സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-അഴിമതിക്കെതിരായ സമരത്തില്‍ അണിചേരുക


1. ഇന്നുവരെ കണ്ടിട്ടില്ലാത്ത അഴിമതിക്കാണ്‌ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്‌. മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാന മന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ ഇടപെട്ട അഴിമതികള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. ഇത്‌ കേരളം വളര്‍ത്തിയെടുത്തുന്ന ഉന്നതമായ രാഷ്‌ട്രീയ സംസ്‌കാരത്തിന്‌ വമ്പിച്ച തിരിച്ചടിയാണ്‌ ഇത്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. അതിനാല്‍ കേരളത്തിന്റെ ഉന്നതമായ രാഷ്‌ട്രീയ സംസ്‌കാരം സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വളര്‍ത്തിയെടുക്കേണ്ടതുണ്ട്‌. ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്‌ നടത്തുന്ന അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന്‌ ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.

2. ഈ സര്‍ക്കാരിന്റെ കീഴില്‍ എല്ലാ തലത്തിലും അഴിമതി കുതിച്ചുയരുകയാണെന്ന്‌ പ്രഖ്യാപിക്കേണ്ടിവന്നത്‌ ഭരണകക്ഷി എം.എല്‍.എയ്‌ക്കു തന്നെയാണ്‌. നിരവധി ഉദ്യോഗസ്ഥന്മാര്‍ ഈ കാലയളവില്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ അന്വേഷണം നേരിടുകയോ അറസ്റ്റിലാവുകയോ ചെയ്യപ്പെടുന്ന സ്ഥിതി വ്യാപകമായിരിക്കുന്നു. സ്ഥലം മാറ്റത്തിലും ഫയല്‍ നീക്കുന്നതില്‍ പോലും കാണിക്കുന്ന അഴിമതിയും സാര്‍വത്രികമായിരിക്കുന്നു. ഈ നാണംകെട്ട അവസ്ഥയില്‍ നിന്ന്‌ കേരളത്തെ രക്ഷപ്പെടുത്തിയെടുക്കേണ്ടതുണ്ട്‌. അതിനായി അഴിമതിക്കെതിരായി ശക്തമായ ബഹുജനപ്രസ്ഥാനം വളര്‍ത്തിയെടുക്കാന്‍ കഴിയണം.

3. കേരളത്തിലെ നിരവധി മന്ത്രിമാര്‍ വിജിലന്‍സ്‌ അന്വേഷണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. കേരളം അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു എന്ന്‌ പ്രഖ്യാപിച്ചത്‌ ഭരണകക്ഷി എം.എല്‍.എ തന്നെയാണ്‌. യു.ഡി.എഫിന്റെ കക്ഷി നേതാക്കളും ഈ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചാണ്‌ നില്‍ക്കുന്നത്‌ എന്നും പരസ്യമായി പ്രഖ്യാപിക്കുന്ന നില ഉണ്ടായിരിക്കുകയാണ്‌.

4. ആഗോളവല്‍ക്കരണ നയങ്ങള്‍ തുടരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടികളാണ്‌ അടിമുടി അഴിമതി രൂപപ്പെടുത്തുന്ന സാഹചര്യം സൃഷ്‌ടിച്ചത്‌. പൊതുമേഖല, തരംഗങ്ങള്‍, ഖനിജങ്ങള്‍, സര്‍ക്കാര്‍ ഭൂമി തുടങ്ങിയവയെ സ്വകാര്യവല്‍ക്കരിക്കുന്ന നടപടികളാണ്‌ രാജ്യത്ത്‌ അഴിമതി വളര്‍ത്തിയത്‌. ഭൂമിക്ക്‌ വന്‍ വിലയുള്ള കേരളത്തില്‍ പൊതു ഭൂമി സ്വകാര്യവല്‍ക്കരിക്കുന്ന നടപടികളിലൂടെ അഴിമതി ശക്തിപ്പെടുത്താനാണ്‌ നയപരമായി യു.ഡി.എഫ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഭൂപരിഷ്‌കരണത്തെപ്പോലും അട്ടിമറിക്കുന്നതിനുള്ള നടപടികള്‍ ഇതിന്റെ തുടര്‍ച്ചയാണ്‌. എമര്‍ജിംഗ്‌ കേരള പോലുള്ള വികസന തട്ടിപ്പുകള്‍ ഇത്തരം കാഴ്‌ചപ്പാടോടെ മുന്നോട്ടുവയ്‌ക്കപ്പെട്ടിട്ടുള്ളതാണ്‌.

5. കേരളത്തിലങ്ങോളമിങ്ങോളം ചര്‍ച്ച ചെയ്യപ്പെട്ട സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി തന്നെ ഉള്‍പ്പെടുന്നു എന്ന വസ്‌തുതകളാണ്‌ പുറത്തുവന്നത്‌. സര്‍ക്കാരിന്റെ ഗ്യാരന്റിയില്‍ പൊതുജനങ്ങളെ വഞ്ചിച്ചുകൊണ്ട്‌ കോടികള്‍ വാരിക്കൂട്ടിയ അഴിമതിയായിരുന്നു സോളാര്‍ അഴിമതി. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും ഇതിലുള്ള പങ്കാളിത്തം മാധ്യമങ്ങളിലൂടെ പുറത്തുവരികയുണ്ടായി. ഇതുമായി ബന്ധപ്പെട്ട്‌ എല്‍.ഡി.എഫ്‌ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന്‌ പ്രഖ്യാപിക്കേണ്ടിവന്നു. എല്‍.ഡി.എഫുമായി ആലോചിച്ച്‌ ടേംസ്‌ ഓഫ്‌ റഫറന്‍സ്‌ പ്രഖ്യാപിക്കുമെന്ന കാര്യവും ഇതോടൊപ്പം കേരള സമൂഹത്തോട്‌ പറയുകയുണ്ടായി. എന്നാല്‍, എല്ലാ ജനാധിപത്യ മര്യാദകളേയും കാറ്റില്‍പറത്തിക്കൊണ്ട്‌ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും ഒഴിവാക്കിക്കൊണ്ടുള്ള അന്വേഷണം എന്ന വഞ്ചനാപരമായ നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചത്‌. എന്നാല്‍, ഇപ്പോള്‍ ഇടതുപക്ഷ സംഘടനകളുടെ ഇടപെടലിന്റെയും കൂടി ഫലമായി മുഖ്യമന്ത്രിയേയും ഓഫീസിനേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തിന്റെ ഫലമായാണ്‌ ഈ സാഹചര്യം രൂപപ്പെട്ടുവന്നത്‌.

6. കേരളത്തില്‍ വമ്പിച്ച അഴിമതി നടന്ന മറ്റൊരു മേഖലയാണ്‌ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടത്‌. പ്ലസ്‌ ടൂ കോഴ്‌സ്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ കോടിക്കണക്കിന്‌ രൂപയുടെ അഴിമതിക്കാണ്‌ കേരളം സാക്ഷ്യം വഹിച്ചത്‌. വിവിധ തരത്തിലുള്ള നിരവധി മാനേജ്‌മെന്റുകള്‍ തങ്ങളെ കോഴ വാങ്ങുന്നതിനായി പലരും സമീപിച്ച കാര്യം വ്യക്തമാക്കുകയുണ്ടായി.

7. 120 കോടി രൂപ വാര്‍ഷിക വിറ്റുവരവുളള ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡില്‍ 256 കോടി രൂപയുടെ മലിനീകരണ നിവാരണ പദ്ധതി നടപ്പാക്കാന്‍ 2006ല്‍ തന്റെ ഭരണം അവസാനിക്കുന്നതിനു തൊട്ടുമുമ്പ്‌ ഉമ്മന്‍ചാണ്ടി തീരുമാനിച്ചതിലെ അഴിമതിയും പുറത്തുവരികയുണ്ടായി. പാമോയില്‍ അഴിമതിക്കേസിലും ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി പരാമര്‍ശം വന്നത്‌ ഈ കാലയളവിലാണ്‌.

8. പുതുതായി സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട്‌ പ്ലസ്‌ ടൂ അനുവദിച്ചതുമായി ബന്ധപ്പെട്ട്‌ വമ്പിച്ച അഴിമതിയും ഈ കാലയളവിലുണ്ടായി. ധാരാളം സീറ്റുകള്‍ അധികമായി കിടക്കുന്ന ജില്ലകളിലും പുതിയ സ്‌കൂളുകള്‍ അനുവദിച്ചു. പുതിയ സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ ആദ്യം സര്‍ക്കാര്‍, പിന്നെ കോര്‍പ്പറേറ്റ്‌, ശേഷം സിംഗിള്‍ മാനേജ്‌മെന്റ്‌ എന്നതായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച നയം. ഇതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട്‌ ആറുലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ ബാച്ചുകളുടെ വില പറഞ്ഞ്‌ ഉറപ്പിക്കുന്ന സ്ഥിതിയുണ്ടായി. സര്‍വ്വകലാശാലയുടെ ഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ടും വമ്പിച്ച അഴിമതികള്‍ ഈ കാലയളവില്‍ ഉണ്ടായി.

9. കേരള സംസ്ഥാനത്തെ ഞെട്ടിച്ചിട്ടുള്ള അഴിമതിയാണ്‌ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നിട്ടുള്ളത്‌. ഇത്‌ കേരളത്തിനാകെ അപമാനം സൃഷ്‌ടിച്ചിരിക്കുന്നു. വ്യത്യസ്‌ത രീതിയിലുള്ള അഴിമതികളാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ നടന്നിട്ടുള്ളത്‌. കളിക്കളങ്ങള്‍ നിര്‍മ്മിക്കുന്നതു തൊട്ട്‌ ഭക്ഷണം വിതരണം ചെയ്യുന്നതുവരെയുള്ള കാര്യങ്ങളിലെല്ലാം വമ്പിച്ച അഴിമതിയാണ്‌ ഇവിടെ നടന്നിട്ടുള്ളത്‌. ഉദ്‌ഘാടന-സമാപന ചടങ്ങുകളില്‍ പോലും വമ്പിച്ച അഴിമതിയാണ്‌ കാണിച്ചത്‌. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേരളം ആകെ ചര്‍ച്ച ചെയ്‌തിട്ടുള്ളതാണ്‌. ഒരു മത്സരവും നടക്കാത്ത സ്വകാര്യ വ്യക്തികളുടെ കളിക്കളങ്ങള്‍ പോലും നവീകരിക്കുന്നതിന്‌ കോടികളാണ്‌ വഴിവിട്ട്‌ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്‌. ഗെയിംസുമായി ബന്ധപ്പെട്ട്‌ വാങ്ങിയ നൂറുകണക്കിന്‌ ലാപ്‌ടോപ്പുകള്‍ തന്നെ അപ്രത്യക്ഷമായി എന്ന കാര്യവും പുറത്തുവന്നിരിക്കുകയാണ്‌. കായിക ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യത്തിലും വലിയ അഴിമതി ഉണ്ടായതായും വാര്‍ത്തകളുണ്ട്‌. ഇത്തരത്തില്‍ തൊട്ടതിലെല്ലാം അഴിമതി നടത്തുന്ന ഒന്നായി ദേശീയ ഗെയിംസ്‌ മാറി. കേരളത്തില്‍ എന്തു നടന്നാലും അത്‌ അഴിമതിക്കുള്ള അവസരമായി ഉപയോഗിക്കുന്ന സ്ഥിതിവിശേഷമാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ സൃഷ്‌ടിച്ചത്‌.

10. കേരള സംസ്ഥാനത്തെ ഞെട്ടിച്ച മറ്റൊരു പ്രധാനപ്പെട്ട അഴിമതിയാണ്‌ ബാര്‍ കോഴയുമായി ബന്ധപ്പെട്ട്‌ പുറത്ത്‌ വന്നിട്ടുള്ളത്‌. ധനമന്ത്രി കെ.എം.മാണി ബാര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പണം വാങ്ങി എന്ന കാര്യമാണ്‌ പുറത്തുവന്നത്‌. ബാര്‍ ലൈസന്‍സ്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നയങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇത്തരത്തിലുള്ള അഴിമതി ഉണ്ടായത്‌. ഈ അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും വെളിപ്പെടുത്തലുകളും നിരവധി പുറത്തുവരികയുണ്ടായി. ഇതിലൂടെ മന്ത്രിസഭയിലെ മറ്റ്‌ അംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്‌ എന്ന കാര്യവും വ്യക്തമായിട്ടുണ്ട്‌. അതുകൊണ്ടുതന്നെ, ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തിക്കൊണ്ട്‌ മാത്രമേ എല്ലാ വസ്‌തുതകളേയും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിന്‌ ഉത്തരവാദിത്വമുണ്ട്‌. എന്നാല്‍, അതില്‍നിന്നും ഓടി ഒളിച്ചുകൊണ്ട്‌ സ്വയം രക്ഷപ്പെടാനാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

11. കെ.എം.മാണി ബാര്‍ ഉടമകളില്‍ നിന്ന്‌ പണം വാങ്ങിയ പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ വലിയ ജനകീയ സമ്മര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന്‌ വിജിലന്‍സ്‌ പ്രാഥമിക അന്വേഷണം നടത്തി. ഈ അന്വേഷണത്തില്‍ വസ്‌തുതകള്‍ ബോധ്യപ്പെടുകയും ചെയ്‌തു. ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സ്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌തത്‌ ഈ സാഹചര്യത്തിലാണ്‌. ഏതെങ്കിലും രാഷ്‌ട്രീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇത്തരമൊരു കേസില്‍ ധനമന്ത്രി മാണി പ്രതിയായത്‌ എന്ന്‌ ആര്‍ക്കും പറയാനാവില്ല. എന്നിട്ടും അദ്ദേഹത്തെ മന്ത്രിക്കസേരയില്‍നിന്ന്‌ പുറത്താക്കാന്‍ മുഖ്യമന്ത്രിയോ സ്വയം രാജിവെച്ചൊഴിയാന്‍ കെ.എം.മാണിയോ തയ്യാറാവുന്നില്ല എന്ന സ്ഥിതിയാണുള്ളത്‌.

12. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സ്‌ തന്നെ അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പുണ്ടെന്ന്‌ പറഞ്ഞിട്ടുള്ളതാണ്‌ ബാര്‍ കോഴ അഴിമതി. ഇതിന്‌ ഉത്തരവാദിയായ കെ.എം. മാണി അധികാരസ്ഥാനത്ത്‌ ഒരു കാരണവശാലും തുടരാന്‍ പാടില്ല. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്‌ ധനമന്ത്രി കെ.എം.മാണി. ബാര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിയമങ്ങളില്‍ ഇളവ്‌ വരുത്തുന്നതുമായി ബന്ധപ്പെട്ടാണ്‌ മാണി കൈക്കൂലി വാങ്ങിയത്‌. ഇത്തരത്തിലുള്ള മന്ത്രി ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്നത്‌ അഴിമതിക്ക്‌ കൂടുതല്‍ സാധ്യതകള്‍ ഒരുക്കുന്നു എന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്‌. ഇത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം അത്യന്തം അപമാനകരമാണ്‌. വിജിലന്‍സ്‌ പ്രാഥമിക അന്വേഷണത്തില്‍ ധനമന്ത്രിയുടെ ചെയ്‌തികളില്‍ തെറ്റുണ്ടെന്ന്‌ കണ്ടെത്തിയിട്ടും ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്ന രീതിയില്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഇതിനെതിരായി നിയമസഭയ്‌ക്കകത്തും പുറത്തും നടത്തുന്ന എല്ലാ വിധ പ്രക്ഷോഭങ്ങളെയും വിജയിപ്പിക്കുന്നതിന്‌ ജനങ്ങള്‍ സഹകരിക്കണമെന്നും സംസ്ഥാന സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.


സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *