സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമഭേദഗതി ചെറുക്കുക


ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം ദീര്‍ഘകാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും വേണ്ടി കേന്ദ്രഗവണ്‍മെന്റും ബി.ജെ.പി നയിക്കുന്ന സംസ്ഥാനഗവണ്‍മെന്റുകളും അതിവേഗതയില്‍ സുപ്രധാന തൊഴില്‍ നിയമങ്ങളെല്ലാം ഭേദഗതി ചെയ്യുകയാണ്‌.
സാര്‍വ്വദേശീയ മൂലധനശക്തികളും ഇന്ത്യന്‍ വ്യവസായികളും കുറേക്കാലമായി തൊഴില്‍ നിയമഭേദഗതിക്കുവേണ്ടി നിര്‍ബന്ധം ചെലുത്തിപ്പോരുകയായിരുന്നു. ട്രേഡ്‌ യൂണിയനുകളുടെ അഭൂതപൂര്‍വ്വമായ ദേശീയ ഐക്യപ്രസ്ഥാനം തൊഴിലുടമകളുടെ ആവശ്യത്തെ ചെറുക്കുകയുമായിരുന്നു.
ധനമൂലധനത്തിന്റെയും കോര്‍പ്പറേറ്റ്‌ ശക്തികളുടെയും വക്താവായി അധികാരത്തിലെത്തിയിട്ടുള്ള നരേന്ദ്രമോദി ഗവണ്‍മെന്റ്‌ തൊഴിലാളികളെ പിരിച്ചുവിടാനും ലേ ഓഫ്‌ പ്രഖ്യാപിക്കാനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും വന്‍തോതില്‍ കരാര്‍വല്‍ക്കരണം നടപ്പാക്കാനും തൊഴിലുടമകള്‍ക്ക്‌ അനിയന്ത്രിതമായ അവകാശങ്ങള്‍ ഉറപ്പുവരുത്താനാണ്‌ തയ്യാറെടുക്കുന്നത്‌.

വ്യവസായ തൊഴില്‍ തര്‍ക്ക നിയമം 1948, ഫാക്‌റ്ററീസ്‌ ആക്ട്‌ 1948, കരാര്‍ തൊഴിലാളി നിയമം 1970 ഇവ രാജസ്ഥാനിലെ ബി.ജെ.പി.സര്‍ക്കാര്‍ ഭേദഗതി ചെയ്‌തു. കേന്ദ്രഗവണ്‍മെന്റ്‌ സമഗ്രമായ തൊഴില്‍ നിയമ ഭേദഗതികള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നതിനും പുറമെ സംസ്ഥാനങ്ങളോട്‌ രാജസ്ഥാന്‍ മാതൃകയില്‍ നിയമഭേദഗതികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്‌. മധ്യപ്രദേശ്‌, ഹരിയാന, മഹാരാഷ്ട്ര ഗവണ്‍മെന്റുകള്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

കരാര്‍ തൊഴില്‍ നിയമം (1970) 50-ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക്‌ മാത്രമേ ബാധകമാവൂ എന്ന രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെ നിയമഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്‌. സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്നതും, സാര്‍വ്വത്രികമായി കരാര്‍ വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്‌ ഈ മാറ്റം. തൊഴിലുടമകള്‍ക്ക്‌ കുറഞ്ഞ വേതനത്തിന്‌ മോശപ്പെട്ട സേവന സാഹചര്യങ്ങളില്‍ തൊഴിലാളികളെ ലഭ്യമാക്കുകയാണ്‌ ഈ ഭേദഗതി ലക്ഷ്യം വെക്കുന്നത്‌.
300 പേര്‍ വരെ ജോലി ചെയ്യുന്ന വ്യവസായങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിടാനോ, വ്യവസായം അടച്ചുപൂട്ടാനോ, ലേ-ഓഫ്‌ ചെയ്യാനോ ഗവണ്‍മെന്റിന്റെ അനുവാദം ആവശ്യമില്ലെന്നുള്ള മാരകമായ ഭേദഗതിയാണ്‌ വ്യവസായ തര്‍ക്കനിയമത്തിന്റെ (1948) സെക്ഷന്‍ 25 ഗ ഖണ്‌ഡിക 5 ആ മാറ്റത്തിലൂടെ രാജസ്ഥാന്‍ ഗവണ്‍മെന്റ്‌ കൊണ്ടുവന്നിട്ടുള്ളത്‌. ഇതുപ്രകാരം രാജ്യത്തെ മഹാഭൂരിപക്ഷം വ്യവസായങ്ങളും വ്യവസായ തൊഴില്‍ തര്‍ക്കനിയമത്തിന്റെ പരിധിക്കു പുറത്താകും. മിനിമം വേതനം പുതുക്കല്‍ കാലാവധി അഞ്ചുവര്‍ഷമായി ഉയര്‍ത്തിയും, സാര്‍വ്വത്രിക മിനിമം വേതനം എന്ന തൊഴിലാളികളുടെ ആവശ്യത്തെ നിരാകരിച്ചുകൊണ്ടുമാണ്‌ മിനിമം വേതനനിയമഭേദഗതികൊണ്ടുവരുന്നത്‌.

തൊഴിലാളികള്‍ക്കെതിരെ, ഉടമകള്‍ക്കുവേണ്ടി തൊഴില്‍ നിയമഭേദഗതിക്കായി സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരിക്കുന്ന സാഹചര്യമാണ്‌ ഉയര്‍ന്നു വരുന്നത്‌. നിക്ഷേപം ആകര്‍ഷിക്കാനുള്ള ഭ്രാന്തമായ ഈ സമീപനം ചെറുത്ത്‌ പരാജയപ്പെടുത്തണം. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മഹാഭൂരിപക്ഷവും ഒരു തൊഴില്‍ നിയമത്തിന്റെയും പരിധിയില്‍ വരുന്നില്ല. തൊഴില്‍ നിയമങ്ങളുടെ സംരക്ഷണപരിധിയില്‍ നിന്ന്‌ കൂടുതല്‍ തൊഴിലാളി വിഭാഗങ്ങളെ ഒഴിവാക്കി നാടനും മറുനാടനുമായ മൂലധനശക്തികള്‍ക്കുവേണ്ടി കേന്ദ്രസംസ്ഥാനഗവണ്‍മെന്റുകള്‍ ദാസ്യവേല ചെയ്യുകയാണ്‌. ആഗോളകുത്തകയായ ടാറ്റ കണ്‍സള്‍ട്ടന്‍സി എട്ടുംപത്തും വര്‍ഷം സര്‍വ്വീസ്‌ പൂര്‍ത്തിയാക്കിയ സാങ്കേതിക വിദഗ്‌ദരായ ആയിരക്കണക്കിന്‌ ജീവനക്കാരെ പിരിച്ചുവിട്ട നടപടി ഈയിടെ ഉണ്ടായി. നിയമ വിരുദ്ധവും പ്രാകൃതവുമായ ഈ നടപടി മാനേജ്‌മെന്റ്‌ നിര്‍ബാധം തുടരുന്നത്‌ അംഗീകരിക്കാനാവില്ല.

2014 ഡിസംബര്‍ 5ന്‌ അതിശക്തമായ തൊഴിലാളി വര്‍ഗ്ഗമുന്നേറ്റമാണ്‌ തൊഴില്‍ നിയമഭേദശക്തികള്‍ക്കെതിരെ ദേശവ്യാപകമായി ഉയര്‍ന്നത്‌. 11 കേന്ദ്ര ട്രേഡ്‌ യൂണിയനുകളും കേന്ദ്ര ഫെഡറേഷനുകളും ചേര്‍ന്ന്‌ ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ 2015 ഫെബ്രുവരി 26ന്‌ ദേശീയ പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌.

ഫാക്‌ടറീസ്‌ ആക്‌റ്റ്‌ (1948) നാല്‍പതില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക്‌ തുടര്‍ന്ന്‌ ബാധകമായിരിക്കില്ലെന്നതാണ്‌ പ്രസ്‌തുത നിയമത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള മാറ്റം. നിലവില്‍ 20 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ നിയമപരിധിയിലാണ്‌. ഇന്ത്യയിലെ മഹാഭൂരിപക്ഷം മാനുഫാക്‌ച്ചറിഗ്‌ യൂണിറ്റുകളിലും ഒരു നിയമവും ബാധകമാകാത്ത സ്ഥിതിവിശേഷമാണ്‌ ഇതുമൂലം ഉണ്ടാവുക.

അപ്രെന്റീസുകളെ നിയോഗിക്കുമ്പോള്‍ വ്യവസായ മാനേജ്‌മെന്റുകള്‍ പാലിക്കണമെന്ന്‌ അനുശാസിക്കുന്ന എല്ലാ വ്യവസ്ഥകളും എടുത്തുകളയുകയാണ്‌. അപ്രന്റീസ്‌ നിയമഭേദഗതിയിലൂടെ കേന്ദ്ര ഗവണ്‍മെന്റ്‌ ചെയ്‌തിരിക്കുന്നത്‌. സ്ഥിരം / കരാര്‍ തൊഴിലാളികള്‍ക്ക്‌ പകരം സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ ഉള്‍പ്പെടെ അപ്രെന്റീസുകളെ റിക്രൂട്ട്‌ ചെയ്യാന്‍ നിയമഭേദഗതി ഉടമയ്‌ക്ക്‌ അവസരം നല്‍കുന്നു. ഇതിനുപുറമെ സ്റ്റൈപെന്റ്‌ തുകയുടെ 50% ഗവണ്‍മെന്റ്‌ വഹിക്കുകയും ചെയ്യും. ഉല്‌പാദനപ്രക്രിയയില്‍ പകുതിയില്‍ അധികം പേരെ ഇങ്ങനെ റിക്രൂട്ട്‌ ചെയ്‌ത്‌ കൊണ്ട്‌ ലാഭം ഉണ്ടാക്കാന്‍ മൂലധനമുടമകള്‍ക്ക്‌ ഒത്താശ ചെയ്യുകയാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌. വ്യവസായത്തേയും വിവിധ വിഭാഗം തൊഴിലാളികളേയും സംബന്ധിച്ച വിശദമായ രേഖകള്‍ കാര്യക്ഷേമമായി സൂക്ഷിക്കാനുള്ള ബാദ്ധ്യതയില്‍ നിന്നും തൊഴിലുടമകള്‍ക്ക്‌ ഇളവുകളും അനുവദിച്ചിരിക്കുകയാണ്‌.

ഇന്ത്യയുടെ പ്രകൃതി വിഭവങ്ങളും മനുഷ്യശേഷിയും ചുരുങ്ങിയ വിലയ്‌ക്ക്‌ മുതലാളി വര്‍ഗ്ഗത്തിന്‌ അടിയറ വയ്‌ക്കുന്ന ദേശദ്രോഹനയങ്ങള്‍ക്കും, തൊഴില്‍ നിയമ ഭേദഗതികള്‍ക്കുമെതിരെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദേശാഭിമാനപരമായ പോരാട്ടത്തിന്‌ സി.പി.ഐ.(എം) സംസ്ഥാന സമ്മേളനം സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.

സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *