പാലസ്‌തീന്‍ ജനതയ്‌ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ അപലപിച്ചും പാലസ്‌തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തിരുവനന്തപുരം
18.11.2012

പാലസ്‌തീന്‍ ജനതയ്‌ക്കെതിരെ ഇസ്രയേലിലെ സിയണിസ്റ്റ്‌ ഭരണകൂടം നടത്തുന്ന അതിഭീകരമായ കടന്നാക്രമണം ഉടന്‍തന്നെ അവസാനിപ്പിക്കുവാന്‍ അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിച്ചും വീരോചിതമായി ചെറുത്തുനില്‍ക്കുന്ന പാലസ്‌തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുവാന്‍ സി.പി.ഐ (എം) ഘടകങ്ങളോടും സമാധാനവിശ്വാസികളായ ജനങ്ങളോടും സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്‌തു.

കഴിഞ്ഞ നാലുദിവസമായി തുടരുന്ന ഇസ്രയേലി വ്യോമാക്രമണത്തിലും മിസൈല്‍ ആക്രമണത്തിലും അമ്പതോളംപേര്‍ കൊല ചെയ്യപ്പെടുകയും ആയിരങ്ങള്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. സ്‌ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും കൊല ചെയ്യപ്പെട്ടവരില്‍ ഉണ്ട്‌. ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച യുവതിയും കൊല ചെയ്യപ്പെട്ടു. ഒരു ഘട്ടത്തില്‍ 45 മിനിട്ടിനുള്ളില്‍ 85 മിസൈലുകളാണ്‌ ഇസ്രയേലികള്‍ ആക്രമണത്തിന്റെ ഭാഗമായി വിക്ഷേപിച്ചത്‌. പാലസ്‌തീന്‍ ചെറുത്തുനില്‍പ്പ്‌ പ്രസ്ഥാനത്തില്‍പ്പെട്ട ഹമാസിന്റെ സൈനിക നേതാവ്‌ അഹമ്മദ്‌ ജാബ്‌രിയെയും ആക്രമണത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ട്‌.
ഇപ്പോള്‍ നടക്കുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇസ്രയേലിന്റെ അധിനിവേശ ലക്ഷ്യങ്ങളോടൊപ്പം, വരുന്ന ജനുവരിയില്‍ നടക്കാന്‍പോകുന്ന ഇസ്രയേലിലെ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയമായി മേല്‍ക്കൈ നേടുക എന്ന ലക്ഷ്യത്തോടുകൂടി കരുക്കള്‍ നീക്കുന്ന പ്രധാനമന്ത്രി നെത്യന്യാഹുവിന്റെ കുടിലനീക്കങ്ങളുമുണ്ട്‌. 17 ലക്ഷം പാലസ്‌തീനികളെ പശ്ചിമതീരത്തും ഗാസയിലും ബന്ദികളെപ്പോലെ വളഞ്ഞുവച്ച്‌ പീഡിപ്പിക്കുകയും കൊന്നുതള്ളുകയും ചെയ്യുന്ന പൈശാചികത്വം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നഗ്നമായ പിന്തുണയോടും സാമ്പത്തിക-സൈനിക-രാഷ്‌ട്രീയ സഹായത്തോടും കൂടിയാണ്‌ നടപ്പാക്കുന്നത്‌. 2008 ഡിസംബറില്‍ 1400-ല്‍പ്പരം പാലസ്‌തീനികളെയാണ്‌ ഇത്തരത്തില്‍ കൂട്ടക്കുരുതി നടത്തിയത്‌. പ്രദേശത്ത്‌ വെള്ളവും വെളിച്ചവും മറ്റു പ്രാഥമിക ജീവിതസൗകര്യങ്ങളും നിഷേധിച്ച്‌ നരകതുല്യമായ ജീവിതമാണ്‌ ആ മണ്ണിന്റെ അവകാശമുള്ള പാലസ്‌തീനികളുടെമേല്‍ ഇസ്രയേലി ഭരണം അടിച്ചേല്‍പ്പിക്കുന്നത്‌. അഭയാര്‍ത്ഥി ക്യാമ്പുകളും ആക്രമിക്കപ്പെടുന്നു.

ഐക്യരാഷ്‌ട്രസഭയുടെ പ്രസക്തങ്ങളായ ഒട്ടേറെ പ്രമേയങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതിനും ഇസ്രയേലി സര്‍ക്കാരിന്‌ മടിയില്ല. ഒരു തെമ്മാടിരാഷ്‌ട്രമായി പെരുമാറുന്ന ഇസ്രയേലിന്‌ അമേരിക്കയുടെ പിന്തുണയാണ്‌ ഏറ്റവും വലിയ സംരക്ഷണം. സാമ്രാജ്യത്വത്തിന്റെ നിഷ്‌ഠൂരതയുടെയും നഗ്നമായ മനുഷ്യാവകാശലംഘനങ്ങളുടെയും പരസ്യമായ തെളിവാണ്‌ പാലസ്‌തീന്‍ ജനതയ്‌ക്കുമേല്‍ അമേരിക്കയുടെ സഹായത്തിലും സംരക്ഷണത്തിലും ഇസ്രയേല്‍ നടത്തുന്ന തുടര്‍ച്ചയായ കടന്നാക്രമണങ്ങള്‍.
ഇന്ത്യാഗവണ്‍മെന്റ്‌ പാലസ്‌തീന്‍ ജനതയോട്‌ ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ രംഗത്തുവരാന്‍ അറച്ചുനില്‍ക്കുകയാണ്‌. മഹാത്മാഗാന്ധിയുടെ കാലം മുതല്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനം പിന്തുടര്‍ന്നുവന്ന നിലപാട്‌ സത്യസന്ധമായി ഉയര്‍ത്തിപ്പിടിക്കുവാന്‍ കോണ്‍ഗ്രസ്സും കേന്ദ്രസര്‍ക്കാരും ഇനിയെങ്കിലും തയ്യാറാകണം. സൈനിക-സുരക്ഷാ മേഖലകളില്‍ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധങ്ങള്‍ ഇനി ഒരു നിമിഷം പോലും തുടരാന്‍ പാടില്ല. അവ ഉടനടി വിച്ഛേദിക്കണം. ആയിരക്കണക്കിന്‌ കോടി രൂപയുടെ ആയുധമാണ്‌ ഇസ്രയേലില്‍നിന്നും ഇന്ത്യ വാങ്ങുന്നത്‌. ഇസ്രയേലില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യം ഇപ്പോള്‍ ഇന്ത്യയാണ്‌. ഇതിലൂടെ സമ്പാദിക്കുന്ന പണം കൂടി പാലസ്‌തീന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള ചെലവിന്‌ ഇസ്രയേലി ഭരണകൂടം ഉപയോഗപ്പെടുത്തുന്നുണ്ട്‌ എന്നത്‌ മറന്നുകൂടാ. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്റിന്റെ കാലത്ത്‌ തുടങ്ങിയ ന്യായീകരിക്കാനാവാത്ത ഈ ഇസ്രയേല്‍ പ്രേമം പിന്നീട്‌ കോണ്‍ഗ്രസ്‌ കേന്ദ്രസര്‍ക്കാരുകള്‍ ശക്തിപ്പെടുത്തുകയായിരുന്നു. സ്വാതന്ത്ര്യദാഹികളായ പാലസ്‌തീനികളുടെ രക്തം കുടിക്കുന്ന ഇസ്രയേലി ഭരണകൂടവുമായി കൈകോര്‍ത്തുപിടിക്കുന്ന കേന്ദ്ര കോണ്‍ഗ്രസ്‌ സര്‍ക്കാരില്‍ മുസ്ലീം ലീഗ്‌ മന്ത്രിയും നിര്‍വികാരനായി ഉറച്ചിരിക്കുകയാണ്‌. ഇന്ത്യന്‍ ജനതയോട്‌ കോണ്‍ഗ്രസ്സിനും മുസ്ലീം ലീഗിനും ഇതു സംബന്ധിച്ച്‌ എന്തു വിശദീകരണമാണ്‌ നല്‍കാനുള്ളതെന്ന്‌ വ്യക്തമാക്കണം.

ഇസ്രയേല്‍ കടന്നാക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന്‌ അടിയന്തരമായി ഇന്ത്യാഗവണ്‍മെന്റ്‌ ആവശ്യപ്പെടണം. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട്‌ ഐക്യരാഷ്‌ട്രസഭ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണം. ഇസ്രയേലിനെ സംരക്ഷിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ നയത്തെ എല്ലാ സമാധാനവാദികളും ശക്തമായി അപലപിക്കണം. ആക്രമണത്തെ അപലപിച്ചുകൊണ്ടും പാലസ്‌തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും നവംബര്‍ 19-ാം തീയതി തിങ്കളാഴ്‌ച വൈകുന്നേരം എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രകടനങ്ങളും യോഗങ്ങളും നടത്താന്‍ പാര്‍ടി സഖാക്കളോടും അനുഭാവികളോടും സമാധാനകാംക്ഷികളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.

* * *