സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി തകര്‍ക്കരുത്‌

1. ഒന്നാം യു.പി.എ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തുകയും തുടര്‍ന്ന്‌ 2005-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ പാസ്സാക്കുകയും ചെയ്‌തതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ നിയമം. 2006 മുതല്‍ രാജ്യത്ത്‌ നടപ്പിലാക്കാന്‍ ആരംഭിച്ച തൊഴിലുറപ്പുപദ്ധതി ആദ്യം 200 ജില്ലകളില്‍ മാത്രമായി പരിമിതപ്പെടുത്താനാണ്‌ സര്‍ക്കാര്‍ ശ്രമിച്ചത്‌. തുടര്‍ന്ന്‌ ഇടതുപക്ഷത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി 2008 മുതല്‍ രാജ്യത്താകെ വ്യാപിപ്പിക്കാന്‍ തയ്യാറാവുകയാണുണ്ടായത്‌. രാജ്യത്തെ കോടിക്കണക്കിന്‌ പാവപ്പെട്ട ഗ്രാമീണ കുടുംബങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 100 ദിവസമെങ്കിലും തൊഴില്‍ ലഭ്യമാക്കി അവരുടെ ജീവിത നിലവാരമുയര്‍ത്താന്‍ ലക്ഷ്യം വച്ചുള്ള നിയമം ഫലപ്രദമായി നടപ്പിലാക്കാനല്ല യു.പി.എ സര്‍ക്കാര്‍ തയ്യാറായത്‌.

2. തുടക്കം മുതല്‍ തൊഴിലുറപ്പ്‌ നിയമം ദുര്‍ബലപ്പെടുത്തുവാനാണ്‌ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞത്‌. കോടിക്കണക്കിന്‌ ഗ്രാമീണ കുടുംബങ്ങള്‍ക്ക്‌ ആശ്രയമായ പദ്ധതിക്ക്‌ മുന്‍വര്‍ഷം കേവലം 33,000 കോടി രൂപ മാത്രമാണ്‌ നീക്കിവച്ചത്‌. രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്‌ ലക്ഷക്കണക്കിന്‌ കോടി രൂപ സൗജന്യമനുവദിക്കാന്‍ ഒരു മടിയുമില്ലാത്തവര്‍ പാവപ്പെട്ടവര്‍ക്കായുള്ള പദ്ധതിക്ക്‌ നാമമാത്ര തുക മാത്രമാണ്‌ നീക്കിവച്ചത്‌. ഏറ്റവുമൊടുവില്‍ നീക്കിവച്ച തുക പോലും വെട്ടിക്കുറയ്‌ക്കുകയും കാര്‍ഷിക മേഖലയിലെ ജോലികള്‍ തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമാക്കാന്‍ പാടില്ലെന്ന്‌ വ്യവസ്ഥ ചെയ്യുകയും ചെയ്‌തുകൊണ്ട്‌ തൊഴിലുറപ്പുപദ്ധതിയെ തകര്‍ക്കാനാണ്‌ രണ്ടാം യു.പി.എ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്‌. ഇത്‌ ഗ്രാമീണമേഖലയില്‍ തൊഴില്‍ദിനങ്ങള്‍ ഗണ്യമായി പരിമിതപ്പെടുത്തുന്നതിന്‌ ഇടയാക്കി. ദേശീയതലത്തില്‍ 53 ദിവസം വരെ ശരാശരി തൊഴില്‍ദിനങ്ങള്‍ ലഭ്യമായിരുന്നുവെങ്കില്‍ നടപ്പുവര്‍ഷം ശരാശരി 30 ദിവസത്തില്‍ താഴെയാണ്‌ വിവിധ സംസ്ഥാനങ്ങളില്‍ തൊഴില്‍ ലഭിച്ചത്‌. രാജ്യത്ത്‌ ത്രിപുരയില്‍ മാത്രമാണ്‌ പദ്ധതി മാതൃകാപരമായി നടപ്പിലാക്കുകയും ശരാശരി 90 ദിവസത്തോളം തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കിയത്‌.

3. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പദ്ധതിയുടെ നടത്തിപ്പുതന്നെ ഗൗരവമായ വെല്ലുവിളി നേരിടുകയാണ്‌. രാജ്യത്താകെ 13.3 കോടിയോളം ഗ്രാമീണ കുടുംബങ്ങള്‍ പദ്ധതിയില്‍ ഇന്ന്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. അതില്‍ മൂന്നിലൊന്ന്‌ കുടുംബങ്ങള്‍ക്കു മാത്രമേ തൊഴില്‍ ലഭ്യമായിട്ടുള്ളൂ. അതും ശരാശരി 30 ദിവസത്തോളം മാത്രം. തൊഴിലെടുത്തവര്‍ക്ക്‌ നിയമപ്രകാരം 14 ദിവസത്തിനകം കൂലി നല്‍കണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. കോടിക്കണക്കിന്‌ രൂപ കൂലി കുടിശ്ശിക നിലനില്‍ക്കുന്നു. നടപ്പുവര്‍ഷം നീക്കിവച്ച 33,533 കോടി രൂപ പോലും സംസ്ഥാനങ്ങള്‍ക്ക്‌ യഥാസമയം നല്‍കുന്നില്ല. ഏറ്റവുമൊടുവില്‍ തീവ്ര പങ്കാളിത്ത ആസൂത്രണ പദ്ധതി (ഐ.പി.പി.ഇ) എന്ന നിലയില്‍ രാജ്യത്തെ പിന്നോക്കം നില്‍ക്കുന്ന 2500 ബ്ലോക്കുകളിലായി പദ്ധതി പരിമിതപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്‌. രാജ്യത്തെ നാലായിരത്തിലധികം ബ്ലോക്കുകളില്‍ പദ്ധതി തുടരുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടുത്ത ആശങ്കയാണ്‌ നിലനില്‍ക്കുന്നത്‌. മതിയായ തുക നീക്കിവച്ചുകൊണ്ട്‌ തൊഴിലുറപ്പുപദ്ധതിയില്‍ കൃഷി, പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലുകള്‍, ക്ഷീരകര്‍ഷക മേഖല എന്നിവ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്‌ടിക്കുകയും കോടിക്കണക്കിന്‌ തൊഴിലാളികളുടെ അധ്വാനശക്തി ഉപയോഗിച്ച്‌ ഉല്‍പ്പാദന വര്‍ദ്ധനവ്‌ നേടാനും അതുവഴി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും കഴിയുംവിധം തൊഴിലുറപ്പുപദ്ധതി പുനരാവിഷ്‌കരിക്കണമെന്ന്‌ ഈ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.

4. സംസ്ഥാനത്ത്‌ 29 ലക്ഷത്തോളം കുടുംബങ്ങളാണ്‌ തൊഴിലുറപ്പുമേഖലയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. അതില്‍ കേവലം 14 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക്‌ മാത്രമേ തൊഴില്‍ ലഭ്യമായിട്ടുള്ളൂ. തൊഴില്‍ ലഭ്യമായവരില്‍തന്നെ 100 ദിവസം തൊഴില്‍ ലഭിച്ചിട്ടുള്ള കുടുംബങ്ങള്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ്‌. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഗണ്യമായ കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്‌ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതും ലഭ്യമായ തുക പോലും യഥാസമയം തൊഴിലാളികള്‍ക്ക്‌ നല്‍കാത്തതും തൊഴിലാളികള്‍ക്ക്‌ ഏറെ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക്‌ വലിയ തോതില്‍ ആശ്വാസം നല്‍കാന്‍ കഴിയുന്ന പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച്‌ തൊഴിലുറപ്പുപദ്ധതിയുടെ മാര്‍ഗരേഖയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടേണ്ടതുണ്ട്‌.

5. നിലവില്‍ തൊഴിലാളികള്‍ക്ക്‌ ലഭിക്കുന്ന കൂലി സംസ്ഥാനത്ത്‌ 212 രൂപ മാത്രമാണ്‌. വിലക്കയറ്റവും നാനാദുരിതങ്ങളും കൊണ്ട്‌ പൊറുതിമുട്ടുന്നവര്‍ക്ക്‌ ഇത്‌ തികച്ചും അപര്യാപ്‌തമാണ്‌. കൂലി 320 രൂപയായെങ്കിലും വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശ അടിയന്തരമായും നടപ്പാക്കാന്‍ തയ്യാറാവണം.

6. സംസ്ഥാനത്ത്‌ ഗ്രാമങ്ങളിലെപ്പോലെതന്നെ നഗരപ്രദേശങ്ങളിലും സമാനമായ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ച ഘട്ടത്തിലാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നഗരപ്രദേശങ്ങള്‍ക്കായി അയ്യങ്കാളി തൊഴിലുറപ്പുപദ്ധതിക്ക്‌ രൂപം നല്‍കിയത്‌. എന്നാല്‍, തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍ അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി ഫലത്തില്‍ നിഷ്‌ക്രിയമാക്കി. ഭൂരിപക്ഷം വരുന്ന യു.ഡി.എഫ്‌ നേതൃത്വത്തിലുള്ള നഗരസഭകളും പദ്ധതിക്കാവശ്യമായ രജിസ്‌ട്രേഷന്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല. നഗരപ്രദേശത്തെ പാവപ്പെട്ടവര്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന്‌ ഈ സംസ്ഥാന സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.


സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *