കുടുംബശ്രീയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ദുരപഷ്‌ടിത നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് സി.പി.ഐ.എം സംസ്ഥാന സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയ്‌ക്കു പകരം ജനശ്രീയെ പ്രതിഷ്‌ഠിക്കുന്നതിനാണ് തുടക്കം മുതല്‍ കരുക്കള്‍ നീക്കിയത്. ഇപ്പോള്‍ത്തന്നെ സാമുദായികസംഘടനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ ഒട്ടേറെ സ്വയംസഹായ സംവിധാനങ്ങള്‍ കേരളത്തിലുണ്ട്. ഇവയോടൊപ്പം രാഷ്‌ട്രീയാടിസ്ഥാനത്തില്‍ ഭരണപ്പാര്‍ട്ടി തന്നെ സ്വയംസഹായ ശൃംഖല ഉണ്ടാക്കിയിരിക്കുകയാണ്. കുടുംബശ്രീയില്‍ 40 ലക്ഷത്തിലേറെ സ്‌ത്രീകള്‍, അതായത് കേരളത്തിലെ കുടുംബങ്ങളിലെ പകുതിയിലേറെപേര്‍ അംഗങ്ങളായിട്ടുണ്ട്‌്. പുതിയ സമാന്തര സ്വയംസഹായ സംഘങ്ങളുടെ ആവിര്‍ഭാവം ഇരട്ടമെമ്പര്‍ഷിപ്പ് സൃഷ്‌ടിക്കുന്നു, ഇത് വായ്‌പകളുടെ തിരിച്ചടവിനെ ദുര്‍ബലപ്പെടുത്തുന്നു. യു.ഡി.എഫിന്റെ ഈ നീക്കം ലോകത്തിന് മാതൃകയായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയെ ദുര്‍ബലപ്പെടുത്തും.
സര്‍ക്കാര്‍ ധനസഹായം ജനശ്രീയുമായി പങ്കുവെയ്‌ക്കുന്ന നയം യു.ഡി.എഫ് സ്വീകരിച്ചു. ആര്‍.എല്‍.എം ഫണ്ടില്‍ നിന്ന് ജനശ്രീയ്‌ക്ക് 100 കോടി രൂപ അനുവദിക്കുവാനുള്ള ശ്രമം സംസ്ഥാന വ്യാപകമായി കുടുംബശ്രീ അംഗങ്ങളെ സമരത്തിലേയ്‌ക്ക് തള്ളി വിട്ടു. തിരുവനന്തപുരത്ത് ആയിരക്കണക്കിന് സ്‌ത്രീകള്‍ നടത്തിയ രാപ്പകള്‍ സമരത്തിനു മുന്നില്‍ സംസ്ഥാന സര്‍ക്കാരിന് മുട്ടുകുത്തേണ്ടി വന്നു. ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെ തന്നെ നിശ്ചയിച്ചു. എന്നാല്‍ മറ്റ് ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ പലതും നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അണിയറയില്‍ കുടുംബശ്രീയ്‌ക്കെതിരെ ഉപജാപങ്ങള്‍ തുടര്‍ന്നു.
പരിചയസമ്പന്നരും ജന്റര്‍ ബോധവുമുള്ള ഉദ്ദ്യോഗസ്ഥരെ കുടുംബശ്രീ മിഷനില്‍ നിന്ന് മാറ്റി കക്ഷി രാഷ്‌ട്രീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസും ലീഗും സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തു. ഈ ഉദ്യോഗസ്ഥര്‍ രാഷ്‌ടിയ വിവേചനം കാണിക്കുകമാത്രമല്ല സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുന്ന സ്ഥിതിയും ഉണ്ടായി. ആലപ്പുഴയിലെ ഡി.എം.സിയെ കുറിച്ചുള്ള ഇത്തരത്തിലുള്ള ആരോപണത്തെ കുടുംബശ്രീ മിഷന്‍ നടത്തിയ അന്വഷണം ശരിവെക്കുകയുണ്ടായി. ആലപ്പുഴയിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ മഹാഭൂരിപക്ഷം ആവശ്യപ്പെട്ടിട്ടുപോലും ഇയാളെ സ്ഥലം മാറ്റുന്നതിനുപോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.
തദ്ദേശ ഭരണ വകുപ്പിനെ മൂന്നായി വിഭജിച്ചത് കുടുംബശ്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്‌ടിച്ചു. കുടുംബശ്രീ പഞ്ചായത്ത് വകുപ്പിനു കീഴിലാണ് അതുകൊണ്ട് നഗര വികസന വകുപ്പിന് കുടുംബശ്രീയോട് മമതയില്ല. ഗ്രാമ വികസന വകുപ്പാകട്ടെ ശത്രുതാപരമായ സമീപനമാണ് കൈകൊള്ളുന്നത്. ബ്‌ളോക്കുതലത്തില്‍ അവര്‍ സമാന്തരമായ സ്വയം സഹായ സംഘങ്ങളെ രൂപികരിക്കുകയാണ്.
എല്‍.ഡി.എഫ് കുടുംബശ്രീയ്‌ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ പലതും യു.ഡി.എഫ് അട്ടിമറിച്ചു. 4 ശതമാലം പലിശക്ക് വായ്‌പ നല്‍കാനുള്ള സ്‌ക്കീം 6 ശതമാന സ്‌ക്കീമാക്കി മാറ്റി. ഈ ആനുകൂല്യം പോലും ഇന്നും ഭൂരിപക്ഷം സംഘങ്ങള്‍ക്കും ലഭിക്കുന്നില്ല. വായ്‌പകള്‍ എഴുതി തള്ളിയെങ്കിലും ഭവനശ്രീയുടെ ആധാരങ്ങള്‍ പല ബാങ്കുകളും തിരിച്ച് നല്‍കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റുമാരെ പലയിടത്തും ഇപ്പോള്‍ കുടുംബശ്രീയ്‌ക്ക് പുറത്തുനിന്നുമാണ് നിയമിക്കുന്നത്. എന്‍.ആര്‍.എല്‍.എം ഫണ്ട് നല്‍കുന്നില്ല എങ്കിലും മറ്റുപല ഫണ്ടുകളും ജനശ്രീയ്‌ക്ക സര്‍ക്കാര്‍ നല്‍കുന്നു.
മേല്‍പ്പറഞ്ഞ നടപടികള്‍ യു.ഡി.എഫിനെ കുടുംബശ്രീയില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുത്തി ഇത്തവണത്തെ കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പഞ്ചായത്തുകള്‍ ആസൂത്രണമായി ഇടപെട്ടു. രഹര്യ ബാലറ്റ് കൊണ്ടുവന്നു. യൂണിറ്റ് തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥ സാന്നിധ്യവും അനിവാര്യമാക്കി. ചിലയിടങ്ങളില്‍ കുടുംബശ്രീ മിഷനിലെ യു.ഡി.എഫ് അനുഭാവി ഉദ്യോഗസ്ഥര്‍ അവിഹിതമായ ഇടപെടലുകള്‍ നടത്തി എന്നിട്ടും 650 ഓളം സി.ഡി.എസുകളില്‍ എല്‍.ഡി.എഫ് അനുഭാവികളാണ് ജയിച്ചത്. പുതിയ ഡി.ഡി.എസ് ഭാരവാഹികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും സഹായിക്കുന്നതിനും ഈ സമ്മേളനം എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
സങ്കുചിത രാഷ്‌ട്രീയ പക്ഷപാതിത്വം കൊണ്ട് മാത്രമല്ല കോണ്‍ഗ്രസ് കുടുംബശ്രീയെ ദുര്‍ബലപ്പെടുത്തുാന്‍ ശ്രമിക്കുന്നത്. ഇന്ത്യാ സര്‍ക്കാരും അനന്തര്‍ദേശിയ ഏജന്‍സികളും പ്രോല്‍സാഹിപ്പിക്കുന്ന സ്വയം സഹായ മാതൃകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കാഴ്‌ചപ്പാടോടെയാണ് 1998ല്‍ നായനാര്‍ സര്‍ക്കാര്‍ കുടുംബശ്രീയ്‌ക്ക് രൂപം നല്‍കിയത്.
പേരില്‍ത്തന്നെയുണ്ട് കുടുംബശ്രീയുടെ വ്യത്യസ്‌തത. ജാതി-മത-രാഷ്‌ട്രീയഭേദമന്യെ അയല്‍പക്കത്തെ കുടുംബങ്ങളുടെ കൂട്ടമാണ് കുടുംബശ്രീ. മറ്റു സ്വയംസഹായ സംഘങ്ങള്‍ പ്രത്യേക താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുളള ഇഷ്‌ടക്കാരുടെ സംഘങ്ങളാണ്. കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ ഏതെങ്കിലും സന്നദ്ധ സംഘടനയുടെ നിയന്ത്രണത്തിലല്ല. പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ലോകബാങ്കും മറ്റും ദാരിദ്ര്യനിര്‍മാണത്തിനുളള ഒറ്റമൂലിയായി സ്വയംസഹായ സംഘങ്ങളുടെ വായ്‌പകളെ പ്രതിഷ്‌ഠിക്കുമ്പോള്‍ പഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ടാണ് കുടുംബശ്രീയുടെ പ്രോജക്‌ടുകളും തയ്യാറാക്കുന്നത്. കേവലം സമ്പാദ്യ-വായ്‌പ പരിപാടി മാത്രമല്ല, സൂക്ഷ്‌മ തൊഴില്‍ സംരംഭങ്ങള്‍ അടക്കമുളള വരുമാനദായക പരിപാടികളും കുടുംബശ്രീയുടെ ഭാഗമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും വിവിധങ്ങളായ ദാരിദ്ര്യനിര്‍മ്മാണ പരിപാടികള്‍ നടപ്പാക്കാനുളള പൊതു ഏജന്‍സിയായിട്ടാണ് കുടുംബശ്രീ വിഭാവനം ചെയ്‌തിട്ടുളളത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തോടൊപ്പം ജനാധിപത്യ-മതേതര ബോധവും സ്‌ത്രീ സമത്വ ബോധവും വളര്‍ത്തിയെടുക്കലും കുടുംബശ്രീയുടെ ലക്ഷ്യമാണ്.
1999 മുതല്‍ 2006 വരെയുളള വര്‍ഷങ്ങളില്‍ ഏതാണ്ട് 50 കോടി രൂപയാണ് കുടുംബശ്രീ വഴി ആകെ ചെലവാക്കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ 370 കോടി രൂപ ചെലവാക്കി. ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ തുക കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്‌ജറ്റില്‍ തുക വകയിരുത്തി.
യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്ന കുടുംബശ്രീവിരുദ്ധ നയം അവരെ അതിവേഗം സ്‌ത്രീകളില്‍ നിന്ന് ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ രാഷ്‌ട്രീയ വൈരാഗ്യത്തോടെ യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയെ കടന്നാക്രമിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കുടുംബശ്രീയെ സംരക്ഷിക്കുന്നതിന് വിപുലമായ പ്രചാരണം നടത്തുകയും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *