1. കേരളത്തിന്റെ തനത് പരമ്പരാഗത വ്യവസായമാണ് കയര്‍ വ്യവസായം, നാലുലക്ഷത്തോളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന ഈ വ്യവസായം കേരളത്തിന്റെ 260-ല്‍പ്പരം തീരദേശ വില്ലേജുകളിലെ ജനങ്ങളുടെ ജീവിതോപാധിയായിരുന്നു. എന്നാല്‍, ഇന്ന് 40,000-ത്തോളം തൊഴിലാളികള്‍ക്ക് മാത്രമേ തൊഴിലുള്ളൂ. അവര്‍ക്കുതന്നെ വര്‍ഷത്തില്‍ 240 ദിവസം പോലും തൊഴില്‍ ലഭിക്കുന്നില്ല. കയര്‍വ്യവസായത്തെ ആശ്രയിച്ചുകഴിഞ്ഞ ആയിരങ്ങള്‍ തൊഴിലും കൂലിയും ഇല്ലാതെ പട്ടിണിയോട് മല്ലിടുകയാണ്.
2. യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം ഏഴ് കയര്‍ തൊഴിലാളികള്‍ തൊഴിലില്ലായ്‌മ മൂലം ആത്മഹത്യ ചെയ്‌തു. ഇന്ത്യയിലെ കയര്‍ കയറ്റുമതിയുടെ 90 ശതമാനവും കേരളത്തിന്റേതായിരുന്നു. എന്നാല്‍, ഇന്ന് കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതം 14 ശതമാനമായി കുറഞ്ഞു. ഇത് പ്രതിഫലിപ്പിക്കുന്നത് രൂക്ഷമായ തൊഴിലില്ലായ്‌മയാണ്.
3. കൂനിന്മേല്‍ കുരുവെന്നവണ്ണം, കയറിന്റെ കയറ്റുമതിയുടെ നാടായിരുന്ന കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് കയര്‍ ഇറക്കുമതി ചെയ്യുന്നു. ഇത് ഉള്ള തൊഴില്‍ കൂടി നഷ്‌ടപ്പെടുത്തി. തൊഴില്‍രഹിതരായ തൊഴിലാളികള്‍ ഫെബ്രുവരി 1 മുതല്‍ ചരിത്രപ്രധാനമായ വൈക്കം സത്യാഗ്രഹഭൂമിയില്‍ അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം ആരംഭിച്ച് 20 ദിവസം പിന്നിടുകയാണ്. സമൂഹത്തില്‍ ഏറ്റവും ദുരിതപൂര്‍ണ്ണമായ ജീവിതം പേറുന്ന കയര്‍ തൊഴിലാളികളുടെ ജീവിത സമരത്തിന് ബഹുജനങ്ങളുടെ നിര്‍ലോഭമായ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു.
4. സമരം ആരംഭിച്ച് ഒരുമാസം തികയുന്ന മാര്‍ച്ച് 1-ന് സത്യാഗ്രഹഭൂമിയില്‍ നിന്ന് കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ 101 സന്നദ്ധഭടന്മാര്‍ നയിക്കുന്ന ബഹുജനമാര്‍ച്ച് ആരംഭിക്കുകയാണ്. ആയിരങ്ങള്‍ മാര്‍ച്ചിനെ അനുധാവനം ചെയ്‌ത് മാര്‍ച്ച് 12-ന് തലസ്ഥാനത്തെത്തും. മാര്‍ച്ച് 13 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തിലും തൊഴിലാളികളുടെ സഹകരണ സംഘങ്ങളെ സംരക്ഷിക്കാനോ, കെട്ടിക്കിടക്കുന്ന കയറും കയറുല്‍പ്പന്നങ്ങളും സംഭരിച്ച് വിപണനം നടത്താനോ, സംഘങ്ങള്‍ക്ക് നല്‍കാനുള്ള പണം നല്‍കാനോ, തൊഴിലും കൂലിയും ഉറപ്പുവരുത്തുന്ന നവീകരണ നടപടികള്‍ സ്വീകരിക്കാനോ, തൊണ്ടും ചകിരിയും സംഭരിച്ചു നല്‍കാനോ, തൊഴിലോ അല്ലെങ്കില്‍ തൊഴിലില്ലായ്‌മാ വേതനമോ നല്‍കാനോ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സംഘങ്ങള്‍ക്ക് മൂന്നുകോടി രൂപ കയര്‍ വിലയായി കയര്‍ഫെഡ് നല്‍കാനുണ്ട്. ക്രയവില സ്ഥിരതാ പദ്ധതി ഉപേക്ഷിച്ചതിന്റെ ഫലമായി ഫാക്‌ടറി മേഖലയില്‍ ചെറുകിടക്കാരും തൊഴിലാളികളും കഷ്‌ടപ്പാടിലാണ്. ഈ അവസരത്തിലും മേളകള്‍ സംഘടിപ്പിക്കാന്‍ 15 കോടിയിലധികം രൂപ ധൂര്‍ത്തടിച്ചിരിക്കുകയാണ്. ആ പണം തൊണ്ട് വാങ്ങാനും സംഭരിക്കാനും കയറും കയറുല്‍പ്പന്നങ്ങള്‍ക്കും വില നല്‍കാനും ഉപയോഗിച്ചെങ്കില്‍ അത്രയെങ്കിലും ആശ്വാസമായേനെ.
5. ഇതൊന്നും ചെയ്യാത്ത, ബഡ്‌ജറ്റില്‍ വകയിരുത്തുന്ന പണം ധൂര്‍ത്തടിക്കുക മാത്രം ചെയ്യുന്ന യു.ഡി.എഫ് സര്‍ക്കാര്‍, കയര്‍വ്യവസായത്തിന്റെ അന്ത്യകൂദാശ നടത്തുമെന്ന വാശിയിലാണ്. വ്യവസായത്തേയും തൊഴിലാളികളേയും രക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യാഗ്രഹ സമരവും ബഹുജനമാര്‍ച്ചും തുടര്‍ന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിക്കുന്ന രാപ്പകല്‍ സമരവും വിജയിപ്പിക്കാന്‍ ഈ സമ്മേളനം പാര്‍ടി സഖാക്കളോടും വര്‍ഗ-ബഹുജന പ്രസ്ഥാനങ്ങളോടും ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *