ജീവന്‍ രക്ഷാ മരുന്നുകളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം കുതിച്ചുയരുകയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമാണ് കേരളീയരെങ്കിലും ഇന്ത്യയില്‍ ഉല്‌പാദിപ്പിക്കുന്ന ഔഷധങ്ങളുടെ പത്ത് ശതമാനവും വിറ്റഴിക്കപെടുന്നത് കേരളത്തിലാണ്. അതിനാല്‍ വിലവര്‍ധന കേരളീയരെയാണ് ഏറ്റവും രൂക്ഷമയി ബാധിക്കുക.
1970 ല്‍ ഇന്ത്യ ഗവര്‍മെന്റ് നടപ്പിലാക്കിയ പേറ്റന്റ് നിയമം, 1977 ലെ ജനതാസര്‍ക്കാര്‍ നടപ്പിലാക്കിയ ഔഷധവില നിയന്ത്രണ നിയമം എന്നിവ മൂലം ഗുണമേന്മയുള്ള മരുന്ന് കുറഞ്ഞ വിലക്ക് ഉല്‌പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. അതോടൊപ്പം വിദേശ ഇന്ത്യന്‍ കുത്തക കമ്പനികളുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലൂടെ രാജ്യത്തെ പൊതുസ്വകാര്യമേഖല ഔഷധകമ്പനികള്‍ വളര്‍ന്ന് വികസിച്ചു. ഔഷധ ഉല്‌പാദനത്തിനാവശ്യമായ നവീന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കാനും ഔഷധ ഉല്‌പാദനത്തില്‍ സ്വയം പര്യാപ്‌തത നേടാനും രാജ്യത്തിനു കഴിഞ്ഞു. ഇന്ത്യയില്‍ ഉല്‌പാദിപ്പിക്കുന്ന ഒന്നേകാല്‍ കോടി രൂപക്കുള്ള മരുന്നുകളില്‍ 40,000 കോടിരൂപക്കുള്ള മരുന്നുകള്‍ 200 ഓളം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തുവരികയാണ്. ഇന്ത്യന്‍ ജനതക്ക് മാത്രമല്ല വികസ്വരരാജ്യങ്ങളിലെ ജനങ്ങള്‍ക്കും അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്കും കുറഞ്ഞവിലക്ക് മികച്ച ഔഷധങ്ങള്‍ ലഭ്യമാക്കുകവഴി വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി, സാധുക്കളുടെ മരുന്ന് കട എന്നീ പദവികള്‍ ഇന്ത്യന്‍ ഔഷധമേഖല കൈവരിച്ചു.
ലോകവ്യാപാര സംഘടനയുടെ നിബന്ധനക്ക് വഴങ്ങി വികസ്വരരാജ്യങ്ങള്‍ക്ക് മാതൃകയെന്ന് കരുതിയിരുന്ന ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഒന്നാം എന്‍ ഡി എ സര്‍ക്കാരും ഒന്നാം യുപി എ സര്‍ക്കാരും മാറ്റം വരുത്തി. പ്രക്രിയ പേറ്റന്റിന്റെ സ്ഥാനത്ത് ഉല്‌പന്ന പേറ്റന്റ് വന്നതോടെ നവീന ഔഷധങ്ങള്‍ അതി ഭീമമായ വിലക്ക് ഇന്ത്യയില്‍ വിറ്റഴിക്കാന്‍ ബഹുരാഷ്ട്രാ കുത്തകകള്‍ക്ക് അവസരം ലഭിച്ചു. ഇതിനു പുറമേ കുത്തകകമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വിലനിയന്ത്രണ നിയമത്തില്‍ അയവു വരുത്തുകയും ചെയ്‌തതോടെ ഔഷധവില കുതിച്ചുയരാന്‍ തുടങ്ങി. ഔഷധമേഖലയിലെ വിദേശ മൂലധന നിക്ഷേപം നൂറു ശതമാനമീയി വര്‍ധിപ്പിച്ചു. സര്‍ക്കാരിന്റെ അവഗണന മൂലം പൊതുമേഖല ഔഷധകമ്പനികളുടെ വളര്‍ച്ച മുരടിച്ചു. സാര്‍വ്വത്രിക ഇമ്മ്യൂണൈസേഷന്‍ പരിപാടിക്ക് വാകിസ്‌ന്‍ നല്‍കിയിരുന്ന മൂന്ന് വാക്‌സിന്‍ ഫാക്ടറികള്‍ അടച്ച് പൂട്ടി.
എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ദേശീയ ഔഷധ വിലനിയന്ത്രണ സമിതി 108 മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ പുറപ്പെടുവിച്ച് ഉത്തരവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ തൃപ്‌തിപ്പെടുത്തുന്നതിനായി ഫലത്തില്‍ റദ്ദാക്കി. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് പേറ്റന്റ് നിയമ ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്‌തപ്പോള്‍ ഇടത്‌പക്ഷ പാര്‍ട്ടികളുടെ പ്രത്യേകിച്ച് സി പി ഐ എം ന്റെ എം പി മാരുടെ ശക്തവും ഫലവത്തുമായ ഇടപെടല്‍ മൂലം ഇന്ത്യക്ക് ഗുണകരമായ നിര്‍ബന്ധിത ലൈസന്‍സ്, 3(ഡി) എന്നീ വകുപ്പുകള്‍ പേറ്റന്റ് നിയമത്തില്‍ ഉള്‍പെടുത്താന്‍ കഴിഞ്ഞിരുന്നു. നിര്‍ബന്ധിത ലൈസന്‍സ് വഴി ബേയര്‍ എന്ന ജര്‍മ്മന്‍ ബഹുരാഷ്ട്ര കുത്തകയുടെ കാന്‍സര്‍ ചികിത്സക്കുള്ള നെക്‌സാവര്‍ എന്ന അതിമീഭമായ വിലക്ക് വിറ്റിരുന്ന (ഒരുമാസത്തെ ചികിത്സക്ക് 2,80, 000 രൂപ) മരുന്നിന്റെ സ്ഥാനത്ത് വളരെ തുശ്ചമായ വിലക്ക് (8800 രൂപ) അതേ മരുന്നു ഉല്‌പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോക്ക് ഇന്ത്യന്‍ പേറ്റന്റ് കണ്‍ ട്രോളര്‍ അനുമതിനല്‍കിയതും നൊവാര്‍ട്ടിസ് സ്വിസ് എന്ന കുത്തകകമ്പനി അവരുടെ ഗ്ലീവക്ക് എന്ന മരുന്ന് അനാവശ്യപേറ്റന്റെടുത്ത് അമിത വിലക്ക് വിലക്കാനുള്ള നീക്കത്തെ 3(ഡി) വകുപ്പുപയോഗിച്ച് പേറ്റന്റ് കണ്‍ട്രോളറും സുപ്രീം കോടതിയും തടഞ്ഞതും അമേരിക്കക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ജനോപകാര പ്രദമായ ഈ രണ്ട് വകുപ്പുകളും നീക്കം ചെയ്യാനും നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്നത് ഫലത്തില്‍ തടയുന്ന വിവരകുത്തക എന്ന നിയമം ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ചേര്‍ക്കാനുമായി അമേരിക്ക ഇന്ത്യന്‍ സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് മോദി യുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ മാറ്റം വരുത്തുന്നതിനു വേണ്ടി ഉഭയകക്ഷി സമിതി രൂപീകരിച്ചിട്ടുള്ളത്. തുടര്‍ന്ന് ഇന്ത്യന്‍ ഐ പി ആര്‍ നയം രൂപീകരിക്കുന്നതിനായി ആറംഗ വിദഗ്‌ദ സമിതി ഇന്ത്യയിലും രൂപീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്‍പ് ഇന്ത്യയിലെത്തിയ ബഹുരാഷ്ട്രാ കുത്തക കമ്പനികളുടെ പ്രതിനിധികളടങ്ങിയ ബൌദ്ധിക സ്വത്തവകാശ ഉടമകളുടെ സംഘടനയുടെ ഭാരവാഹികള്‍ ഇന്ത്യന്‍ പേറ്റന്റ് ഓഫീസിലെ ഉദ്യോഗസ്ഥന്മാരുമായും ജഡ്‌ജിമാരടക്കമുള്ള നിയമജ്ഞരുമായും ചര്‍ച്ചനടത്തുകയും ചെയ്‌തു. മാത്രമല്ല, ഇന്ത്യന്‍ ഐ പി ആറില്‍ അമേരിക്ക ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന അരവിന്ദ് സുബ്രഹ്മണ്യനെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കയും ചെയ്‌തു. ഇന്ത്യന്‍ ബൌദ്ധിക സ്വത്തവകാശ നിയമത്തിലെ രാജ്യതാത്‌പര്യം സംരക്ഷിക്കാനായി അവശേഷിച്ചിട്ടുള്ള പേറ്റന്റ് വ്യവസ്ഥകള്‍കൂടി തങ്ങളൂടെ താത്‌പര്യപ്രകാരം മാറ്റിയെടുക്കുന്നതില്‍ ബഹുരാഷ്ട്രാ മരുന്നുകമ്പനികള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചുവെന്നാണ് ഒബാമയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് അംഗീകരിച്ച് സംയുക്ത പ്രസ്‌താവന വ്യക്തമാക്കുന്നത്.
20062011 ലെ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് കാര്യക്ഷമതയോടെ നടപ്പിലാക്കിയ നിരവധി പരിപാടികളിലൂടെ സര്‍ക്കാര്‍ ആശുപത്രികളിലെ അവശ്യ മരുന്നു ക്ഷാമം വലിയൊരളവ് പരിഹരിച്ചിരുന്നു. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചുകൊണ്ടും വിജയകരമായി നടപ്പിലാക്കിയ തമിഴ്‌നാട് മാതൃകയില്‍ കേരളത്തിലും മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചുകൊണ്ടുമാണ് ഔഷധ മേഖലയില്‍ ഇടതു സര്‍ക്കാര്‍ ഫലവത്തായി ഇടപെട്ടു തുടങ്ങിയത്. അടച്ച് പൂട്ടികിടന്നിരുന്ന കെ എസ് ഡി പി ഇടതു മുന്നണി സര്‍ക്കാര്‍ അവശ്യമായ സാമ്പത്തിക സഹായം നല്‍കി പുനരുദ്ധരിക്കയും 40 കോടി രൂപക്കുള്ള അന്‍പതോളം മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാന്‍ പ്രാപ്‌തമാക്കയും ചെയ്‌തു. സുതാര്യമായ ടെണ്ടര്‍ രീതിയിലൂടെ കൊള്ളലാഭം ഈടാക്കി വന്നിരുന്ന വന്‍കിട മരുന്നുവിതരണ ഏജന്‍സികളെ ഒഴിവാക്കി മരുന്നുകമ്പനികളില്‍ നിന്നും അവശ്യമരുന്നുകള്‍ മിതമായ വിലക്ക് നേരിട്ട് വാങ്ങാന്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ നടപടികള്‍ സ്വീകരിച്ചു. നീതി മെഡിക്കല്‍ സ്റ്റോറുകളുടെ വലിയൊരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് മാത്രമല്ല സ്വകാര്യ ആശുപത്രികളില്‍ പോകേണ്ടിവരുന്നവര്‍ക്കും നീതി മെഡിക്കല്‍സ്റ്റോറുകളില്‍ നിന്നും ഗുണനിലവാരമുള്ള വിലകുറഞ്ഞ മരുന്നുകള്‍ വാങ്ങാന്‍ കഴിഞ്ഞു.
യുഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തുടര്‍ന്ന് അധികം വൈകാതെ തന്നെ ഈ സംവിധാനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണുണ്ടായിട്ടുള്ളത്. യു ഡി എഫ് സര്‍ക്കാരിന്റെ താത്‌പര്യക്കുറവും കെടുകാര്യസ്ഥതയും മൂലം സര്‍ക്കാര്‍ ആശുപത്രികളിലെ ഔഷധക്ഷാമം പരിഹരിക്കാന്‍ വലിയ പങ്കു വഹിക്കാവുന്ന കെ എസ് ഡി പി വീണ്ടും തകര്‍ച്ചയെ നേരിടുകയാണ്. ആരോഗ്യ വകുപ്പ് മരുന്ന് വാങ്ങാന്‍ തയ്യാറാവാത്തത് മൂലം മറ്റ് സംസ്ഥാനങ്ങളിലേക്ക് മരുന്ന് കയറ്റ് മതി ചെയ്യേണ്ട ഗതികേടിലാണ് കെ എസ് ഡി പി ഇപ്പോള്‍. ഉല്‌പാദനമാവട്ടെ നാല്‌പത് കോടിയില്‍ നിന്നും മുപ്പത് കോടിയില്‍ താഴെയായി കുത്തനെ കുറഞ്ഞിരിക്കയാണ്. അതു പോലെ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനും ഫലത്തില്‍ പ്രവര്‍ത്തനരഹിതമായിരിക്കയാണ്. ഇതിന്റെയെല്ലാം ഫലമായി പ്രാഥമിക ചികിത്സക്കാവശ്യമായ മരുന്നുകള്‍ പോലും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ന്റെ സംസ്ഥാന സമ്മേളനം 1977 ലെ ഔഷധ വിലനിയന്ത്രണ നിയമത്തിന്റെ മാതൃകയില്‍ എല്ലാ അവശ്യമരുന്നുകളുടേയും വില നിയന്ത്രിച്ചുകൊണ്ടുള്ള സമഗ്രമായ ഔഷധ വിലനിയന്ത്രണ നിയമം നടപ്പിലാക്കണമെന്നും അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഇന്ത്യന്‍ ജനതയുടെ താതപര്യത്തിനെതിരായ മാറ്റങ്ങള്‍ വരുത്തരുതെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇന്ത്യന്‍ പൊതുമേഖല ഔഷധകമ്പനികള്‍ വികസിപ്പിക്കയും വിദേശകുത്തക കമ്പനികളുടെ മേലുള്ള നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കയും വേണം.
കെ എസ് ഡി പി യുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയും മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചും ജീവന്‍ രക്ഷാ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെടുന്നു.
സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *