സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-കേരളത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കുക

1. ഇരുപതാം നൂറ്റാണ്ടില്‍ കേരളീയ സമൂഹത്തിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചത്‌ സഹകരണ പ്രസ്ഥാനവും വിവിധ മേഖലകളിലെ സഹകരണ സംഘങ്ങളും ആയിരുന്നു. നമ്മുടെ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും സാധാരണക്കാരെ കൊള്ളപ്പലിശക്കാരുടെ പിടിയില്‍ നിന്ന്‌ മോചിപ്പിച്ചതും പരമ്പരാഗത ഉല്‍പ്പാദനമേഖലയില്‍ ലക്ഷക്കണക്കിന്‌ ചെറുകിട ഉല്‍പ്പാദകരുടെയും തൊഴിലാളികളുടെയും ഉപജീവനം ഉറപ്പാക്കിയതും സഹകരണ സംഘങ്ങളാണ്‌. നവലിബറല്‍ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക്‌ യോജിച്ച വിധത്തില്‍ ഇടപെടലുകള്‍ കേരളത്തിലെ സഹകരണ മേഖലയുടെ മരണമൊഴി മുഴക്കുന്നു. സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ യു.ഡി.എഫ്‌ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നു.

2. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്‌പാസംഘങ്ങള്‍, ജില്ല-സംസ്ഥാന സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയിലായി ഇപ്പോള്‍ 80,000-ത്തില്‍പ്പരം കോടി രൂപയുടെ നിക്ഷേപമുണ്ട്‌. അതിലേറെ തുക അവ വായ്‌പയായി നല്‍കുന്നു. കേരളത്തിലെ മൊത്തം ബാങ്ക്‌ നിക്ഷേപത്തിന്റെ 34 ശതമാനം വരുന്ന ഈ തുക കേരളത്തിലെ ജനജീവിതത്തെ ഭദ്രമാക്കുന്നതില്‍ ഗണ്യമായ പങ്ക്‌ വഹിക്കുന്നു. കാര്യക്ഷമമായി ഇത്‌ വിനിയോഗിക്കുന്നപക്ഷം കേരളത്തിന്റെ സമഗ്രവികസനത്തില്‍ സാരമായ പങ്ക്‌ വഹിക്കുന്ന ഘടകമാക്കി സഹകരണ മേഖലയെ മാറ്റാന്‍ കഴിയും.

3. രണ്ടാം യു.പി.എ ഗവണ്‍മെന്റിന്റെ കാലത്താണ്‌ സഹകരണ മേഖലയുടെ നിയന്ത്രണം പൂര്‍ണ്ണമായി സംസ്ഥാന ഗവണ്‍മെന്റില്‍നിന്ന്‌ എടുത്തുമാറ്റുകയും എല്ലാ സഹകരണ ബാങ്കുകളെയും റിസര്‍വ്‌ ബാങ്കിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്ന നിയമഭേദഗതികള്‍ കൊണ്ടുവരികയുണ്ടായി. റിസര്‍വ്‌ ബാങ്കാകട്ടെ, സഹകരണ ബാങ്കുകളുടെ സവിശേഷമായ പങ്ക്‌ അവഗണിച്ചുകൊണ്ട്‌ അവയുടെമേല്‍ വിവേചനപരമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. അതോടെ, സഹകരണ ബാങ്കുകള്‍ക്ക്‌ നിക്ഷേപകരുടെയും വായ്‌പ എടുക്കുന്നവരുടെയും താല്‍പ്പര്യങ്ങള്‍ ഇതേവരെ ചെയ്‌തിരുന്നതുപോലെ സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതി വരുന്നു. ഈ നില തുടര്‍ന്നാല്‍ അവയില്‍ പലതും അധികം താമസിയാതെ അടച്ചുപൂട്ടേണ്ടതായി വരും. സഹകരണ ബാങ്കുകളുമായി ബന്ധപ്പെടുന്ന ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ കൊള്ളപ്പലിശക്കാരുടെ പിടിയില്‍ വീണ്ടും അമരും.

4. ഇത്‌ തടയുന്നതിന്‌ ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. പ്രശ്‌നത്തിന്റെ ഗൗരവം അവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല. അത്‌ ഉണ്ടാക്കുന്നതിന്‌ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുന്നതിന്‌ യു.ഡി.എഫ്‌ ഫലപ്രദമായി ഇടപെടുന്നതായി കാണുന്നില്ല. അതിനു പകരം സഹകരണ ബാങ്കുകളടക്കം പല സഹകരണ സ്ഥാപനങ്ങളെയും അധികാരം ഉപയോഗിച്ചും ജനാധിപത്യവിരുദ്ധമായും കയ്യടക്കുന്നതിന്‌ യു.ഡി.എഫുകാരെ സഹായിക്കുന്ന പ്രവര്‍ത്തനത്തിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടുകാണുന്നത്‌. നവലിബറല്‍ ശക്തികളുടെ നിയന്ത്രണത്തിനു വിധേയമായി പ്രവര്‍ത്തിക്കുന്ന ഈ ഗവണ്‍മെന്റുകളുടെ സമീപനങ്ങളിലും തീരുമാനമെടുക്കുന്നതിലുമുള്ള അനിശ്ചിതത്വം അവസാനിപ്പിച്ച്‌ കേരളത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനും ജനങ്ങള്‍ക്ക്‌ അതിന്റെ സേവനം തുടര്‍ന്നും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന്‌ സി.പി.ഐ (എം) ന്റെ 21-ാം പാര്‍ടി കോണ്‍ഗ്രസ്സിനോട്‌ അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.


സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *