സിപിഐ(എം) കേരള സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക;മതനിരപേക്ഷതയ്‌ക്കായി പോരാടുക

 സ്വാമി വിവേകാനന്ദന്‍ `ഭ്രാന്താലയം' എന്ന്‌ കേരളത്തെ വിശേഷിപ്പിക്കുന്നതിനിടയാക്കിയ ജാതി, ജന്മി, നാടുവാഴിത്ത ജീര്‍ണതകളോട്‌ പൊരുതിക്കൊണ്ടാണ്‌ കേരളീയസമൂഹം ആധുനിക മതനിരപേക്ഷജനാധിപത്യമൂല്യങ്ങളിലേക്ക്‌ എത്തിച്ചേര്‍ന്നത്‌. ഇത്തരമൊരു സാമൂഹ്യ നിര്‍മ്മിതിക്ക്‌ മലയാളിയെ പ്രാപ്‌തമാക്കിയത്‌ വൈകുണ്‌ഠസ്വാമികളും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പൊയ്‌കയില്‍ യോഹന്നാനും ചാവറയച്ചനും മക്തിതങ്ങളും വക്കംമൗലവിയും അടങ്ങുന്ന നവോത്ഥാനായകന്മാര്‍ നടത്തിയ പോരാട്ടങ്ങളുടെ അടിത്തറയാണ്‌. ലിംഗനീതിയുടേയും സാമൂഹ്യ സമത്വത്തിന്റേയും ആശയങ്ങള്‍ കൂടുതല്‍ ശക്തമായി പ്രചരിപ്പിച്ചുകൊണ്ട്‌ വി.ടിയേയും വാഗ്‌ഭടാനന്ദനേയും പോലെയുള്ള നവോത്ഥാന നായകരും ഇടപെടുകയുണ്ടായി.

 
നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ വര്‍ഗകാഴ്‌ചപ്പാടോടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി നടത്തിയ ഇടപെടലുകളാണ്‌ കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുത്തത്‌. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ഗീയവാദത്തിനും മതജാതിയാഥാസ്ഥിതികത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പുരോഗമനാത്മകമായ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ കേരളം ഏറെ മുന്നോട്ടുപോയിട്ടുണ്ട്‌. എന്നാലിന്ന്‌ ആഗോളവല്‍ക്കരണത്തിന്റെയും പുനരുത്ഥാനപരതയുടെയും ഭീഷണിയില്‍പെട്ട്‌ കേരളീയസമൂഹം നേടിയെടുത്ത പുരോഗതിയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുകയാണ്‌. 
 
സാമ്രാജ്യത്വത്തിന്റെ നിയോലിബറല്‍ഘടനക്കാവശ്യമായ പ്രത്യയശാസ്‌ത്രപദ്ധതിയും പ്രയോഗപരിപാടിയുമെന്ന നിലയിലാണ്‌ സാര്‍വ്വദേശീയതലത്തില്‍ തന്നെ മതപുനരുത്ഥാനശക്തികളും വര്‍ഗീയവിഘടനശക്തികളും ഭീഷണമായരീതിയില്‍ വളര്‍ന്നുവരുന്നത്‌. നവോത്ഥാനത്തിന്റെയും കൊളോണിയല്‍വിരുദ്ധസമരത്തിന്റെയും ചരിത്രത്തെയും ആശയാദര്‍ശങ്ങളെയും പ്രത്യയശാസ്‌ത്രപരമായി നിരാകരിക്കുന്ന ഹിന്ദുത്വശക്തികള്‍ ദേശീയ അധികാരത്തിലെത്തിയതോടെ ഇന്ത്യയില്‍ മതനിരപേക്ഷതയും വ്യത്യസ്‌ത മതസമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദപൂര്‍ണമായ ജീവിതവും ചോദ്യംചെയ്യപ്പെടുകയാണ്‌. ഘര്‍വാപസിയും വിദ്യാഭ്യാസം ഉള്‍പ്പെടെ സര്‍വ സാമൂഹ്യമേഖലകളുടെ കാവിവല്‍ക്കരണവും സംസ്‌കാരസംഘര്‍ഷത്തിന്റെ വിധ്വംസകമായ സാഹചര്യത്തിലേക്കാണ്‌ രാജ്യത്തെ എത്തിച്ചുകൊണ്ടിരിക്കുന്നത്‌. ശാസ്‌ത്ര കോണ്‍ഗ്രസ്സില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ആധുനിക ശാസ്‌ത്രജ്ഞാനത്തേയും കണ്ടുപിടുത്തങ്ങളേയും അപഹസിക്കുന്നതും കല്‍പ്പിതകഥകളെ ശാസ്‌ത്രമായി അവതരിപ്പിക്കുന്നതുമായിരുന്നു. വൈമാനിക സാങ്കേതികവിദ്യയും പ്ലാസ്റ്റിക്‌ സര്‍ജറിയുമെല്ലാം പൗരാണിക ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു എന്ന ദേശീയസങ്കുചിതവാദപരവും ശാസ്‌ത്രവിരുദ്ധവുമായ പ്രചാരണത്തിനായി ശാസ്‌ത്രകോണ്‍ഗ്രസ്സിനെപ്പോലും വര്‍ഗീയ ഫാസിസ്റ്റുകള്‍ ഉപയോഗിക്കുന്നതാണ്‌ നാം കണ്ടത്‌. മിത്തുകളേയും ഇതിഹാസസംഭവങ്ങളേയും അധികരിച്ച്‌ സര്‍ഗാവിഷ്‌കാരങ്ങള്‍ നടത്താനുള്ള എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനുനേരെ ഹിന്ദുത്വശക്തികള്‍ ഉയര്‍ത്തിയ ഭീഷണിയുടെ സമ്മര്‍ദ്ദത്തിലാണ്‌ പെരുമാള്‍മുരുകന്‌ എഴുത്തുജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം വന്നത്‌. 
 
മുമ്പില്ലാത്തവിധം കേരളത്തിലും സംഘപരിവാര്‍അജണ്ട പ്രവര്‍ത്തനക്ഷമമായി തുടങ്ങിയിട്ടുണ്ടെന്നകാര്യം പുരോഗമനശക്തികളെ അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണ്‌. കേരളീയ സമൂഹത്തിന്റെ വികാസത്തിന്‌ ഒരു സംഭാവനയും ചെയ്യാതെ പ്രതിലോമപരത സൃഷ്‌ടിക്കുന്നതിനായി ഇടപെട്ട സംഘപരിവാര്‍ ഇപ്പോള്‍ കേരളീയ ജീവിതത്തെ മലീമസപ്പെടുത്തുന്ന രീതിയില്‍ ഇടപെടുകയാണ്‌. ജാതീയമായി ജനങ്ങളെ ധ്രുവീകരിക്കുകയും വര്‍ഗീയമായി യോജിപ്പിക്കുകയും ചെയ്യുന്ന അജണ്ടകള്‍ മുന്നോട്ടുവയ്‌ക്കുകയാണ്‌. ശക്തമായ ഇടതുപക്ഷ പാരമ്പര്യമുള്ള കേരളത്തില്‍ ഇത്തരം രീതികള്‍ എളുപ്പം അടിച്ചേല്‍പ്പിക്കാനാവില്ലെങ്കിലും ഇത്തരം ഇടപെടലുകള്‍ക്കെതിരെ തികഞ്ഞ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്‌.
 
1980-കള്‍ മുതല്‍ ഹൈന്ദവ പുനരുത്ഥാനപരത പുതിയ രൂപഭാവങ്ങളോടെ കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ഹിന്ദുത്വശക്തികള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ജീവിതരീതി വളര്‍ത്തിയെടുക്കാന്‍ ഇടപെടുകയാണ്‌. അതിന്റെ അടിസ്ഥാനത്തിലുള്ള ധര്‍മ്മാനുഷ്‌ഠാനങ്ങളെക്കുറിച്ചും മറ്റും 'ആത്മീയ' പ്രഭാഷണങ്ങളിലൂടെ പ്രചാരവേല നടത്താന്‍ ഇടപെടുകയാണ്‌. ആഗോളവല്‍ക്കരണത്തിനെതിരായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ ഇല്ലാതാക്കി ജനങ്ങളെ തമ്മിലടിപ്പിക്കുക എന്ന സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും ഇതിനു പിന്നിലുണ്ട്‌. അതിനാല്‍, ഇത്തരം പ്രവര്‍ത്തനങ്ങളെ വിദേശ ഫണ്ടിങ്ങ്‌ഏജന്‍സികളും കോര്‍പ്പറേറ്റ്‌മൂലധനശക്തികളും അകമഴിഞ്ഞ്‌ പിന്തുണയ്‌ക്കുന്നു. സംഘപരിവാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തിനിടയില്‍ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്‌. ഈ സാഹചര്യം ഉപയോഗപ്പെടുത്തി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ തീവ്രവാദ ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുകയാണ്‌. മതാധിഷ്‌ഠിത വിഭാഗങ്ങള്‍ എന്ന നിലയില്‍ സമൂഹം വിഭജിക്കപ്പെടുന്ന ആശങ്കാജനകമായ സാഹചര്യമാണ്‌ പലയിടങ്ങളിലും വളര്‍ന്നുവരുന്നത്‌. ജനങ്ങളുടെ പൊതുവായ യോജിപ്പിന്റെ അടിസ്ഥാനമായി നില്‍ക്കുന്ന പൊതുമണ്‌ഡലങ്ങളെ ബോധപൂര്‍വ്വം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്‌.
 
മന്ത്രവാദവും വിദൂരഭൂതകാലത്തിലെ വിചിത്രങ്ങളായ യാഗം പോലുള്ള അനുഷ്‌ഠാനങ്ങളും ആള്‍ദൈവങ്ങളും പ്രേതപരമ്പരകളും മുക്കിന്‌മുക്കിന്‌ നടക്കുന്ന സ്വര്‍ണപ്രശ്‌നവും താംബൂലപ്രശ്‌നവുമെല്ലാം മലയാളിയെ ആത്മബോധം നഷ്‌ടപ്പെട്ട ഒരു ജനതയായി അധഃപ്പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. മുന്‍നിര ശാസ്‌ത്രവിഷയങ്ങളില്‍ വിദ്യാഭ്യാസം നേടുകയും പ്രൊഫഷണലുകളായി ഉപജീവനം കഴിക്കുകയും ചെയ്യുന്ന മലയാളികള്‍ പോലും ശാസ്‌ത്രവിരുദ്ധവും യുക്തിരഹിതവുമായ വിശ്വാസാചാരങ്ങളെ ഭ്രാന്തമായി പിന്തുടരുന്ന വിരോധാഭാസമാണ്‌ ഇന്നുള്ളത്‌. പല സാമൂഹ്യശാസ്‌ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടതുപോലെ ഇവിടെ മതപരമായ വിഭജനം രാഷ്‌ട്രീയ വ്യവഹാരത്തിന്റെയും പ്രചരണത്തിന്റെയും തലംവിട്ട്‌ ജനങ്ങളുടെ സാമാന്യബോധത്തിന്റെയും സമൂഹത്തിന്റെ അബോധത്തിന്റെയും മണ്‌ഡലങ്ങളിലേക്ക്‌ വ്യാപിച്ചുതുടങ്ങിയിരിക്കുകയാണ്‌. 
 
കേരളത്തില്‍ 1930-കളോടെ സജീവമായ ഇടതുപക്ഷ സംഘടനകളുടെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനഫലമായിട്ടാണ്‌ സാംസ്‌കാരിക മണ്‌ഡലത്തില്‍ ആധുനിക സോഷ്യലിസ്റ്റ്‌ മതേതര ആശയങ്ങളും സാമ്പത്തികഘടനയില്‍ പുരോഗമനവര്‍ഗങ്ങളുടെ രൂപീകരണവും സാധ്യമായത്‌. നവോത്ഥാനമുയര്‍ത്തിക്കൊണ്ടുവന്ന ജാതിവിരുദ്ധസമരങ്ങള്‍ ജന്മിത്വവിരുദ്ധസമരങ്ങളായി വികസിപ്പിച്ചത്‌ കമ്യൂണിസ്റ്റുകാരായിരുന്നു. ഭൂപരിഷ്‌കരണവും തൊഴിലാളിവര്‍ഗ സമരങ്ങളുമാണ്‌ സാമൂഹ്യനവീകരണത്തിനും ഇടതുപക്ഷ മതനിരപേക്ഷബോധത്തിനും അടിത്തറയിട്ടത്‌. ഇന്നിപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്‍കൈയില്‍ നേടിയെടുത്ത പുരോഗമനവര്‍ഗങ്ങളുടെ പ്രത്യയശാസ്‌ത്രപരമായ അധീശത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ്‌ നവചാതുര്‍വര്‍ണ്യപ്രസ്ഥാനങ്ങളും രാഷ്‌ട്രീയഇസ്ലാമിസവും മതപുനരുത്ഥാനശക്തികളും നാനാവിധമായ സ്വത്വരാഷ്‌ട്രീയ ഗ്രൂപ്പുകളും സമൂഹത്തെയാകെ സംഘര്‍ഷകലുഷിതമാക്കാന്‍ ശ്രമിക്കുന്നത്‌. 
 
കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ജാതി ചിന്ത ശക്തിപ്പെടുത്താനും ജാതി സ്വത്വത്തെ അടിസ്ഥാനപ്പെടുത്തി സ്വത്വരാഷ്‌ട്രീയം വളര്‍ത്തി എടുക്കാനുമുള്ള ജാഗ്രതയായ പ്രവര്‍ത്തനങ്ങളും കേരളീയ സമൂഹത്തില്‍ നടന്നുവരുന്നുണ്ട്‌. സ്വത്വരാഷ്‌ട്രീയത്തെ ഭരണ വര്‍ഗ രാഷ്‌ട്രീയ പാര്‍ടികള്‍ അവരുടെ താല്‍പര്യത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്‌. പിന്നണിയില്‍ നില്‍ക്കുന്ന മനുഷ്യന്റെ സ്വത്വബോധത്തെ തിരിച്ചറിയാനും അത്തരം പ്രശ്‌നങ്ങളില്‍ ശക്തിയായി ഇടപെടാനും നടത്തുന്നു ശ്രമങ്ങളിലൂടെ മാത്രമേ സ്വത്വ രാഷ്‌ട്രീയത്തെ പ്രതിരോധിക്കുന്നതിനുള്ള ഇടപെടല്‍ മുന്നോട്ടുകൊണ്ടുപോകാനാവും. 
 
ചരിത്രത്തിന്റെ സ്വാഭാവികവും പുരോഗമനോത്മുഖവുമായ പ്രയാണത്തിന്‌ വിഘാതം സൃഷ്‌ടിക്കുന്ന ഭൗതികശക്തിയായി പ്രത്യയശാസ്‌ത്രരംഗത്തെ കാലഹരണപ്പെട്ട വിശ്വാസങ്ങളും മൂല്യങ്ങളും പുനരുജ്ജീവനം തേടുമ്പോള്‍ ഇടതുപക്ഷ സംഘടനകള്‍ അവരുടെ ആശയസമരത്തെ ആഴത്തിലും സമഗ്രതയിലും വ്യാപിപ്പിക്കേണ്ടതുണ്ട്‌. ഫ്യൂഡലിസത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ ആശയങ്ങള്‍ക്ക്‌ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ട്‌. ഹിന്ദുമതത്തില്‍ മാത്രമല്ല മുസ്ലീം, ക്രിസ്‌ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയിലും പുനരുത്ഥാനപരത തീവ്രതരമാവുകയാണ്‌. ഹിന്ദുരാഷ്‌ട്ര മുദ്രാവാക്യവും പാന്‍ ഇസ്ലാമിസം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വര്‍ഗീയ ചിന്തകളും അതുമായി യോജിച്ചുപോകുന്ന ആഗോളവല്‍ക്കരണ നയങ്ങളും എല്ലാം ചേര്‍ന്നാണ്‌ പുതിയ പുനരുത്ഥാന-വര്‍ഗീയവല്‍ക്കരണ പ്രക്രിയ സജീവമായിരിക്കുന്നത്‌. അതോടൊപ്പം കേരളത്തിലെ ഉല്‍പാദനബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സങ്കിര്‍ണമായ മാറ്റങ്ങളും സ്വാതന്ത്ര്യാനന്തരം ഉണ്ടായ വികസനത്തിന്റെ മുഖ്യപ്രേരകരും ഗുണഭോക്താക്കളുമായ മധ്യവര്‍ഗവിഭാഗങ്ങളും പുനരുത്ഥാനസംസ്‌കാരത്തിന്‌ വേരുപിടിപ്പിക്കാനുള്ള ഭൗതികസാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്‌. ഒരുകാലത്ത്‌ മതേതരത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച ബൂര്‍ഷ്വാസി ഇപ്പോള്‍ അത്‌ ഉപേക്ഷിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ അത്തരം മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ച്‌ പോകേണ്ട ഉത്തരവാദിത്വം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‌ ഏറ്റെടുക്കാനുണ്ട്‌.
 
നവോത്ഥാന മതനിരപേക്ഷ മൂല്യങ്ങളെ നിരാകരിക്കുന്ന പുനരുത്ഥാനപരതയുടെ പ്രതിലോമപരമായ പ്രതിപ്രയാണത്തെ പ്രതിരോധിക്കാന്‍ ജനവിഭാഗങ്ങളെയെല്ലാം ഉണര്‍ത്തിയെടുക്കേണ്ടതുണ്ട്‌. നവോത്ഥാനം സൃഷ്‌ടിച്ച ഗുണപരമായ മൂല്യങ്ങളെ നിലനിര്‍ത്തുന്നതോടൊപ്പം അവയെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇടപെടലും നടത്തേണ്ടതുണ്ട്‌. പുനരുത്ഥാനശക്തികള്‍ക്കെതിരെ നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മതനിരപേക്ഷതയില്‍ അധിഷ്‌ഠിതമായ ജീവിതമാതൃകകള്‍ രൂപപ്പെടുത്തുവാനും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. സമൂഹത്തെ മധ്യകാല അന്ധകാരത്തിലേക്ക്‌ തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന പുനരുത്ഥാനശക്തികള്‍ക്കെതിരെ എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചണിനിരക്കണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടിയ ധാബോള്‍ക്കറുടെ രക്തസാക്ഷിത്വം, രാജ്യത്താകെ ചലനം സൃഷ്‌ടിച്ചതാണ്‌. ഈ സംഭവത്തെ തുടര്‍ന്ന്‌ ചില സംസ്ഥാനങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ നിര്‍ബന്ധിതരായി. പുരോഗമന നിയമനിര്‍മ്മാണങ്ങള്‍ക്ക്‌ എക്കാലത്തും നേതൃത്വം നല്‍കിയ സംസ്ഥാനമായ കേരളത്തിലും അന്ധവിശ്വാസവും അനാചാരങ്ങളും ഫലപ്രദമായി തടയാന്‍ കഴിയുന്ന നിയമനിര്‍മ്മാണത്തിന്‌ കേരള സര്‍ക്കാര്‍ സന്നദ്ധമാവണമെന്നും സി.പി.ഐ (എം) സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.
 
 
ആലപ്പുഴ,
21.02.2015.
* * *