സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-കേന്ദ്ര അവഗണനയ്‌ക്കെതിരെ സമരമുന്നണി കെട്ടിപ്പടുക്കുക



കോണ്‍ഗ്രസ്സ്‌ സര്‍ക്കാരുകള്‍പോലെ തന്നെ ബി.ജെ.പി സര്‍ക്കാരും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ഒരു പൊളിച്ചെഴുത്തിന്‌ തയ്യാറല്ല. പ്രധാന മന്ത്രി മോഡി കോ-പ്പറേറ്റീവ്‌ ഫേഡറലിസത്തെക്കുറിച്ച്‌ പറയാറുണ്ടെങ്കിലും സര്‍വ്വ അധികാരങ്ങളും കേന്ദ്ര സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിന്റെ അധികാരങ്ങള്‍ തന്നിലും കേന്ദ്രീകരിക്കുന്ന സമീപനമാണ്‌ കൈക്കൊള്ളുന്നത്‌.

ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര-പ്ലാനിംഗ്‌ കമ്മീഷന്‍ നിര്‍ത്തലാക്കിയപ്പോള്‍ സംസ്ഥാനങ്ങളോട്‌ ആശയവിനിമയം നടത്തിയില്ല. ആസൂത്രണം കേന്ദ്ര തലത്തില്‍ മാത്രമല്ല സംസ്ഥാന പ്രാദേശിക തലത്തിലും നടക്കുന്ന ബഹുനില പ്രക്രിയയാണ്‌. പ്ലാനിംഗ്‌ കമ്മീഷന്‍ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നത്‌ ശരിയല്ല എന്നുള്ളതായിരുന്നു ഒരു പ്രധാന വിമര്‍ശനം. ഇതിന്‌ പരിഹാരമായി ഇടതുപക്ഷം മുന്നോട്ട്‌ വച്ചിരുന്ന നിര്‍ദ്ദേശം പ്ലാനിംഗ്‌ കമ്മീഷനെ ദേശീയ വികസന സമിതിയുടെ കീഴിലാക്കണമെന്നതാണ്‌. ദേശീയ വികസന സമിതിയില്‍ എല്ലാ മുഖ്യമന്ത്രിമാരും അംഗങ്ങളാണ്‌. പ്രധാനമന്ത്രി മോഡി മുന്നോട്ട്‌ വച്ചിരിക്കുന്ന നീതി ആയോഗ്‌ സ്‌കീമിലാവട്ടെ ദേശീയ വികസന കൗണ്‍സിലേയില്ല. നീതി അയോഗ സ്ഥാപനത്തിന്റെ ഗവേണിംഗ്‌ ബോഡിയില്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്‌ ഏതാനും മുഖ്യമന്ത്രിമാരാണുണ്ടാകുക. നീതി ആയോഗിനാവട്ടെ ഉപദേശ സ്വഭാവമാണുള്ളത്‌. സംസ്ഥാനങ്ങള്‍ക്കുള്ള പണവിതരണം സംബന്ധിച്ച്‌ അവസാന തീരുമാനമെടുക്കുക കേന്ദ്ര-ധനമന്ത്രാലയമാണ്‌. ഇത്‌ നഗ്നമായ രാഷ്ട്രീയ വിവേചനങ്ങള്‍ക്ക്‌ ഇടയാക്കും.

കോ-ഓപ്പറേറ്റീവ്‌ ഫെഡറലിസത്തെക്കുറിച്ച്‌ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രധാനമന്ത്രി ചെയ്യേണ്ടത്‌ ചരക്ക്‌ സേവന നികുതി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ നികുതി നിരക്ക്‌ കേന്ദ്രത്തിന്റെ നിരക്കിനേക്കാള്‍ ഉയര്‍ത്തി നിശ്ചയിക്കുകയാണ്‌. സ്വാതന്ത്രാനന്തര കാലത്തുടനീളം സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തെ കവരുന്ന പ്രവണതയാണ്‌ കാണാന്‍ കഴിയുക.ഇതിനൊരു മറുമരുന്നായിരിക്കും ഇടതുപക്ഷം മുന്നോട്ട്‌ വെച്ച മുകള്‍ പറഞ്ഞ നിര്‍ദ്ദേശം. എന്നാല്‍ മോഡി ഇതിന്‌ തയ്യാറല്ലെന്നുമാത്രമല്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മദ്യം തുടങ്ങിയവയും പുതിയ നികുതി സമ്പ്രദായത്തിലേക്ക്‌ കൊണ്ടുവരാനാണ്‌ ശ്രമിക്കുന്നത്‌. അതുപോലെ തന്നെ ഉത്‌പ്പനം അവസാനം ഉപയോഗിക്കുന്ന സംസ്ഥാനത്തിന്‌ കൂടുതല്‍ നേട്ടമുണ്ടാകുന്ന സമ്പ്രദായമാണ്‌ ലോകത്തെമ്പാടും നിലവിലുള്ളത്‌. ഇത്‌ ഉത്‌പ്പാദന സംസ്ഥാനങ്ങള്‍ക്ക്‌ അനുകൂലമാക്കാന്‍ ഗുജറാത്ത്‌ ശ്രമിക്കുകയാണ്‌. ഇത്‌ യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ വലിയ തിരിച്ചടിയാകും.

രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഇന്നും ഡമോക്ലസ്സിന്റെ വാലുപോലെ നമ്മുടെ മേല്‍ തുങ്ങുകയാണ്‌. കേരളം കൈവരിച്ച സാമൂഹ്യക്ഷേമ നേട്ടങ്ങളുടെ പേരില്‍ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്‌ക്കണമെന്ന രഘുറാം രാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനാവില്ല. സംസ്ഥാനത്തിന്റെ സാമൂഹിക വികസന സൂചിക അതിന്‌ അര്‍ഹമായ വിഭവങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്നതിനുള്ള മാനദണ്ഡമായിക്കൂടാ. സാമൂഹിക വികസന നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന്‌ ഈ മേഖലയില്‍ വന്‍തോതില്‍ പൊതുനിക്ഷേപം തുടര്‍ന്നും നടത്തേണ്ടതുണ്ട്‌ എന്ന വസ്‌തുത അംഗീകരിക്കേണ്ടതുണ്ട്‌.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ കേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല എന്ന വിമര്‍ശനം ഏറെക്കാലമായി ഉള്ളതാണ്‌. ഈ സ്‌കിമുകളുടെ പണം സംസ്ഥാന ട്രഷറിവഴി കീഴേക്കു നല്‍കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്‌കിമുകളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ഇതുമൂലം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പൂര്‍ണ്ണ പ്രയോജനം കേരളത്തിന്‌ ലഭ്യമാകുന്നില്ല. മാനദണ്ഡങ്ങള്‍ കേരളത്തിന്റെ കൂടി സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റം വരുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു.

കേരളം മൂന്നു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നതാണ്‌ പാലക്കാട്‌ കോച്ച്‌ ഫാക്‌ടറി. കേരളത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയും കേന്ദ്രത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ ഇടതുപക്ഷ പിന്തുണ നല്‍കുകയും ചെയ്‌ത ഘട്ടത്തിലാണ്‌ കോച്ച്‌ ഫാക്‌ടറി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്‌. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ 2010-ല്‍ത്തന്നെ ഭൂമി ഏറ്റെടുത്ത്‌ റെയില്‍വേക്ക്‌ ലഭ്യമാക്കുകയുണ്ടായി. 2012 ഫെബ്രുവരിയില്‍ പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്കിട്ട്‌ തറക്കല്ലിടല്‍ നടത്തിയെങ്കിലും പദ്ധതി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പൊതു-സ്വകാര്യ പങ്കാളിത്തപ്രകാരം സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിന്‌ കഴിഞ്ഞില്ല. എന്നാല്‍, പൊതുമേഖലാ സ്ഥാപനമായ `സെയില്‍' പദ്ധതിയില്‍ 74 ശതമാനം വരെ ഓഹരി പങ്കാളിത്തം വഹിക്കാന്‍ തയ്യാറാണെന്ന്‌ രേഖാമൂലം അറിയിച്ചിട്ടും സ്വീകരിക്കാന്‍ തയ്യാറായില്ല. ഇന്നിപ്പോള്‍ പാലക്കാട്‌ കോച്ച്‌ ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്‌ തീരുമാനിച്ചിരുന്നു എന്നാണ്‌ കേള്‍ക്കുന്നത്‌.

12-ാം പദ്ധതിയില്‍ കേരളത്തിന്‌ ഐ.ഐ.ടി അനുവദിക്കുമെന്നത്‌ പ്രധാനമന്ത്രി പരസ്യമായി നടത്തിയ പ്രഖ്യാപനമാണ്‌. എന്നാല്‍ ഇത്‌ ഇപ്പോഴും മരീചികയാണ്‌. ദേശീയപാതയുടെ ദേശീയ പാതയുടെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുകയാണ്‌. വിഴിഞ്ഞം തുറമുഖപദ്ധതി അനന്തമായി വൈകിപ്പിക്കുന്നു. തിരുവനന്തപുരത്ത്‌ പ്രഖ്യാപിച്ച റെയില്‍വേ മെഡിക്കല്‍ കോളേജ്‌, ബോട്ട്‌ലിംഗ്‌ പ്ലാന്റ്‌, ചേര്‍ത്തല വാഗണ്‍ ഫാക്‌ടറി എന്നീ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണ്‌.

എന്നാല്‍, കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ധാരാളം കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈ മൂലം കഴിഞ്ഞിരുന്നു. ബ്രഹ്മോസ്‌, പാലക്കാട്‌ ബെവല്‍, തിരുവനന്തപുരം ഐ.എസ്‌.ഇ.ആര്‍, കേന്ദ്ര സര്‍വ്വകലാശാല എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അന്തരീക്ഷത്തില്‍ ഇത്തരമൊരു നടപടിക്ക്‌ തനിക്ക്‌ ധൈര്യമില്ലായെന്നുപോലും എ.കെ.ആന്റണി പ്രതിരോധ മന്ത്രി ആയിരുന്നപ്പോള്‍ പ്രഖ്യാപിക്കുകയുണ്ടായി. അത്രക്ക്‌ കേമമാണ്‌ ഉമ്മന്‍ചാണ്ടി ഭരണം.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ നിലവില്‍ ഉണ്ടായിരുന്ന ഗവര്‍ണര്‍്‌ന്മാരെ നീക്കുകയും തങ്ങളുടെ ഇഷ്ടകാരെ നിയമിക്കുകയും ചെയ്‌തത്‌ ഗവര്‍ണര്‍ സ്ഥാനം എത്ര അപ്രസക്തവും ഫെഡറല്‍ തത്വങ്ങള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌ ഒരിക്കല്‍ കൂടി അടിവരയിടുന്നു. കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയും എന്ന ഭീഷണി ഉയര്‍ത്തിയ വിവാദത്തോടെയാണെല്ലോ ബി.ജെ.പി ഭരണം ആരംഭിച്ചതുതന്നെ. കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത്‌ കളയുകയല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും അധികാരങ്ങള്‍ വിപുലീകരിക്കുകയും സംസ്ഥാനങ്ങള്‍ക്ക്‌ സ്വയം ഭരണം അനുവദിക്കുകയാണുവേണ്ടത്‌.
കേരളത്തോട്‌ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനും അവഗണനയ്‌ക്കും എതിരായും ഫെഡറല്‍ ഘടനയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക്‌ എതിരായും എല്ലാ വിഭാഗം ജനങ്ങളെയും അണിനരക്കണമെന്നും സി.പി.ഐ.(എം) സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്‌തു.


സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *