എം.എം. മണിയുടെ അറസ്റ്റിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തിരുവനന്തപുരം
21.11.2012

സി.പി.ഐ (എം) നേതാവ്‌ എം.എം. മണിയുടെ അറസ്റ്റും അറസ്റ്റുചെയ്‌ത രീതിയും നിയമവ്യവസ്ഥയോടുള്ള അനാദരവും വെല്ലുവിളിയുമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ്‌ നേരിടുന്ന കടുത്ത ഭരണ രാഷ്‌ട്രീയ പ്രതിസന്ധി മറികടക്കാമെന്ന വ്യാമോഹത്താല്‍ കൈക്കൊണ്ട വഴിവിട്ട നടപടിയാണ്‌ മണിയുടെ അറസ്റ്റ്‌. അറസ്റ്റുപോലെതന്നെ അറസ്റ്റുചെയ്‌ത രീതിയും തികച്ചും പ്രതിഷേധാര്‍ഹമാണ്‌. രാഷ്‌ട്രീയ വൈരനിര്യാതനത്തിനുള്ള വ്യഗ്രതയില്‍ നിയമവ്യവസ്ഥയെപോലും ദുരുപയോഗിക്കുകയാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍. ഇതിന്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നേരിട്ടിടപെട്ട്‌ പൊലീസിനെ രാഷ്‌ട്രീയ ഉപകരണമാക്കി തരംതാഴ്‌ത്തിയിരിക്കുകയാണ്‌. പല പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ നടന്ന സംഭവത്തിന്റെ പേരില്‍ മണി നടത്തിയ പ്രസംഗ പരാമര്‍ശം മറയാക്കിയാണ്‌ പഴയ കൊലപാതകക്കേസുകളില്‍ വീണ്ടും എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ രാഷ്‌ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നത്‌. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ക്കെതിരെ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും മണിയുടെ ഹര്‍ജികള്‍ ഇതുവരെ അന്തിമ തീര്‍പ്പായിട്ടില്ല. അതിനുപോലും സാവകാശം നല്‍കാതെ ധൃതിപിടിച്ച്‌ ഒരു പിടികിട്ടാപ്പുള്ളിയോടെന്നപോലെ മണിയെ പുലര്‍ച്ചയ്‌ക്ക്‌ വീടുവളഞ്ഞ്‌ അറസ്റ്റുചെയ്‌ത പൊലീസ്‌ നടപടി ഏറ്റവും ഹീനമാണ്‌്‌. ഇത്‌ രാഷ്‌ട്രീയ ദുരുദ്ദേശത്തോടെയുള്ള നിയമദുരുപയോഗവും അധികാര ദുര്‍വിനിയോഗവുമാണ്‌.

കൊലപാതകം നടത്തിയതായി പരസ്യമായി പ്രസംഗിച്ച കെ. സുധാകരനും ഇരട്ടക്കൊലക്കേസില്‍ എഫ്‌ഐആറില്‍ പേരുവന്ന മുസ്ലിംലീഗിന്റെ എംഎല്‍എ പി.കെ. ബഷീറിനുമെതിരെ ചെറുവിരല്‍പോലുമനക്കാത്ത പൊലീസാണ്‌ ഒരു പ്രസംഗത്തിന്റെ മറപിടിച്ച്‌ എം.എം. മണിയെ വേട്ടയാടുന്നത്‌. മണിയെ അറസ്റ്റുചെയ്‌ത്‌ തുറുങ്കിലടച്ചിരിക്കുന്ന യുഡിഎഫ്‌ സര്‍ക്കാരിന്റെ ഹീനമായ രാഷ്‌ട്രീയ പകപോക്കലിനെതിരെ എല്ലാ ജനാധിപത്യശക്തികളും സി.പി.ഐ (എം) പ്രവര്‍ത്തകരും അനുഭാവികളും ശക്തിമായി പ്രതിഷേധിക്കാന്‍ പിണറായി വിജയന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

* * *