സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-റബ്ബര്‍ വില തകര്‍ച്ച തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുക

 
റബ്ബര്‍ വിലതകര്‍ച്ച തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ സിപിഐഎം സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു. 2011-ല്‍ 1 കിലോക്ക്‌ 248 രൂപ വരെയുണ്ടായിരുന്ന റബ്ബര്‍ വില 90 രൂപയില്‍ താഴെ വരെയായി ഇടിഞ്ഞതിന്റെ അടിസ്ഥാന കാരണം കേന്ദ്ര സര്‍ക്കാര്‍ ഒപ്പ്‌ വെച്ച ഇന്തോ-ആസിയാന്‍ കരാറാണ്‌. ആസിയാന്‍ കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന മേഖലയാകെ സ്വതന്ത്ര വ്യാപാരമേഖലയാക്കി തീര്‍ക്കുക എന്നതാണ്‌. ഇറക്കുമതി ചുങ്കം ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കിക്കൊണ്ട്‌ ഉത്‌പന്നങ്ങളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ കയറ്റ്‌-ഇറക്കുമതിക്കുള്ള അവസരമൊരുക്കുകയാണ്‌്‌ ആസിയാന്‍ കരാറിലൂടെ മുന്‍ യുപിഎ സര്‍ക്കര്‍ ചെയ്‌തത്‌. 2013-ഓടെ ഈ രാജ്യങ്ങളാകെ ഇറക്കുമതി ചുങ്കം വന്‍തോതില്‍ വെട്ടിക്കുറക്കണം എന്നതാണ്‌ കരാറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്‌. സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചുങ്കം ഒരു കിലോവിന്‌ 20 രൂപ എന്ന നിലയില്‍ വെട്ടിക്കുറച്ചത്‌ ആസിയാന്‍ കരാറിന്റെ തീരുമാന പ്രകാരമാണ്‌. അന്താരാഷ്ട്ര കമ്പോളത്തില്‍ റബ്ബര്‍ വില ഇടിഞ്ഞപ്പോള്‍ ടയര്‍ കമ്പനികള്‍ക്ക്‌ നിസ്സാര വിലക്ക്‌ വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതിക്ക്‌ അവസരം ലഭിച്ചത്‌ ഇതുവഴിയാണ്‌.
 
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലും യൂറോപ്യന്‍ യൂനിയനിലും മറ്റും വാഹന വിപണിക്കേറ്റ തിരിച്ചടിയെ തുടര്‍ന്ന്‌ ഈ രാജ്യങ്ങള്‍ റബ്ബര്‍ ഇറക്കുമതിയില്‍ കുറവ്‌ വരുത്തിയതിനെ തുടര്‍ന്നാണ്‌ അന്താരാഷ്ട്ര കമ്പോളത്തില്‍ റബ്ബര്‍ വില ഇടിഞ്ഞത്‌. 2012-ല്‍ യൂറോപ്യന്‍ യൂണിയന്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതിയില്‍ 13.7 ശതമാനവും, അമേരിക്ക 7.61 ശതമാനവും, ജപ്പാന്‍ 10.8 ശതമാനവും കുറവ്‌ വരുത്തി. ഈ സാഹചര്യത്തില്‍ ഇന്തോ ആസിയാന്‍ കരാറിലൂടെ ഇറക്കുമതി തീരുവ ഗണ്യമായ തോതില്‍ വെട്ടിക്കുറച്ച്‌ കൊണ്ട്‌ മലേഷ്യ, തായ്‌വാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അനിയന്ത്രിതമായ ഇറക്കുമതിക്കുള്ള അവസരമാണ്‌ രാജ്യത്തെ ടയര്‍ കമ്പനികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്‌. റബ്ബര്‍ ഇറക്കുമതിയുടെ കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡാണ്‌ ഇക്കാലയളവില്‍ ഉണ്ടായത്‌. 2006-ല്‍ 0.45 ലക്ഷം ടണ്‍ റബ്ബറാണ്‌ ഇറക്കുമതി ചെയ്‌തിരുന്നതെങ്കില്‍ 2013-ല്‍ ഇത്‌ 2.17 ലക്ഷം ടണ്ണായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷമാകട്ടെ 4 ലക്ഷം ടണ്ണിലേറെ റബ്ബറാണ്‌ ഇറക്കുമതി ചെയ്‌തത്‌. രാജ്യത്ത്‌ ഉത്‌പാദിപ്പിക്കുന്ന റബ്ബറിന്റെ 50 ശതമാനത്തോളമായി ഇറക്കുമതി വര്‍ദ്ധിച്ചു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ടയര്‍ വ്യവസായികള്‍ ഇറക്കുമതിയെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ്‌ ആഭ്യന്തര റബ്ബര്‍ കമ്പോളം സമ്മര്‍ദ്ദത്തിലാകുന്നതിനും വില തകരുന്നതിനും ഇടയായത്‌. റബ്ബര്‍ ഉല്‍പ്പന്നങ്ങളും വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുകയാണ്‌.
 
ലോകത്തിലെ നാലാമത്തെ റബ്ബര്‍ ഉത്‌പാദക രാജ്യമാണ്‌ ഇന്ത്യ. റബ്ബര്‍ ബോര്‍ഡിന്റെ കണക്ക്‌ പ്രകാരം 2013-ല്‍ 9,03,700 ടണ്‍ സ്വാഭാവിക റബ്ബറാണ്‌ ഇവിടെ ഉത്‌പാദിപ്പിച്ചത്‌. 2013-ലെ റബ്ബര്‍ ഉപഭോഗമാകട്ടെ 9,64,415 ടണ്ണും. രാജ്യത്തിനാവശ്യമുള്ള സ്വാഭാവിക റബ്ബര്‍ ഏതാണ്ട്‌ പൂര്‍ണ്ണമായും ഇവിടെ ലഭ്യമാണെന്നിരിക്കെ അനിയന്ത്രിതമായി ഇറക്കുമതി ചെയ്യാന്‍ ടയര്‍ കമ്പനികള്‍ക്ക്‌ അവസരമൊരുക്കുന്ന കേന്ദ്ര യുപിഎ-ബിജെപി സര്‍ക്കാരുകളുടെ നയം കടുത്ത കര്‍ഷക ദ്രോഹമാണ്‌. 
 
രാജ്യത്തെ റബ്ബര്‍ കര്‍ഷകര്‍ ദുരിതത്തിലകപ്പെട്ടപ്പോള്‍ ടയര്‍ കമ്പനികളുടെ ലാഭം നിരവധി മടങ്ങുകളായി വര്‍ദ്ധിക്കുന്നതിനും ഈ നയം ഇടയാക്കി. 2012-ല്‍ 5 ശതമാനത്തോളമായിരുന്ന അപ്പോളൊ ടയേഴ്‌സ്‌, ജെ കെ ടയേഴ്‌സ്‌ തുടങ്ങിയ ടയര്‍ കമ്പനികളുടെ ലാഭം 2013-ല്‍ 25 ശതമാനത്തിലേറെയായി വര്‍ദ്ധിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (2014 സെപ്‌തംബര്‍) എംആര്‍എഫ്‌ ടയേഴ്‌സിന്റെ ലാഭം 72.14 ശതമാനമാണ്‌ വര്‍ദ്ധിച്ചത്‌. മുന്‍ വര്‍ഷത്തില്‍ ഇതേ ഘട്ടത്തില്‍ 184.10 കോടി ലാഭമുണ്ടായിരുന്നത്‌ 316.91 കോടിയായാണ്‌ വര്‍ദ്ധിച്ചത്‌. ജെകെ ടയേഴ്‌സ്‌, അപ്പോളോ, സിയാറ്റ്‌ എന്നിവയുടെ ലാഭം ഈ കാലയളവില്‍ യഥാക്രമം 55.53 ശതമാനം, 37 ശതമാനം, 33 ശതമാനം എന്നീ നിലകളിലാണ്‌ വര്‍ദ്ധിച്ചത്‌. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്‍പ്പെടെ ടയര്‍ വ്യവസായം പ്രതിസന്ധിയിലായ ഘട്ടത്തില്‍ ഇന്ത്യയിലെ ടയര്‍ വ്യവസായികള്‍ കൊള്ള ലാഭം കൊയ്യുന്നു എന്നാണിത്‌ വ്യക്തമാക്കുന്നത്‌. രാജ്യത്തെ റബ്ബര്‍ കര്‍ഷകരെ പിഴിഞ്ഞെടുക്കാന്‍ ടയര്‍ ലോബിക്ക്‌ ഒത്താശ ചെയ്‌ത കേന്ദ്ര നയത്തിന്റെ ഫലമായാണ്‌ ഈ സ്ഥിതി ഉണ്ടായത്‌.
 
രാജ്യത്തെ റബ്ബര്‍ ഉല്‌പാദനത്തിന്റെ 90 ശതമാനവും ഉല്‌പാദിപ്പിക്കുന്നത്‌ കേരളമാണ്‌. റബ്ബര്‍ വിലത്തകര്‍ച്ചയുടെ ഏറ്റവും വലിയ ദുരിതം ഏറ്റുവാങ്ങേണ്ടി വന്നത്‌ കേരളത്തിലെ കര്‍ഷകരാണ്‌. 2011-ല്‍ 248 രൂപ വരെ 1 കിലോ റബ്ബറിന്‌ വിലയുണ്ടായിരുന്നത്‌ 90 രൂപയിലും താഴ്‌ന്നത്‌ വഴി പന്ത്രണ്ടായിരത്തിലേറെ കോടി രൂപയാണ്‌ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക്‌ പ്രതിവര്‍ഷം നഷ്ടമായത്‌. ഇത്‌ കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. വിലത്തകര്‍ച്ചയുടെ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ റബ്ബര്‍ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കാന്‍ തയ്യാറാവണം.
 
കേന്ദ്ര നയങ്ങളുടെ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ യുഡിഎഫ്‌ സര്‍ക്കാരിന്‌ സാധിച്ചിട്ടില്ല. 1990 കളുടെ മധ്യത്തില്‍ റബ്ബര്‍ മേഖലയില്‍ വന്‍ പ്രതിസന്ധി ഉണ്ടായഘട്ടത്തില്‍ നായനാര്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാന്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തയ്യാറാവണം. 1997-ല്‍ റബ്‌കോ എന്ന സഹകരണസ്ഥാപനത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ കൃഷിക്കാരില്‍ നിന്ന്‌ റബ്ബര്‍ സംഭരിക്കുന്നതിനുള്ള സംവിധാനമൊരുക്കാന്‍ അന്നത്തെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഇടപെടുകയുണ്ടായി. കൃഷിക്കാരുടെ പക്ഷത്ത്‌ തങ്ങളുണ്ടെന്ന കേവലമായ നാട്യത്തിന്‌ പകരം സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയാണ്‌ വേണ്ടത്‌. വന്‍തോതിലുള്ള ഇരക്കുമതിയിലൂടെ റബ്ബര്‍ കമ്പോളം വാങ്ങുന്ന ആളിന്‌ മേല്‍ക്കൈയുള്ള കമ്പോളമായി (ബയേഴ്‌സ്‌ മാര്‍ക്കറ്റ്‌) മാറിക്കഴിഞ്ഞിരിക്കുന്നു. ഇക്കാരണത്താല്‍ കൃഷിക്കാരന്‌ കമ്പോള വില പോലും ലഭിക്കുന്നില്ലെന്നതാണ്‌ യാഥാര്‍ഥ്യം. ഇതെല്ലാം കണക്കിലെടുത്ത്‌ റബ്ബര്‍ സംഭരണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ തയ്യാറായിരുന്നെങ്കില്‍ ഈ ദുര്‍ഗ്ഗതി കര്‍ഷകര്‍ക്ക്‌ വന്നുചേരില്ലായിരുന്നു. 
 
കഴിഞ്ഞ പാര്‍ലിമെന്റ്‌ തെരഞ്ഞെടുപ്പിന്‌ തൊട്ട്‌ മുമ്പ്‌ മുഖ്യമന്ത്രി നടത്തിയ സംഭരണ വാഗ്‌ദാനം കര്‍ഷക രോഷം തണുപ്പിക്കാനുള്ള വെറും തട്ടിപ്പായിരുന്നെന്ന്‌ വ്യക്തമായിരിക്കുകയാണ്‌. റബ്ബറിന്‌ 150-ലേറെ വിലയുണ്ടായിരുന്നഘട്ടത്തില്‍ 2 രൂപ അധിക വില നല്‍കി സംഭരിക്കാമെന്നും അതുവഴി 171 രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി നടത്തിയ അവകാശ വാദത്തിന്റെ പൊള്ളത്തരം അനുഭവിച്ചറിഞ്ഞവരാണ്‌ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍. കഴിഞ്ഞ ഒക്‌ടോബറില്‍ 5 രൂപ അധികം നല്‍കി സംഭരിക്കുമെന്ന പുതിയ പ്രഖ്യാപനവും ഉണ്ടായി. കൊട്ടിഘോഷിക്കപ്പെട്ട ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക്‌ റബ്ബര്‍്‌ വിലയില്‍ ഗുണപരമായ യാതൊരു ചലനം സൃഷ്‌ടിക്കനായിട്ടില്ലെന്ന്‌ മാത്രമല്ല, വില വീണ്ടും തകര്‍ന്ന്‌ 100-രൂപയില്‍ താഴെ പതിക്കുന്ന ദയനീയ സ്ഥിതിയാണുണ്ടായത്‌. റബ്ബറിന്‌ തറവില പ്രഖ്യാപിക്കാനുള്ള അടിയന്തര നടപടിയാണ്‌ ഉണ്ടാവേണ്ടത്‌.
 
ടയര്‍ കമ്പനികള്‍ അന്താരാഷ്‌ട്ര വിലയേക്കാള്‍ 25% അധിക വില നല്‍കി കര്‍ഷകരില്‍ നിന്നും റബ്ബര്‍ സംഭരിക്കാന്‍ തയ്യാറാകണമെന്ന വ്യവസ്ഥയാണ്‌ ഈയിടെ മുഖ്യമന്ത്രി നടത്തിയ റബ്ബര്‍ പേക്കേജ്‌ പ്രഖ്യാപനം. റബ്ബര്‍ വാങ്ങുമ്പോള്‍ ഈടാക്കിയിരുന്ന 5% പര്‍ച്ചേഴ്‌സ്‌ നികുതി ഒഴിവാക്കാമെന്നും സംസ്ഥാനം ഈ പേക്കേജിന്റെ ഭാഗമായി ടയര്‍ കമ്പനികള്‍ക്ക്‌ ഉറപ്പ്‌ നല്‍കിയിരുന്നു. ഇതോടെ കേരളത്തില്‍ റബ്ബര്‍ വിലയില്‍ വന്‍ മുന്നേറ്റമുണ്ടായെന്നും റബ്ബറിന്‌ ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ്‌ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. കേരള സര്‍ക്കാരിന്റെ റബ്ബര്‍ പേക്കേജ്‌ വിജയിച്ചെന്നും റബ്ബര്‍ പ്രതിസന്ധിക്ക്‌ പരിഹാരമായെന്നും അവകാശപ്പെട്ട മുഖ്യമന്ത്രി യഥാര്‍ത്ഥ വസ്‌തുത തന്ത്രപൂര്‍വ്വം മറച്ചുവെക്കുകയാണ്‌ ചെയ്‌തത്‌. 
അന്താരാഷ്‌ട്ര കമ്പോള (ബാങ്കോക്ക്‌ മാര്‍ക്കറ്റ്‌) വിലയേക്കാള്‍ 20 ശതമാത്തിലേറെ വില എക്കാലത്തും ഇന്ത്യയില്‍ ലഭിച്ചിരുന്നു. അല്ലായിരുന്നെങ്കില്‍ ടയര്‍ കമ്പനികള്‍ 20 ശതമാനം എക്‌സൈസ്‌ ഡ്യൂട്ടിയും നല്‍കി ഇവിടേക്ക്‌ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാവുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ `റബ്ബര്‍ പാക്കേജ്‌' പ്രഖ്യാപനത്തിന്‌ മുമ്പേതന്നെ അന്താരാഷ്‌ട്ര കമ്പോള വിലയേക്കാള്‍ 25% ത്തോളം വില ഇവിടെ കൂടുതലായിരുന്നു എന്ന വസ്‌തുത റബ്ബര്‍ ബോഡിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. റബ്ബര്‍ ബോര്‍ഡ്‌ പ്രഖ്യാപിച്ച ആര്‍എസ്‌എസ്‌-4 ഗ്രേഡ്‌ വിലയാവട്ടെ കടലാസില്‍ മാത്രം ഒതുങ്ങുന്ന സ്ഥിതിയുമായി. 
 
വിലത്തകര്‍ച്ചയെ തുടര്‍ന്ന്‌ കര്‍ഷകര്‍ ടാപ്പിംഗ്‌ നിര്‍ത്തിവെക്കുന്നതിനും കൃഷി ഉപേക്ഷിക്കുന്നതിന്‌ പോലും നിര്‍ബന്ധിതമായിരിക്കുകയാണ്‌. റബ്ബര്‍ ബോര്‍ഡിന്റെ കണക്ക്‌ പ്രകാരം 2014-ല്‍ 69700 ടണ്‍ റബ്ബര്‍ ഉത്‌പാദനമാണ്‌ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ കുറഞ്ഞത്‌. 2013 വരെ റബ്ബര്‍ ഉത്‌പാദനം തുടര്‍ച്ചയായി വര്‍ദ്ധിക്കുകയും 913700 ടണ്‍ വരെയായി ഉത്‌പാദനം ഉയരുകയും ചെയ്‌തു. അതാണിപ്പോള്‍ കുത്തനെ ഇടിഞ്ഞ്‌ 844000 ടണ്ണില്‍ എത്തിയത്‌. 2015-ലും ഉത്‌പാദനം ഗണ്യമായ തോതില്‍ കുറയാനിടയുണ്ടെന്നാണ്‌ വിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നത്‌. റബ്ബര്‍ കൃഷി തകരുന്നതിന്‌ മാത്രമല്ല ഇത്‌ സമീപ ഭാവിയില്‍ രാജ്യത്തെ ടയര്‍ വ്യവസായത്തെപ്പോലും പ്രതിസന്ധിയിലാഴ്‌ത്തും. എക്കാലത്തും ഇറക്കുമതിയെ മാത്രം ആശ്രയിച്ച്‌ ഒരു വ്യവസായത്തിനും നിലനില്‍ക്കാന്‍ സാധ്യമല്ല. ഈ മേഖലയെ സംരക്ഷിക്കുന്നതിന്‌ പുനര്‍നിക്ഷേപം ആവശ്യമായിട്ടുണ്ട്‌. എങ്കില്‍ മാത്രമേ റീപ്ലാന്റിംഗ്‌ ഉള്‍പ്പെടെയുള്ള സ്ഥിതിവിശേഷം ഈ മേഖലയില്‍ ഉണ്ടാകൂ. റബ്ബര്‍ മേഖലയെ ആശ്രയിച്ച്‌ ജീവിക്കുന്ന പ്രദേശങ്ങള്‍ക്കകത്ത്‌ ജനജീവിതമാകനം സ്‌തംഭിച്ചു നില്‍ക്കുകയാണ്‌.
 
ഈ വസ്‌തുതകളൊക്കെ കണക്കിലെടുത്ത്‌ റബ്ബര്‍ കര്‍ഷകരേയും കേരളത്തിന്റെ സമ്പദ്‌ഘട നയെയാകെയും സംരക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിന്‌ പകരം ചെപ്പടി വിദ്യകാട്ടി തടിതപ്പാനാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. റബ്ബറിന്‌ തറ വില നിശ്ചയിച്ചുകൊണ്ട്‌ സര്‍ക്കാര്‍തന്നെ സംഭരണ സംവിധനമൊരുക്കിക്കൊണ്ട്‌ മാത്രമെ റബ്ബര്‍ മേഖലയെ സംരക്ഷിക്കാന്‍ സാധിക്കൂ. ടയര്‍ കമ്പനികള്‍ മഹാമനസ്‌കത കാട്ടി റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കുമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. റബ്ബര്‍ ഇറക്കുമതി നിശ്ചിതകാലത്തേക്ക്‌ നിരോധിച്ചും ഇറക്കുമതി നിയന്ത്രണം പുനസ്ഥാപിച്ചും തറവില നിശ്ചയിച്ച്‌ വന്‍തോതില്‍ സംഭരണം നടത്തിയും മാത്രമേ റബ്ബര്‍ കൃഷിയെയും കര്‍ഷകരെയും തകര്‍ച്ചയില്‍ നിന്ന്‌ രക്ഷിക്കാനാവൂ. ഇതിനായി ശക്തമായ ജനകീയ സമ്മര്‍ദ്ദം ഉയര്‍ന്നുവരേണ്ടതുണ്ട്‌.
 
ഇറക്കുമതി നിയന്ത്രിക്കുന്നതോടൊപ്പം ആസിയാന്‍ കരാറിന്റെ ദുരന്തഫലം അനുഭവിക്കുന്ന കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ്‌ നടപ്പാക്കുന്നതിന്‌ തയ്യാറാവുകയും വേണം. ഇതിനായി ശക്തമായ സമ്മര്‍ദ്ദം വരും നാളുകളില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്‌. പ്രഖ്യാപനത്തില്‍ മാത്രമൊതുക്കാതെ റബ്ബറിന്‌ തറവില നിശ്ചയിച്ച്‌ സംഭരിക്കാന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ തയ്യാറാവണം. ഇതിനായി ഫലപ്രദമായ സംഭരണ സംവിധാനം ഒരുക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാവണം.
 
സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
 
* * *