സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-ആദിവാസികളുടെ അവകാശങ്ങള്‍ക്കായി തുടര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളുടെയും നടപടികളുടെയും ഫലമായി കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങള്‍ വിവരണാതീതമായ ദുരിതമനുഭവിക്കുകയാണ്. അട്ടപ്പാടിയും വയനാടും ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളിലെ പട്ടിണിയും വറുതിയും രോഗങ്ങളും ആദിവാസി ജീവിതം നരകതുല്യമാക്കിത്തീര്‍ത്ത ഭരണകൂട നയങ്ങളുടെ പ്രത്യാഘാതമാണ്. ഭരണകൂട നയങ്ങള്‍ ഒരു ജനതയുടെ തന്നെ വംശഹത്യയിലേക്ക് നയിക്കുന്നു എന്ന നടുക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ആദിവാസിമേഖലയിലെ പോഷകാഹാരക്കുറവും കൂട്ടശിശുമരണങ്ങളും വിരല്‍ ചൂണ്ടുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വന്‍കിട മൂലധനശക്തികളെ സഹായിക്കുന്ന നവഉദാരനയങ്ങളുടെ ഫലമായി സമൂഹത്തിലെ ഏറ്റവും അധ:സ്ഥിത വിഭാഗമായ ആദിവാസികള്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെടുകയും അവരുടെ ഭൂമി, ഉപജീവനമാര്‍ഗ്ഗങ്ങള്‍, തൊഴില്‍ എന്നിവയെല്ലാം കവര്‍ന്നെടുക്കപ്പെടുകയും ചെയ്യുന്നു. നവ ഉദാര നയങ്ങളുടെ ഫലമായ സര്‍ക്കാരുകളുടെ പൊതുചെലവ് വെട്ടിക്കുറക്കുന്ന നടപടികള്‍ ആദിവാസിക്ഷേമത്തിനുള്ള സാമ്പത്തിക വിഭവങ്ങള്‍ ഗണ്യമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ സ്വകാര്യമേഖലയിലും ആദിവാസി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തേണ്ടതുണ്ട്.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായി അവരുടെ ക്ഷേമത്തിനുള്ള ബജറ്റ് വിഹിതം ഉറപ്പുവരുത്തണമെന്ന 1980 ലെ ആസൂത്രണ കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം നഗ്നമായി ലംഘിക്കപ്പെട്ടു. ഇതിന്റെ ഫലമായി പട്ടികവര്‍ഗ്ഗ ഉപപദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലായി. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും ഇതര ജനവിഭാഗങ്ങളും തമ്മിലുള്ള വികസന കാര്യത്തിലെ അന്തരം കൂടുതല്‍ രൂക്ഷമായി.കേരളത്തില്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും ഉപജീവന മാര്‍ഗ്ഗങ്ങളും ഭൗതിക സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രദ്ധേയമായ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ആദിവാസി വനാവകാശ നിയമം ഉപയോഗിച്ച് 14758 കുടുംബങ്ങള്‍ക്ക് 18135 ഏക്കര്‍ ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ 26960 കുടുംബങ്ങള്‍ക്ക് 30661.54 ഏക്കര്‍ ഭൂമിയും ആദിവാസികള്‍ക്ക് വിതരണം ചെയ്യുകയുണ്ടായി. ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കും സഹായിക്കുന്ന മാതൃകാപരമായ പദ്ധതികളും കഴിഞ്ഞ എല്‍.ഡി.എഫ്.സര്‍ക്കാര്‍ നടപ്പാക്കുകയുണ്ടായി. പൊതുജനാരോഗ്യരംഗത്ത് പത്ത് കോടിയുടെ സമ്പൂര്‍ണ്ണ സൗജന്യ ചികിത്സാ പദ്ധതി, അട്ടപ്പാടി, വയനാട് എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരുടെ സേവനത്തോടെയും മറ്റ് അനുബന്ധ സൗകര്യങ്ങളോടും കൂടി അട്ടപ്പാടിയിലെ കോട്ടത്തറ, വയനാടിലെ നല്ലൂര്‍നാട് എന്നിവിടങ്ങളില്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയും എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കി. വിദ്യാഭ്യാസ രംഗത്ത് അട്ടപ്പാടിയില്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ് സ്ഥാപിച്ചതും പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് മൂന്നിരട്ടിയായും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഇരട്ടിയായും വര്‍ദ്ധിപ്പിച്ചത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ്. അട്ടപ്പാടിയിലെ വിദൂര ഗ്രാമങ്ങളില്‍ പോലും വൈദ്യുതി എത്തിക്കുകയും ആദിവാസി കുടുംബങ്ങള്‍ക്ക് നിശ്ചിത പരിധിക്കുള്ളില്‍ സൗജന്യ വൈദ്യുതി ലഭ്യമാക്കുകയും ചെയ്‌തു. വൈദ്യുതി, വെള്ളക്കരം എന്നിവയുടെ കുടിശ്ശിക എഴുതിതള്ളി. പ്രതിബദ്ധതയോടെ നടത്തിയ ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി ആദിവാസി ജീവിതം താരതമ്യേന മെച്ചപ്പെട്ടതാക്കാനും പട്ടിണിയില്‍ നിന്നും വറുതിയില്‍ നിന്നും ആ വിഭാഗത്തെ രക്ഷിക്കാനും കഴിഞ്ഞു.
എന്നാല്‍ പിന്നീട് വന്ന യൂ.ഡി.എഫ്. സര്‍ക്കാര്‍ ഈ നേട്ടങ്ങളെയാകെ അട്ടിമറിച്ചു. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് പ്രക്ഷോഭ-ഒത്തുതീര്‍പ്പ് നാടകങ്ങള്‍ സംഘടിപ്പിച്ച് ആദിവാസി ജനതയെ വഞ്ചിക്കുകയല്ലാതെ മറ്റൊരു നടപടിയും യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സൗജന്യ വൈദ്യുതി നിഷേധിച്ച് വൈദ്യുത ചാര്‍ജ്ജ് കുടിശ്ശികയുടെ പേരില്‍ ജപ്‌തി നടപടികളിലേക്ക് പോലും ഒരു ഘട്ടത്തില്‍ നീങ്ങിയത് യു.ഡി.എഫ്. സര്‍ക്കാരിന്റെ ഹൃദയശൂന്യമായ സമീപനം വ്യക്തമാക്കുന്നു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ ക്രൂരമായ അവഗണനയുടെ ഫലമാണ് അട്ടപ്പാടിയിലെ കൂട്ട ശിശുമരണം. സി.പി.ഐ(എം) നേതൃത്വത്തില്‍ കേരളത്തിലെ വിദഗ്‌ദ്ധ ഡോക്‌ടര്‍മാരുടെയും ജനകീയ ആരോഗ്യ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ 2013 ല്‍ നടത്തിയ പഠനം അട്ടപ്പാടിയിലെ കൂട്ടശിശുമരണത്തിന് കാരണമായ സര്‍ക്കാര്‍ വീഴ്‌ചകള്‍ കണ്ടെത്തുകയും അക്കമിട്ടു നിരത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ 2013 ല്‍ മാത്രം 47 നവജാത ശിശുക്കള്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടും അതിനു കാരണമായ വീഴ്‌ചകള്‍ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ല. സര്‍ക്കാര്‍ ഈ പ്രശ്‌നം അവഗണിച്ചപ്പോഴും സി.പി.ഐ(എം) ആശ്വാസ പ്രവര്‍ത്തനങ്ങളും ജനകീയ ഇടപെടലുകളും നടത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും അവയും ഒന്നുകില്‍ കടലാസില്‍ ഒതുങ്ങുകയോ അല്ലെങ്കില്‍ ഇടനിലക്കാരുടെ പോക്കറ്റ് വീര്‍പ്പിക്കുകയോ മാത്രം ചെയ്‌തു.
2014 ല്‍ വീണ്ടും കൂട്ട ശിശുമരണം ആവര്‍ത്തിച്ചു. 22 നവജാതശിശുക്കളുടെ ജീവന്‍ നഷ്‌ടപ്പെട്ടു. സര്‍ക്കാര്‍ പതിവ് ഉദാസീനത തുടര്‍ന്നപ്പോള്‍ സി.പി.ഐ(എം) നേതൃത്വത്തില്‍ നടന്ന വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായി സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചില നടപടികള്‍ കൈക്കൊള്ളുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ഇപ്പോഴും ആത്മാര്‍ത്ഥത പുലര്‍ത്തുന്നില്ല.
ആദിവാസി വിഭാഗങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ദു:സ്ഥിതി പരിഹരിക്കാന്‍ താഴെ പറയുന്ന അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് സി.പി.ഐ.(എം) കേരള സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
1. സ്വകാര്യമേഖലയിലും ആദിവാസികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം.
2. അന്യാധീനപ്പെട്ട ആദിവാസി ഭൂമി കണ്ടെത്തി തിരിച്ചു പിടിച്ച് ആദിവാസികള്‍ക്ക് ലഭ്യമാക്കാനും ഭൂരഹിതരായ സംസ്ഥാനത്തെ എല്ലാ ആദിവാസികള്‍ക്കും ഭൂമി വിതരണം ചെയ്യാനും എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണം.
3. ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത കൃഷി സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ആദിവാസികള്‍ക്ക് കൂടി സ്വീകാര്യമായ ആധുനിക കൃഷിരീതികള്‍ നടപ്പിലാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുക.
4. ആദിവാസി വനാവകാശ നിയമം ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കുക.
5. തൊഴിലുറപ്പു പദ്ധതി കുറ്റമറ്റ രീതിയില്‍ ആദിവാസി മേഖലകളില്‍ നടപ്പിലാക്കുകയും കൂലി കുടിശ്ശിക വരാതെ കൃത്യമായി കൂലി നല്‍കുന്നുവെന്നുറപ്പിക്കുകയും തൊഴില്‍ നല്‍കാതിരുന്ന കാലയളവില്‍ നിയമാനുസൃതമുള്ള നഷ്‌ടപരിഹാരം ലഭ്യമാക്കുകയും ചെയ്യുക.
6. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതോടൊപ്പം ഗുണനിലവാരമുള്ള തനതു ഭക്ഷ്യവസ്‌തുക്കള്‍ കൂടി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുക.
7. ആദിവാസി മേഖലകളില്‍ പൊതുജനാരോഗ്യ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളും പൊതുവിദ്യാഭ്യാസ സംവിധാനവും ഐ.സി.ഡി.എസ് പ്രവര്‍ത്തനവും ശക്തിപ്പെടുത്തുക.
8. പോഷകാഹാരക്കുറവ് മൂലം നവജാതശിശുക്കള്‍ മരിച്ച ആദിവാസി കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുക.
9. പട്ടികവര്‍ഗ്ഗ മേഖലകളില്‍ ആദിവാസി കേന്ദ്രീകൃത വികസന പരിപ്രേക്ഷ്യം നടപ്പിലാക്കുക.
10. ആദിവാസികളുടെ പാര്‍പ്പിടപ്രശ്‌നം അടിയന്തരമായി പരിഹരിക്കാനാവണം.
ആദിവാസി പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് വയനാട്ടിലും അട്ടപ്പാടിയിലും സി.പി.ഐ(എം) നേതൃത്വത്തില്‍ വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ആദിവാസികളുടെ അവകാശങ്ങള്‍ക്കായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ തുടര്‍ന്നും ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് സി.പി.ഐ.(എം) ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്യുന്നു.
സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *