സിനിമാനടന്‍ തിലകന്റെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

തിരുവനന്തപുരം
24.09.2012

മലയാളത്തിന്റെ താരതമ്യമില്ലാത്ത മഹാനടനായിരുന്നു തിലകനെന്ന്‌ സി.പി. ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്വം കലാകാരനെന്ന നിലയില്‍ കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു തിലകന്റേത്‌. 1956-ല്‍ കൊല്ലം എസ്‌.എന്‍. കോളേജില്‍ വിദ്യാര്‍ത്ഥിയായി എത്തിയതു മുതല്‍ അഭിനയത്തിലെ അപൂര്‍വ്വ സിദ്ധിവിശേഷം പ്രകടിപ്പിച്ച അദ്ദേഹം അന്നു മുതല്‍ ജീവിതാവസാനം വരെ പുരോഗമനാശയങ്ങളോടൊപ്പമാണ്‌ സഞ്ചരിച്ചത്‌. താനൊരു കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനാണെന്ന്‌ പറയുന്നതില്‍ അഭിമാനംകൊണ്ട കലാകാരനായിരുന്നു തിലകന്‍. 1950-കളിലും 1960-കളിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ടി സമ്മേളന വേദികളില്‍ ഗായകനായും അദ്ദേഹം എത്തിയിരുന്നു. ഓരോ കഥാപാത്രത്തിലേക്കും പരകായപ്രവേശം നടത്തി കഥാപാത്രങ്ങളെയും ജീവസ്സുറ്റതാക്കി. മൂന്നുപതിറ്റാണ്ടിലേറെ സിനിമാരംഗത്തും അതിനു മുമ്പു മുതല്‍ നാടകരംഗത്തും വ്യക്തിത്വം സ്ഥാപിച്ച തിലകന്‍ മലയാള ചലച്ചിത്ര-നാടക അഭിനയലോകത്തെ ഭാവചക്രവര്‍ത്തിയായിരുന്നു. ശബ്‌ദത്തിന്റെ സിദ്ധിവിശേഷം ഇത്രയധികം പ്രകടിപ്പിച്ച മറ്റൊരു അഭിനേതാവില്ല. സ്വാഭാവിക അഭിനയം, അതിശയോക്തിയില്ലാത്ത അഭിനയം, ജീവിതവുമായി ബന്ധപ്പെട്ട അഭിനയം അതായിരുന്നു തിലകന്‍. അതുകൊണ്ടുതന്നെ, അഭിനയകലയ്‌ക്ക്‌ എന്നും മാതൃകയാണ്‌ അദ്ദേഹം. മലയാളത്തിന്റെ അതുല്യ നടനായ തിലകന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും പിണറായി വിജയന്‍ അറിയിച്ചു.
* * *