സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക

1. കേരളത്തില്‍ പുതിയ സാമൂഹ്യ വികാസത്തിന്റെ ഭാഗമായി വിവിധ തൊഴില്‍മേഖലകളും അതിന്റെ ഭാഗമായി ലക്ഷക്കണക്കിന്‌ തൊഴിലാളികളും ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഈ മേഖലയില്‍ പുതിയ ചൂഷണമാണ്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഈ മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

2. ഐ.ടി മേഖലയിലെ നിരവധി ജീവനക്കാരും, സ്വാശ്രയ കോളേജുകളിലെയും അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലെയും ലക്ഷക്കണക്കിന്‌ അധ്യാപകരും ജീവനക്കാരും പുതുതലമുറ ബാങ്കുകളിലെയും ഇന്‍ഷ്വറന്‍സ്‌ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, ടൂറിസം രംഗത്തെ ജീവനക്കാര്‍ തുടങ്ങി വാണിജ്യ-വ്യാപാര മേഖലയിലും വന്‍ ഷോപ്പിംഗ്‌ മാളുകളിലും, തുണി-സ്വര്‍ണ്ണക്കടകളിലെയും ജീവനക്കാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്‌. ഐ.സി.ഐ.സി ബാങ്ക്‌, എസ്‌.ബി.ഐ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌, ടാറ്റ എ.ഐ.ജി തുടങ്ങിയവയൊക്കെ നല്‍കുന്ന തുച്ഛമായ ശമ്പളവും കരാര്‍ വ്യവസ്ഥകളും ചൂഷണത്തിന്റെ ഉദാഹരണങ്ങളാണ്‌.

3. സര്‍വ്വീസ്‌ മേഖലയ്‌ക്ക്‌ വന്‍ പ്രാധാന്യമുള്ള കേരളത്തില്‍ ഇത്തരം തൊഴിലുകള്‍ ഇതര സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ വളരെയധികമാണുള്ളത്‌. ഇതു കൂടാതെ നിലവിലുള്ള വ്യവസ്ഥാപിത സ്ഥാപനങ്ങളില്‍ പോലും പുതിയ ഒഴിവുകള്‍ കോണ്‍ട്രാക്‌ട്‌ ആയിട്ടാണ്‌ നിയമിക്കപ്പെടുന്നത്‌. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ നല്‍കിയ വികസന സങ്കല്‍പ്പങ്ങളാണ്‌ ഈ രംഗത്തെ നിയന്ത്രിക്കുന്നത്‌. ജീവനക്കാരെ പരമാവധി ശമ്പളം കുറച്ച്‌ നിശ്ചയിച്ച്‌ യാതൊരുവിധ നിയമ പരിരക്ഷയും സേവന വേതന വ്യവസ്ഥകളും അനുവദിക്കാതെ ജോലി ചെയ്യിക്കുക എന്നതാണ്‌ പുതുതലമുറ തൊഴില്‍ മേഖലയുടെ പ്രത്യേകത. ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങള്‍ പുതിയ രൂപത്തില്‍ മാറ്റപ്പെട്ടിരിക്കുന്നു.

4. ഈ ജോലികളില്‍ ചേരുന്ന ചെറുപ്പക്കാര്‍ എക്‌സിക്യൂട്ടീവ്‌, വൈറ്റ്‌ കോളര്‍ ജീവനക്കാരുടെ റാങ്കിലാണ്‌ എന്ന്‌ വിശ്വസിപ്പിക്കപ്പെടുന്നു. വളരെ തുച്ഛമായ മാസവേതനം മാത്രമാണ്‌ ഇവര്‍ക്ക്‌ നല്‍കുന്നത്‌. കരാര്‍ അടിസ്ഥാനത്തിലായതിനാല്‍ ജോലിസമയം സംബന്ധിച്ച്‌ നിശ്ചിത വ്യവസ്ഥകളില്ല. കുറഞ്ഞ ശമ്പളം സംബന്ധിച്ചോ ഡി.എ സംബന്ധിച്ചോ, ചികിത്സ, പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ചോ ഈ മേഖലയില്‍ ചിന്തിക്കുന്നതുപോലുമില്ല.

5. പുതിയ സ്വപ്‌നങ്ങളുമായി ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയ കാലത്തെ തിളക്കം നഷ്‌ടപ്പെട്ട്‌ കടുത്ത അരക്ഷിതാവസ്ഥ നേരിടുന്ന ഈ വിഭാഗം തൊഴില്‍ മേഖലയില്‍ വേതനസേവനവ്യവസ്ഥകള്‍ നിശ്ചയിക്കുന്ന നിയമനിര്‍മ്മാണത്തിനായി ശക്തമായ മുന്നേറ്റം ആവശ്യമാണ്‌. ഇതിനാവശ്യമായ തരത്തില്‍ തൊഴിലെടുക്കുന്നവരെ സംഘടിപ്പിക്കാനും പ്രക്ഷോഭമുയര്‍ത്താനും കഴിയേണ്ടതുണ്ട്‌.

6. കേരളത്തില്‍ സ്വാശ്രയകോളേജ്‌ മേഖലയില്‍ മാത്രം നാല്‍പ്പതിനായിരത്തോളം അധ്യാപകരും ജീവനക്കാരും ജോലി ചെയ്യുന്നു. കേരളത്തില്‍ ആകെയുള്ള 164 എഞ്ചിനീയറിംഗ്‌ കോളേജുകളില്‍ 152 എണ്ണവും സ്വാശ്രയമേഖലയിലാണ്‌ എന്നത്‌ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇത്തരം സ്ഥാപനങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. ഈ മേഖലയിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ ചൂഷണത്തിനാണ്‌ വിധേയമായിക്കൊണ്ടിരിക്കുന്നത്‌. കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ ഏജന്‍സികളുടെ (യു.ജി.സി, എ.ഐ.സി.ടി.ഇ, എന്‍.സി.ടി.ഇ മുതലായവ) ശമ്പളനിരക്കും നിയമങ്ങളും ഉണ്ടെങ്കിലും ഇത്‌ നടപ്പിലാക്കപ്പെടുന്നില്ല. അയ്യായിരത്തിനും പതിനായിരത്തിനും മദ്ധ്യേയാണ്‌ പൊതുവില്‍ ലഭിക്കുന്ന ശമ്പളം. ശമ്പളവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാല്‍ പിരിച്ചുവിടലാണ്‌ ഉണ്ടാകുന്ന ഫലം. സ്വാശ്രയ കോളേജുകളില്‍ ശേഖരിക്കുന്ന ഭീമമായ ഫീസ്‌ മാനേജ്‌മെന്റിന്റെ കൊള്ളലാഭത്തിനു മാത്രമായി ഉപയോഗിക്കുന്നു.

7. സംസ്ഥാനത്തെ അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ രണ്ടുലക്ഷത്തോളം അധ്യാപക-അനധ്യാപകരാണ്‌ 3000 മുതല്‍ 7000 വരെ രൂപ മാസശമ്പളത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. യാതൊരുവിധ ആനുകൂല്യങ്ങളും നിയമസംരക്ഷണവുമില്ലാതെയാണ്‌ ജീവനക്കാര്‍ ജോലി ചെയ്യുന്നത്‌. നിയമപരമായി അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നവയും നിരവധിയാണ്‌. ഈ മേഖലയിലും തൊഴില്‍ ചെയ്യുന്ന അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ തുച്ഛമായ വേതനമാണ്‌ കൈപ്പറ്റുന്നത്‌. മറ്റ്‌ ഒരു ആനുകൂല്യങ്ങളും ഇവര്‍ക്ക്‌ ലഭ്യമാകുന്നുമില്ല. സ്‌ത്രീകളാണ്‌ ഈ മേഖലയില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്‌. പ്രസവാനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള യാതൊരു അവകാശങ്ങളും ലഭ്യമാവാത്ത സ്ഥിതിയും ഈ മേഖലയില്‍ ഗുരുതരമാണ്‌.

8. വന്‍കിട ഷോപ്പിംഗ്‌ മാളുകളിലും വന്‍കിട തുണിക്കടകളിലും ജ്വല്ലറികളിലും നടക്കുന്ന ചൂഷണം അടിമസമാനമാണ്‌. രാവിലെ മുതല്‍ വൈകിട്ട്‌ 8 മണിവരെ ഇരിക്കാന്‍പോലും അനുവാദമില്ലാത്ത സെയില്‍സ്‌ ജീവനക്കാര്‍, മൂത്രപ്പുര നിശ്ചിത മിനിറ്റിനകം ഉപയോഗിക്കുന്നവര്‍ക്ക്‌ സസ്‌പെന്‍ഷന്‍ തുടങ്ങിയവ പ്രബുദ്ധകേരളത്തിലാണ്‌ നടക്കുന്നത്‌.

9. കേരളത്തില്‍ പുതുതായി ഉയര്‍ന്നുവന്നിരിക്കുന്ന മേഖലയാണ്‌ സ്വകാര്യ ആശുപത്രികള്‍. അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മ രൂക്ഷമായ കേരളത്തില്‍ ഈ മേഖലയില്‍ ലക്ഷക്കണക്കിനു പേരാണ്‌ പണിയെടുക്കുന്നത്‌. ഇതില്‍ പ്രധാനപ്പെട്ട വിഭാഗമാണ്‌ നഴ്‌സുമാര്‍. ഇവര്‍ കടുത്ത ചൂഷണത്തിന്‌ വിധേയരായതിന്റെ ഭാഗമായി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌. അതുപോലെ ആ മേഖലയില്‍ ജോലി ചെയ്യുന്ന മറ്റു വിഭാഗങ്ങളും അടിസ്ഥാനപരമായ തൊഴില്‍ സംരക്ഷണം പോലും ലഭിക്കാതെയാണ്‌ നിലനില്‍ക്കുന്നത്‌. ഇവരുടെ പ്രശ്‌നങ്ങളും അടിയന്തരമായി ഏറ്റെടുത്ത്‌ മുന്നോട്ടുപോകേണ്ടതുണ്ട്‌.

10. ലക്ഷക്കണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്‌. നിര്‍മ്മാണമേഖലയില്‍ കേന്ദ്രീകരിച്ച്‌ നില്‍ക്കുന്ന ഈ വിഭാഗം കായികാധ്വാനം ആവശ്യമുള്ള മറ്റു തൊഴില്‍മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പോലുമില്ലാതെ വലിയ ചൂഷണത്തിനാണ്‌ ഈ വിഭാഗം വിധേയമായിക്കൊണ്ടിരിക്കുന്നത്‌. മാനുഷികമായ പരിഗണന പോലും ലഭിക്കാത്ത നില ഈ വിഭാഗം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

11. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്‌ സമഗ്രമായ നിയമനിര്‍മ്മാണം അനിവാര്യമാണ്‌. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ തുടക്കം കുറിച്ച അന്യസംസ്ഥാന തൊഴിലാളി ക്ഷേമനിധി ഇന്ന്‌ പ്രവര്‍ത്തിക്കുന്നില്ല. ഈ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നമ്മള്‍ മുന്‍കൈയെടുത്തിട്ടുണ്ട്‌.

12. അസംഘടിതമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന്‌ ട്രേഡ്‌ യൂണിയനുകള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ തന്നെ മുന്നോട്ടുവരുന്നത്‌ ശുഭോദാര്‍ക്കമാണ്‌. ചെറുതും വലുതുമായ പ്രക്ഷോഭങ്ങളും വളര്‍ന്നുവരുന്നുണ്ട്‌. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങളിലും സ്വാഭാവികമായി ഉയര്‍ന്നുവരുന്ന സമരങ്ങളിലും ഇടപെടുന്നതിന്‌ പാര്‍ടി ഘടകങ്ങളോടും ബഹുജനസംഘടനകളോടും ആഹ്വാനം ചെയ്യുന്നു. നിയമനിര്‍മ്മാണം അടക്കം ഈ വിഭാഗം ജീവനക്കാരുടെ ക്ഷേമത്തിനും മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്‌ ഈ സമ്മേളനം ആവശ്യപ്പെടുന്നു.


സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *