സിപിഐ(എം) കേരള സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-അധികാരവികേന്ദ്രീകരണം അട്ടിമറിച്ചതിനെതിരെ അണിനിരക്കുക
കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ സ്വയംഭരണ സംവിധാനങ്ങളാക്കി മാറ്റുന്നതില്‍ ചരിത്രപരമായ പങ്ക് വഹിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. എന്നാല്‍ അധികാരത്തിലേറിയ ഘട്ടങ്ങളിലെല്ലാം അധികാരവികേന്ദ്രീകരണത്തെ അട്ടിമറിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്‌തത്. 1957ലും 1967ലും ഇടതുപക്ഷം കൊണ്ടുവന്ന അധികാര വികേന്ദ്രീകരണ നിയമം പിന്നീട് അധികാരത്തില്‍ വന്ന വലതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചില്ല. 1978ല്‍ ഉണ്ടാക്കിയ ജില്ലാകൗണ്‍സില്‍ നിയമവും പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിച്ചില്ല. 1991ല്‍ ജില്ലാകൗണ്‍സിലുകളെ പണം തിരിച്ചുപിടിച്ച് നിര്‍ജ്ജീവമാക്കുകയും പിന്നീട് കൗണ്‍സിലുകളെ തന്നെ പിരിച്ചുവിടുകയും ചെയ്‌തു. 2001 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരാവട്ടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വെട്ടിക്കുറക്കുന്ന നില സ്വീകരിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കുന്ന നിലയില്‍ ഇടപെടുകയുമുണ്ടായി.
1996ല്‍ നായനാര്‍ സര്‍ക്കാര്‍ കേരളത്തില്‍ അധികാരവികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കുന്നതിന് ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുന്നതിന് തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞില്ല. അധികാരവികേന്ദ്രീകരണത്തിന് അനുകൂലമായി കീഴ്‌ത്തട്ടില്‍ ജനകീയ ഐക്യവും പൊതുജനാഭിപ്രായവും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം സംജാതമായത്. എങ്കിലും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആസൂത്രണത്തിലെ ജനകീയതയുടെ അംശം ചോര്‍ത്തിക്കളയുകയും അവ ഉദ്യോഗസ്ഥ കേന്ദ്രീകൃതമാക്കിത്തീര്‍ക്കുകയും ചെയ്‌തു. അധികാരവികേന്ദ്രീകരണം വ്യവസ്ഥാപിതമാക്കുന്നതിനു വേണ്ടി ആവിഷ്‌കരിച്ചിരുന്ന വിവിധപരിപാടികള്‍ അട്ടിമറിക്കപ്പെട്ടു. ജനപങ്കാളിത്തം ദുര്‍ബലപ്പെട്ടു. അഴിമതി വ്യാപകമായി. ഈ തിരിച്ചടികള്‍ മറികടക്കുന്നതിനുളള പരിശ്രമമാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെയ്‌തത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ മുന്‍കാലങ്ങളില്‍ വലതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച അതേ സമീപനം കൂടുതല്‍ തീവ്രമായി നടപ്പിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും സുപ്രധാനമായ നേട്ടം ഡിആര്‍ഡിഎ നിര്‍ത്തലാക്കി ഗ്രാമവികസന വകുപ്പിനെ പൂര്‍ണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ലയിപ്പിച്ചതാണ്. ഒരു മന്ത്രി, ഒരു സെക്രട്ടറി, ഒരു കോമണ്‍ ഉദ്യോഗസ്ഥ കേഡര്‍ എന്നതായിരുന്നു ആവശ്യം. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഗ്രാമവികസന വകുപ്പിനെ മാത്രമല്ല, പഞ്ചായത്തുകളെയും നഗരസഭകളെയും തമ്മില്‍ വേര്‍പെടുത്തിയിരിക്കുകയാണ്. മൂന്നു മന്ത്രിമാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏകോപനസമിതി ഒന്നോ രണ്ടോ തവണയാണ് യോഗം ചേര്‍ന്നത്. ഏകോപനമില്ലായ്‌മയാണ് ഇന്നത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഖമുദ്ര. സുദീര്‍ഘമായ പരിശ്രമത്തിന്റെ ഭാഗമായി രൂപം നല്‍കിയ ഏകീകൃത കേഡര്‍ നയം ഉപേക്ഷിച്ചിരിക്കുകയാണ്. ഗ്രാമവികസന വകുപ്പിനായി പ്രത്യേക എഞ്ചിനീയറിംഗ് കേഡര്‍ പുനഃസ്ഥാപിച്ചു.
ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളെ സര്‍ക്കാര്‍ അട്ടിമറിച്ചു. പദ്ധതിയുടെ 30% മാണ് താഴെക്ക് നല്‍കേണ്ടത്. ഇത് ഇപ്പോള്‍ 25% മാത്രമാണ്. അത് തന്നെ മൊത്തം പദ്ധതി അടങ്കലിന്റെതല്ല. ഇല്‌ക്ട്രീസിറ്റി ബോര്‍ഡിന്റെ 1500 കോടി രൂപ മാറ്റിവച്ചതിനു ശേഷമുള്ള അടങ്കലിന്റെ 25% മാണ് മാത്രമല്ല കരട് പദ്ധതി അടങ്കല്‍ കേന്ദ്ര-പ്ലാനിംഗ് കമ്മീഷനുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ അതിന്റെ വിഹിതം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ വിസമ്മതിച്ചു. ഈ പശ്ചാത്തലത്തില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തിന് പണം ലഭിക്കുന്നുണ്ട് എന്ന സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്റെ പ്രസ്‌താവന അത്യന്തം ആശങ്ക ഉളവാക്കുന്നു.
മറ്റൊരു ഗൗരവമായ പരിഷ്‌കാരം താഴെക്ക് പണം നല്‍കുന്ന രീതിയില്‍ വരുത്തിയതാണ്. നേരത്തെ പദ്ധതി പണം 12 ഗഡുകളായി താഴെക്ക് നല്‍കുകയും അത് തദ്ദേക ഭരണ സ്ഥാപനത്തിന്റെ ട്രഷറി അക്കൗണ്ടിലിട്ട് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക് ചിലവാക്കുകയുമാണ് ചെയ്‌തിരുന്നത്. ഇപ്പോള്‍ ഇതിന് പകരം ഒരോ പ്രോജക്ടും പൂര്‍ത്തീകരിക്കുമ്പോള്‍ ബില്‍ സമര്‍പ്പിച്ച് ട്രഷറിയില്‍ നിന്ന് മറ്റ് ഡി്‌പപാര്‍ട്ടുമെന്റുകളെ പോലെ തന്നെ പണം വാങ്ങേണ്ട ഗതികെടിലാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതിന്റെ ഫലമായി പൊതു മരാമത്ത് വകുപ്പിനും മറ്റും ബില്ലുകള്‍ കുടിശ്ശികയാകുന്നതുപോലെ തദ്ദേക സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകളും കുടിശ്ശികയാകാം.
ആസൂത്രണം ഒരു പ്രഹസനമായി മാറികഴിഞ്ഞു. ഇപ്പോള്‍ ചില ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാകും. പ്രോജക്ടുകള്‍ക്ക് പ്രതേകിച്ച അംഗീകാരം കിട്ടാന്‍ ഉദ്ദോഗസ്ഥരുടെ പുറകെ നടക്കേണ്ട സ്ഥിതിയാണ്. പലയിടത്തും ഉദ്ദ്യോഗസ്ഥഭരണമാണ്. പണം പിന്‍വലിക്കുന്നതിന് ദിവസ പരിധികള്‍ വെച്ചിരിക്കുകയാണ്. ഈ പരിധി വെച്ച് മുഴുവന്‍ ദിവസവും പണം പിന്‍വലിച്ചാലും പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലായെന്നാണ് കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തും ചൂണ്ടികാണിക്കുന്നന്നത്. ഇപ്പോള്‍ ഫെബ്രുവരി മാസം പകുതിയാകുമ്പോള്‍ 50% പണം ചിലവഴിച്ച് തീര്‍ന്നട്ടില്ല. ഈ വര്‍ഷം മുതല്‍ സ്‌പില്‍ ഓവര്‍ പ്രോജക്ടുകള്‍ക്ക് വേണ്ടി പണം അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്‌ക്കുവാന്‍ അനുവാദം കിട്ടില്ലായെന്ന് ഉത്തരവായി. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പണത്തില്‍ ഗണ്യമായൊരുഭാഗം സര്‍ക്കാരുതന്നെ തിരിച്ച് കിട്ടും എന്ന സ്ഥിതി ഉറപായിട്ടുണ്ട്.
അഴിമതി സാവര്‍ത്രികമായി. ആദ്യം ഗുണഭോക്ത സമിതികള്‍ക്ക് ചെയ്യാവുന്ന മരാമത്ത് പണികളുടെ തുക 15 ലക്ഷമായി ഉയര്‍ത്തി. ബിനാമി കമ്മറ്റികളാണ് സര്‍വ്വത്ര. ഗ്രാമസഭകള്‍ നോക്കുകുത്തികളായി ജന പങ്കാളിത്തം നാമമാത്രമായി. വിദഗ്‌ദ്ധസമിതികളായ TAG നെ ഉപേക്ഷിച്ച് ഉദ്യോഗസ്ഥ മേധാവിത്വത്തിലേക്ക് ആസൂത്രണപ്രക്രിയയെ തള്ളിവിട്ടു. പദ്ധതി അംഗീകാരം നല്‍കേണ്ട ഡി.പി.സിയെ നോക്കുകുത്തിയാക്കിക്കൊണ്ട് ജില്ലാ കളക്‌ടര്‍ അധ്യക്ഷനായ ഡി.ഡി.സിയില്‍ അധികാരം കേന്ദ്രീകരിക്കുന്ന അവസ്ഥ സൃഷ്‌ടിച്ചു.
കേരളത്തിലെ മുഴുവന്‍ ഭവന രഹിതര്‍ക്കും പാര്‍പ്പിടം നല്‍കുന്നതിനുള്ള ഇ.എം.എസ് ഭവനപദ്ധതി അട്ടിമറിച്ചുകൊണ്ട് പകരം നിര്‍ദ്ദേശിച്ച സാന്ത്വനം പദ്ധതിയെക്കുറിച്ച് പിന്നീട് കേട്ടട്ടില്ല. പാര്‍പ്പിട പദ്ധതി ആകെ അവതാളത്തിലാണ്. കേന്ദ്ര-സര്‍ക്കാരിന്റെ ഐ.എ.വൈ വീടുകള്‍ മാത്രം എടുത്താല്‍ മതിയെന്നാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം പാര്‍പ്പിടത്തിന്റെ ആനുകൂല്യം 2 ലക്ഷം രൂപയായി ഉയര്‍ത്തി. പക്ഷേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 75,000 രൂപയെ നല്‍കു. ബാക്കി ഒന്നേകാല്‍ ലക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ കണ്ടെത്തണം. അധികം വേണ്ടിവരുന്ന പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കും എന്ന പ്രഖ്യാപനങ്ങള്‍ പലതുണ്ടായെങ്കിലും ഒന്നും നടന്നില്ല. പാര്‍പ്പിട പദ്ധതിക്കും പണം മാറ്റിവച്ചാല്‍ പിന്നെ ബാക്കി പ്രോജക്ടുകള്‍ക്ക് പണം ഉണ്ടാകില്ലായെന്നസ്ഥിതിയായി. അതുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വളരെ കുറച്ച് വീടുകള്‍ക്കെ പണം നീക്കി വെയ്‌ക്കുന്നുള്ളു. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന മുദ്രാവാക്യം യു.ഡി.എഫ് ഭരണത്തില്‍ ഒരു വിദൂര സ്വപ്‌ന്മായി മാറി.
ഉത്‌പാദന മേഖലയ്‌ക്ക് മിനിമം 20% തുക നീക്കിവയ്‌ക്കണം എന്ന നിബന്ധന മാറ്റിയതോടെ കാര്‍ഷിക മേഖലയുടെ പദ്ധതി വിഹിതം കുത്തനെ കുറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗ നടത്തിപ്പില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. വനിതാ ഘടകപദ്ധതിയില്‍ വിധവകള്‍ക്ക് വീട് നല്‍കാം എന്ന് അനുവദിച്ചതോടെ കേരളത്തിന്റെ വികേന്ദ്രീകരണ ആസൂത്രണത്തിന്റെ തിലകകുറിയായിരുന്ന വനിതാ ഘടക പദ്ധതി പ്രഹസനമായി തീര്‍ന്നു.
നഗരവല്‍ക്കരണമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഖരമാലിന്യ സംസ്‌കരണമടക്കം-തദ്ദേശ ഭരണസ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വന്‍കിട പ്ലാനുകളെ കുറിച്ചാണ് പറയുന്നത്. ഉറവിട മാലിന്യ സംസ്‌കരണത്തില്‍ വിശ്വസം ഇല്ല. ജനകീയ പ്രസ്ഥാനമായി മാലിന്യ സംസ്‌കരണത്തില്‍ ഇടപെടാന്‍ തയ്യാറല്ല. ഇവയൊക്കെ മൂലം പരിഹരിക്കാന്‍ കഴിയാത്ത പ്രതിസന്ധിയായി മാലിന്യ സംസ്‌കരണം കേരളത്തില്‍ തുടരുന്നു.
ഈ പശ്ചാത്തലത്തില്‍ വരാന്‍ പോകുന്ന തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് ഒറ്റ മാര്‍ഗ്ഗമെ യു.ഡി.എഫ് കാണുന്നുള്ളു. തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ അഴിച്ചുപണിയുക. കേവലം രാഷ്ട്രീയ ലക്ഷങ്ങള്‍വച്ച് പുതിയ മുന്‍സിപ്പാലാറ്റികള്‍ക്ക് രൂപം നല്‍കുന്നു. പഞ്ചായത്തുകള്‍ സംയോജിപ്പിക്കുകയും വിഭജിക്കുകയും ചെയ്യുന്നു. തിരുവനന്തപുരം പോലുള്ള കോ-ഓപ്പറേഷന്റെ ഒരു ഭാഗം എടുത്ത് പ്രത്യേകം മുന്‍സിപ്പാലിറ്റി ആക്കുന്നു. ഈ പ്രദേശങ്ങളില്‍ വാര്‍ഡ് പുനര്‍ വിഭജനവും കൂടി നടത്തി തെരഞ്ഞെടുപ്പ് വിധി തങ്ങള്‍ക്ക് അനൂകൂലമാക്കാനാണ് യു.ഡി.ഫ് ശ്രമിക്കുന്നത്. ഈ ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ തുറന്ന് കാണിക്കുകയും നിയമപരമായി നേരിടുകയും ചെയ്യും.
കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തെ അട്ടിമറിച്ചതിനെതിരെയുള്ള ജനവിധിയായി വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റണമെന്ന് എല്ലാവരോടും സി.പി.ഐ(എം) ന്റെ സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്യുന്നു.
ആലപ്പുഴ,
21.02.2015.
* * *