നാല്‍ ഇന്ന് 6 എണ്ണം ഒഴികെ എല്ലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. എല്‍.ഡി.എഫ് ഭരണത്തിന് കീഴില്‍ തുടങ്ങിയ എട്ട് പുതിയ പൊതു മേഖല സ്ഥാപനങ്ങളില്‍ ഒന്ന് പോലും ഇന്ന് പ്രവര്‍ത്തന ക്ഷമമല്ല. കോമളപുരം സ്‌പിന്നിംഗ് മില്‍ പോലുള്ളവയില്‍ പുത്തന്‍ യന്ത്രങ്ങളും മറ്റ് എല്ലാ സജ്ജീകരണങ്ങളുമുണ്ടായിട്ടും ഒറ്റദിവസം പോലും തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് യു.ഡി.എഫ് ന് കഴിഞ്ഞില്ല.
5. ആധുനിക വ്യവസായങ്ങളുടെയും ഐ.ടി, ടൂറിസം പോലുള്ളവയുടെ വളര്‍ച്ചയ്‌ക്ക് അത്യന്താപേക്ഷിതമാണ് പാശ്ചാത്തല സൗകര്യം. ഇടതുപക്ഷ സര്‍ക്കാര്‍ രൂപം നല്‍കിയ എല്ലാ സംസ്ഥാന പാതകളും ജില്ലാ പാതകളും ആധുനിക റോഡുകളാക്കി മാറ്റാനുള്ള 40,000 കോടി രൂപയുടെ പദ്ധതി യു.ഡി.എഫ് അട്ടിമറിച്ചു. ധനപ്രതിസന്ധി മൂലം മരാമത്ത് മേഖല സ്‌തഭനത്തിലേക്ക് നീങ്ങുകയാണ്. ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പരാജയപ്പെട്ടതുകൊണ്ട് ഗ്യാസ് ടെര്‍മിനലിന്റെ ചെറുഭാഗം ശേഷി മാത്രമേ ഇന്ന് ഉപയോഗിക്കുന്നുള്ളു. കൊച്ചി തുറമുഖം നഷ്ടത്തിലാണ്. മറ്റൊരു തുറമുഖവും നമുക്ക് വികസിപ്പിക്കാനും കഴിഞ്ഞിട്ടില്ല. കേരളത്തിലെ ഒരു വിമാനത്താവളത്തിനുപോലും അന്താരാഷ്ട്ര പദവി നേടിയെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിനു കഴിഞ്ഞില്ല. യു.ഡി.എഫ് ഭരണം കേരളത്തെ വീണ്ടും വൈദ്യുതി ക്ഷാമത്തിലേക്കും ഇരുട്ടിലേക്കും നയിച്ചിരിക്കുകയാണ്. സ്ഥാപിത ശേഷിയിലും ഉദ്‌പാദനത്തിലും നാമമാത്രമായ വര്‍ദ്ധന സൃഷ്ടിക്കുന്നതിന് കഴിഞ്ഞിട്ടുള്ളു. വൈദ്യുതി ചാര്‍ജ്ജും വെള്ളക്കരവും കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ഇവയെല്ലാം നമ്മുടെ ഭാവിയുടെ മേല്‍ കരി നിഴല്‍ വീഴ്‌ത്തുകയാണ്.
6. പരിസ്ഥിതി സംരക്ഷണത്തെ വികസനവുമായി ഉള്‍ച്ചേര്‍ക്കുന്നതിനുവേണ്ടിയുള്ള ഒട്ടേറെ നടപടികള്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം. ഈ നിയമത്തേയും യു.ഡി.എഫ് അട്ടിമറിച്ചിരിക്കുകയാണ്. നെല്‍വയല്‍ വ്യാപകമായി നികത്തിക്കൊണ്ടിരിക്കുന്നു. എന്നു മാത്രമല്ല, ഭൂപരിധി നിയമത്തെ അട്ടിമറിക്കുന്നതിലൂടെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൊള്ളയ്‌ക്ക് ഒരു ഉപാധിയായി ഭൂമിയെ മാറ്റിയിരിക്കുന്നു.
7. യു.ഡി.എഫിന്റെ നാലുവര്‍ഷത്തെ ഭരണത്തിന്റെ ഏറ്റവും ദുര്‍ബ്ബലമായ മറ്റൊരു കണ്ണി ധനകാര്യ മേഖലയിലെ തകര്‍ച്ചയും അരാജകത്വവുമാണ്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം നികുതി വരുമാനം ഗണ്യമായി കുറഞ്ഞു. ഇതിന്റെ ഫലമായി റവന്യു ചിലവുകള്‍ക്ക് പണമില്ലാതെയായി. റവന്യു കമ്മി അഭൂതപൂര്‍വ്വമായി ഉയര്‍ന്നു. അതുമൂലം വായ്‌പ എടുക്കുന്ന ഏതാണ്ട് മുഴുവന്‍ പണവും റവന്യു ചിലവുകള്‍ക്കായി നീക്കിവയ്‌ക്കേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ മരാമത്ത് പണികളുടെ ബില്ലുകള്‍ക്ക് കൊടുക്കാന്‍ പണം ഇല്ലാതെ വരികയാണ്. ഇതിന്റെ0 ഫലം വികസന സ്‌തംഭനമാണ്.
8. വികസന പ്രതിസന്ധിക്ക് യു.ഡി.എഫിന്റെ പരിഹാരം നിയോ ലിബറല്‍ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഓരോ വികസന മേഖലയിലും അവ നടപ്പിലാക്കിക്കൊണ്ടിരുന്ന ഈ പരിപാടികളെ ദീര്‍ഘകാലത്തേക്കുള്ള ഒരു സമഗ്ര നിയോ ലിബറല്‍ അജണ്ടയായി രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമമാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ `പദ്ധതി പരിപ്രേക്ഷ്യം 2030' എന്ന രേഖ. ഇടതുപക്ഷം മുന്നോട്ടുവച്ചതും കേരള സമൂഹത്തില്‍ പൊതുവില്‍ അംഗീകാരം നേടിവരുന്നതുമായ ജനകീയ വികസന കാഴ്‌ചപ്പാടിന് കടകവിരുദ്ധമാണ് യുഡിഎഫിന്റെ പരിപ്രേക്ഷ്യം.
9. ഈ രേഖയില്‍ സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ പുതുക്കിപ്പണിയുന്നതിനുള്ള ഒറ്റമൂലിയായി യു.ഡി.എഫ് കാണുന്നത് വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളുടെ വാണിജ്യവല്‍ക്കരണമാണ്. നമ്മുടെ വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളെ അന്തര്‍ദേശീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അഴിച്ചുപണിയുമെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇതിനായി അഞ്ച് ആഗോള വിദ്യാഭ്യാസ-ആരോഗ്യ ഹബ്ബുകള്‍ സ്ഥാപിക്കും. ഈ കേന്ദ്രങ്ങളിലേക്ക് വിദേശ സര്‍വ്വകലാശാലകളേയും ബഹുരാഷ്‌ട്ര ആരോഗ്യ കുത്തകകളേയും നാടന്‍ നിക്ഷേപകരേയും ആകര്‍ഷിക്കും. ഇവിടെ സ്ഥാപിക്കപ്പെടുന്ന സ്ഥാപനങ്ങളെ നിയമം വഴി ഇന്ന് നിലനില്‍ക്കുന്ന വിവിധങ്ങളായ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും. നാളിതുവരെ വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍ സംബന്ധിച്ച് കേരളം പുലര്‍ത്തിപ്പോന്ന പുരോഗമന കാഴ്‌ചപ്പാടുകള്‍ക്ക് കടകവിരുദ്ധമാണ് യു.ഡി.എഫിന്റെ സമീപനം. സാമൂഹ്യനീതിയുടേയും മെരിറ്റിന്റേയും നിഷേധമായിരിക്കും ഈ വാണിജ്യവല്‍ക്കരണത്തിന്റെ അനന്തരഫലം.
10. കാര്‍ഷികമേഖലയ്‌ക്ക് പ്രതിവര്‍ഷം രണ്ടുശതമാനം വളര്‍ച്ചയേ യു.ഡി.എഫിന്റെ വികസന പരിപ്രേക്ഷ്യത്തില്‍ ലക്ഷ്യമിടുന്നുള്ളൂ. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില, കൃഷിഭൂമിയുടെ പട്ടയം, ഗ്രൂപ്പ് ഫാമിംഗ്, ലേബര്‍ ബാങ്ക് പോലുള്ള കാര്‍ഷിക സംവിധാനങ്ങള്‍, സ്ഥല-ജല പരിപാലനം, നീര്‍ത്തടാസൂത്രണം തുടങ്ങിയ കാതലായ പ്രശ്‌നങ്ങളെ പരിപ്രേക്ഷ്യം 2030 അവഗണിക്കുന്നു. കേരളത്തിന്റെ കാര്‍ഷിക ഘടനയെയോ പ്ലാന്റേഷന്‍ മേഖലയുടെയും പുരയിട കൃഷിയുടെയും പ്രത്യേകതകളെയോ പാരിസ്ഥിതിക പ്രശ്‌നങ്ങളെയോ കണക്കിലെടുക്കുന്നില്ല. സഹകരണമേഖലയെ കോര്‍പ്പറേറ്റൈസ് ചെയ്യാനാണ് ശ്രമം. 2030 ആകുമ്പോള്‍ സംസ്ഥാന വരുമാനത്തില്‍ വ്യവസായത്തിന്റെ വിഹിതം
8 ശതമാനത്തില്‍നിന്ന് 10 ശതമാനമായി ഉയര്‍ത്താനേ ലക്ഷ്യമിടുന്നുള്ളൂ. കേരളത്തിലെ ഭാവി വ്യവസായം സംബന്ധിച്ച കാഴ്‌ചപ്പാടില്‍ പൊതുമേഖലയ്‌ക്ക് സ്ഥാനമില്ല. ഡിമാന്റ് മാനേജ്‌മെന്റിലൂടെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനാകും എന്ന തെറ്റായ കാഴ്‌ചപ്പാടാണ് യു.ഡി.എഫ് രേഖ മുന്നോട്ടുവയ്‌ക്കുന്നത്.
11. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവച്ച ആശയമായിരുന്നു സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷിതത്വം. ജനനം മുതല്‍ മരണം വരെയുള്ള പൗരന്മാരുടെ ഓരോ ഘട്ടത്തിലും സുരക്ഷിതത്വത്തിന് സര്‍ക്കാര്‍ കൈത്താങ്ങായി മാറുംവിധം എല്ലാ സാമൂഹ്യക്ഷേമ-സുരക്ഷിതത്വ പരിപാടികളേയും കോര്‍ത്തിണക്കി ഒരു സമഗ്ര പരിപാടിക്ക് രൂപം നല്‍കാനായിരുന്നു ശ്രമം. ഇത്തരമൊരു കാഴ്‌ചപ്പാടേ യു.ഡി.എഫിന്റെ രേഖയിലില്ല. കമ്പോളത്തിനാണ് നിര്‍ണ്ണായക സ്ഥാനം. ജനകീയാസൂത്രണത്തിന്റെയും കുടുംബശ്രീയുടെയും നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള കാഴ്‌ചപ്പാട് യു.ഡി.എഫ് പരിപ്രേക്ഷ്യത്തിലില്ല.
12. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷ ബദലിനെ കഴിയൂ. ഇതിന് കേരള പഠന കോണ്‍ഗ്രസ്സിലൂടെ ഇ.എം.എസ് തുടക്കം കുറിച്ചത്. ഇതുവരെ മൂന്ന് അന്താരാഷ്‌ട്ര കേരള പഠന കോണ്‍ഗ്രസ്സുകള്‍ നടക്കുകയുണ്ടായി. നാലാമത്തേതിന് തയ്യാറെടുക്കുകയാണ്. കേരളത്തിന്റെ ജനാധിപത്യ ക്ഷേമ പൈതൃകങ്ങളെ സംരക്ഷിച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനാണ് പരിശ്രമിക്കേണ്ടത്. വിദ്യാസമ്പന്നരായ പുതിയ തലമുറയുടെ പ്രതീക്ഷകള്‍ക്കനുസൃതമായ തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്‌ടിക്കണം. ഇതിനുള്ള ഇടതുപക്ഷ അജണ്ടയുടെ സമീപനം ഇതാണ്: വിജ്ഞാനാധിഷ്‌ഠിതവും സേവന പ്രധാനവും വൈദഗ്‌ദ്ധ്യത്തിലൂന്നിയതും മൂല്യവര്‍ദ്ധിതവുമായ വ്യവസായ നാളിലേക്ക് നാം തിരിയണം. ഈ ചുവടുമാറ്റത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ എത്രയും വേഗം സൃഷ്‌ടിക്കണം. അതോടൊപ്പം കൃഷിയേയും പരമ്പരാഗത മേഖലകളേയും നവീകരിക്കുകയും ഇവിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും വേണം. പൊതുമേഖലയെ ശക്തിപ്പെടുത്തണം. വികസന പ്രക്രിയ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകണം. സ്‌ത്രീ നീതി ഉറപ്പുവരുത്തണം. പൊതുവിദ്യാഭ്യാസ-ആരോഗ്യാദി സംവിധാനങ്ങളെ സംരക്ഷിക്കണം. ദാരിദ്ര്യത്തിന്റെ തുരുത്തുകള്‍ ഇല്ലാതാക്കണം. ഇതാണ് ഉരുത്തിരിഞ്ഞുവന്ന പുതിയ വികസന ഈ കാഴ്‌ചപ്പാട്.
13. ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വര്‍ഗീയ തീവ്ര നവലിബറല്‍ നയങ്ങള്‍ ഒരു ഇടതുപക്ഷ ജനാധിപത്യ പരിപാടി നടപ്പിലാക്കുന്നതിന് ശക്തമായ പരിമിതികള്‍ സൃഷ്‌ടിക്കുന്നുണ്ട്. ഈ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനോടൊപ്പം ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടിയുള്ള ഒരു കര്‍മ്മപരിപാടിക്ക് രൂപം നല്‍കാനാണ് ശ്രമിക്കുന്നത്.
14. യു.ഡി.എഫ് ഭരണം അവസാനിപ്പിച്ചുകൊണ്ടേ ഈ ബദല്‍ വികസന നയം നടപ്പാക്കാന്‍ കഴിയൂ. അഴിമതിയും കെടുകാര്യസ്ഥതയും ഖജനാവിനെ കാലിയാക്കിയിരിക്കുന്നു. എല്ലാ വികസന മേഖലകളും പൊതുപണം ചോര്‍ത്തുന്നതിനുള്ള ഉപാധികളാക്കി യു.ഡി.എഫ് അധഃപതിപ്പിച്ചിരിക്കുന്നു. ജനപങ്കാളിത്തത്തിനു പകരം സ്വകാര്യവല്‍ക്കരണം ആദര്‍ശമാക്കിയിരിക്കുന്നു. കേരളത്തിലെ വികസന സ്‌തംഭനം മുറിച്ചുകടക്കുന്നതിന് ഒരു ഭരണമാറ്റം അനിവാര്യമാണ്. യു.ഡി.എഫിന്റെ വികലമായ വികസന കാഴ്‌ചപാടിനെയും വികസന ദുര്‍ഭരണത്തെയും തുറന്ന് കാണിക്കുന്നതിനും ബദല്‍ വികസന നയങ്ങള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിന് വേണ്ടി ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.
ആലപ്പുഴ,
21.02.2015.
***