സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-പൊതുവിദ്യാഭ്യാസസംരക്ഷണത്തിനും പുനര്‍നിര്‍മാണത്തിനുമുള്ള പോരാട്ടത്തില്‍ പങ്കാളികളാകുക

കേരളത്തിലെ പൊതുവിദ്യാഭ്യാസം ഇന്ന്‌ സമ്പൂര്‍ണമായ തകര്‍ച്ചയെ നേരിടുകയാണ്‌. 12000ത്തോളം വരുന്ന കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളില്‍ 5252 എണ്ണം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്‌. 1972ല്‍ 8ലക്ഷത്തോളം കുട്ടികളെ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിച്ചപ്പോള്‍ 1991ല്‍ പ്രവേശനത്തിന്റെ എണ്ണം 6 ലക്ഷമായി കുറഞ്ഞു. ഇപ്പോള്‍ അതു 2.9 ലക്ഷമാണ്‌. കേരളത്തില്‍ ഇക്കാലത്തു സംഭവിച്ച ജനസംഖ്യാനിരക്കുകളുടെ ഇടിവു ഇതിന്‌ ഒരു പ്രധാന കാരണമാണെങ്കിലും അണ്‍ എയ്‌ഡഡ് വിദ്യാലയങ്ങളുടെ വളര്‍ച്ച ഈ പ്രവണതയെ ത്വരിതപ്പെടുത്തുന്നുണ്ട്‌. 2001-നുശേഷം അണ്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ എണ്ണം പൊടുന്നനെ വര്‍ദ്ധിക്കുകയും ഇപ്പോള്‍ അതു 1400ല്‍പരമാവുകയും ചെയ്‌തിരിക്കുന്നു. ഔദ്യോഗിക കണക്കുകളില്‍ പെടാത്ത നിരവധി വിദ്യാലയങ്ങള്‍ വേറെയും ഉണ്ട്‌. മധ്യവര്‍ഗ കച്ചവടശക്തികളുടെയും ജാതിമതശക്തികളുടെയും രക്ഷാധികാരിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വിദ്യാലയങ്ങള്‍ക്ക്‌ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ശക്തമായ പിന്തുണയുമുണ്ട്‌. ഒരു കാലത്ത്  സാമൂഹ്യസമത്വത്തിനും തുല്യനീതിക്കും പേരു കേട്ടിരുന്ന കേരളത്തിലെ വിദ്യാലയങ്ങള്‍ ഇപ്പോള്‍ വരേണ്യവിദ്യാലയങ്ങള്‍ എന്നും സാധാരണവിദ്യാലയങ്ങള്‍ എന്നുമുള്ള രണ്ടു തട്ടിലാണ്‌.

പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രാഥമിക ഉത്തരവാദിത്വം ഗവര്‍ണ്മെന്റിനാണ്‌. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിരവധി നിര്‍ദേശങ്ങള്‍ 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളുമായി കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍കാര്‍ മുന്നോട്ടു പോകുകയും ചെയ്‌തിരുന്നു. പിന്നീടുവന്ന യു.ഡി.എഫ്‌ സര്‍കാര്‍ ഈ നീക്കങ്ങളെയെല്ലാം അട്ടിമറിക്കുകയും വിദ്യാഭ്യാസ അവകാശനിയമം തന്നെ തന്നിഷ്ടപ്രകാരം അണ്‍എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ അനുവദിക്കുന്നതിനുള്ള ഉപാധി ആയി ഉപയോഗിക്കുകയുമാണ്‌ ചെയ്‌തത്‌. വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ തുക ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചില്ലെന്നു മാത്രമല്ല, എസ്‌.എസ്‌.എ, ആര്‍.എം.എസ്‌.എ മുതലായ കേന്ദ്ര സ്‌കീമുകളെല്ലാം ദുരുപയോഗം ചെയ്യുകയോ ലാപ്‌സ്‌ ആക്കുകയോ ആണ്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. വിദ്യാലയങ്ങള്‍ക്കാവശ്യമായ പിന്തുണാസംവിധാനങ്ങളൂം ഭൗതിക സാഹചര്യങ്ങളൂം സൃഷ്ടിക്കുന്നതിനും അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ ശാസ്‌ത്രീയമായ മാറ്റങ്ങള്‍ വരുത്തി ബോധനപഠനരൂപങ്ങള്‍ പരിഷ്‌കരിക്കുന്നതിനും ശ്രദ്ധിക്കാത്തത്‌ അധ്യാപകരുടെ തൊഴില്‍സുരക്ഷിതത്വത്തെ തന്നെ ഗൗരവമായ രീതിയില്‍ ബാധിച്ചിരിക്കുകയാണ്‌. ഇന്ന്‌ പൊതുവിദ്യാഭ്യാസത്തെ ബാധിച്ചിരിക്കുന്ന തകര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദി യു.ഡി.എഫ്‌ സര്‍ക്കാരാണെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാണ്‌. കേന്ദ്രം ഭരിക്കുന്ന മോദി സര്‍കാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ഹിന്ദുത്വവാദപരമായ പിന്തിരിപ്പന്‍ നയങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‌കരണത്തിനും സാമുദായികവല്‌ക്കരണത്തിനും ശക്തി പകരുകയും ചെയ്യുന്നു.

ജനപക്ഷത്തു നിന്നുള്ള വികസനബദലിനു വേണ്ടിയുള്ള പോരാട്ടം കേരളത്തിലെ തൊഴിലെടുക്കുന്നവനും അധസ്ഥിതജനവിഭാഗങ്ങളൂം പാവപ്പെട്ടവരും പഠിക്കുന്ന പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിലൂടെയും കാലോചിതമായ പുനര്‍നിര്‍മാണത്തിലൂടെയും അല്ലാതെ സാധ്യമല്ല. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിസരത്തില്‍ ഊന്നിനിന്നുകൊണ്ട്‌ അന്താരാഷ്ട്രനിലവാരമുള്ള ശാസ്‌ത്ര-സാങ്കേതികവിദ്യകളുടെയും സെക്കുലര്‍ ജനാധിപത്യപരമായ സാമൂഹ്യ അവബോധത്തിന്റെയും അന്തസ്സത്ത ഉള്‍കൊള്ളുന്ന പൊതുവിദ്യാഭ്യാസമാണ്‌ നമുക്കാവശ്യം. ശാസ്‌ത്രീയമായ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയും മൂല്യനിര്‍ണയത്തിന്റെ യുക്തിസഹമായ പരിഷ്‌കാരങ്ങളിലൂടെ സ്‌കൂള്‍ വിജയശതമാനം ഉയര്‍ത്താനുള്ള നടപടികളെടുത്തും പിന്നോക്കം നില്‌ക്കുന്ന സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനുള്ള പ്രത്യേകപദ്ധതികള്‍ ആവിഷ്‌കരിച്ചും കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍കാര്‍ പൊതുവിദ്യാഭ്യാസത്തിന്റെ പുനര്‍നിര്‍മാണത്തിനും ശക്തമായ തുടക്കമിട്ടിരുന്നു. ഈ പ്രക്രിയ മുന്നോട്ട്‌ കൊണ്ടു പോകേണ്ടത്‌ ഇന്ന്‌ പൊതുവിദ്യാഭ്യാസം നേരിടുന്ന തകര്‍ച്ചയെ അതിജീവിക്കാന്‍ അനിവാര്യമാണ്‌.

വിദ്യാഭ്യാസത്തിന്റെ കമ്പോളവല്‌കരണവും മതസാമൂദായികവല്‌ക്കരണവും വഴി പാവപ്പെട്ടവര്‍ക്ക്‌ ഉയര്‍ന്ന വിദ്യാഭ്യാസസൗകര്യങ്ങളും ആനുകൂല്യങ്ങളൂം ശാസ്‌ത്രീയ വിദ്യാഭ്യാസത്തിനുള്ള സാധ്യതകളും നിഷേധിക്കുന്ന നടപടികളില്‍ നിന്ന്‌ പിന്തിരിയണമെന്ന്‌ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട്‌ സി.പി.ഐ.(എം) സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു. സാമൂഹ്യനീതിയിലും ഉയര്‍ന്ന ഗുണനിലവാരത്തിലും അധിഷ്‌ഠിതവും ശാസ്‌ത്രീയവും ജനാധിപത്യപരവുമായ പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനും പുനര്‍നിര്‍മാണത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളികള്‍ ആകുന്നതിന്‌ സമസ്‌തജനാധിപത്യപ്രസ്ഥാനങ്ങളോടും തല്‍പരരായ എല്ലാ ജനാധിപത്യവാദികളോടും സി.പി.ഐ.(എം) സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്യുന്നു.



സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *