മാനവവിഭവശേഷി വഴി വരുമാനം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണ്. 2.10 കോടി ഇന്ത്യക്കാര്‍ കുടിയേറ്റതൊഴിലാളികളായി ലോകമെമ്പാടും തൊഴില്‍ ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഇവരിലൂടെ ലഭിച്ച വരുമാനം 71 ബില്യണ്‍ യു.എസ്.ഡോളറായിരുന്നു. കേരളത്തിന്റെ സമ്പദ്‌ഘടനയിലാവട്ടെ സുപ്രധാനമായ സ്ഥാനവും പ്രവാസികള്‍ക്കുണ്ട്. സംസ്ഥാനത്തെ നൂറ് വീടെടുത്താല്‍ 29 എണ്ണത്തിലും പ്രവാസികളുമായി ബന്ധമുണ്ട്. നമ്മുടെ സമ്പദ്‌ഘടനയില്‍ നിര്‍ണ്ണായകമായ സ്ഥാനവും ഇവര്‍ക്കുണ്ട്. നാടിന്റെ സമ്പദ്‌ഘടനയെ താങ്ങി നിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് വന്‍തോതില്‍ വിദേശ നാണ്യം ഇന്ത്യയില്‍ എത്തിക്കുന്ന ഈ ജനവിഭാഗത്തിനുള്ളത്. എന്നാല്‍ ഇത് കണക്കിലെടുത്തുകൊണ്ട് ഉചിതമായ പരിഗണന നല്‍കുന്നതില്‍ വലിയ പോരായ്‌മയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്നത്. പ്രവാസികള്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുമ്പോഴും ഇന്ത്യയിലേക്കൊഴുകിയെത്തുന്ന പണത്തിന് യാതൊരു കുറവും ഇല്ലായെന്ന് കാണാം.
ബ്രിട്ടീഷുകാര്‍ അവരുടെ കോളനികളിലേക്ക് ഇന്ത്യന്‍ കൂലിതൊഴിലാളികളെ കൊണ്ടുപോവുന്നതിന് വേണ്ടി ഉണ്ടാക്കിയ അതേ എമിഗ്രേഷന്‍ നിയമം തന്നെയാണ് സ്വതന്ത്ര ഇന്ത്യയിലും തുടരുന്നത്. 1922ലെ ബ്രിട്ടീഷ് ഇന്ത്യ എമിഗ്രേഷന്‍ നിയമം 1983ല്‍ പരിഷ്‌ക്കരിച്ചുവെങ്കിലും പേരില്‍ മാത്രമാണ് പരിഷ്‌ക്കാരം. ഇന്ത്യന്‍ എമിഗ്രേഷന്‍ ആക്‌ട് പഴയ കൊളോണിയല്‍ നിയമത്തില്‍ കാതലായ ഒരു മാറ്റവും വരുത്താതെ ഇപ്പോഴും പിന്‍തുടരുകയാണ്.
പല മൂന്നാം ലോക രാജ്യങ്ങളും പൗരന്മാരുടെ സംരക്ഷണത്തിനുവേണ്ടി ശക്തമായ നിയമങ്ങള്‍ നടപ്പിലാക്കുകയും അവരുടെ പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ യാതൊരു നിയമസംരക്ഷണവും ലഭിക്കാതെ മിക്കപ്പോഴും ക്രൂരമായ അവഗണനയാണ് നേരിടുന്നത്. വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോവുന്നവര്‍ക്ക് സുരക്ഷിതമായി തൊഴില്‍ എടുത്ത് നാട്ടില്‍ തിരിച്ചെത്തുന്നതുവരെ എല്ലാവിധ നിയമപരമായ സുരക്ഷയും സംരക്ഷണവും ലഭിക്കുന്ന തരത്തില്‍ ശക്തമായ ഒരു കുടിയേറ്റ നിയമം ആധുനിക കാലത്തിന് ഇണങ്ങുന്ന വിധം നടപ്പിലാക്കപ്പെടേണ്ടതുണ്ട്. ഇതോടൊപ്പം നിരവധി പ്രയാസങ്ങള്‍ കേരളത്തിലെ പ്രവാസികള്‍ അനുഭവിക്കുന്നുണ്ട്. അവ പരിഹരിക്കപ്പെടേണ്ടതുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന 35 ലക്ഷത്തോളം മലയാളികളില്‍ വീട്ടുവേലക്കാരായി ധാരാളം സ്‌ത്രീകളും തൊഴില്‍ ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്ക് യാതൊരുവിധ തൊഴില്‍ സംരക്ഷണവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല തൊഴിലിടങ്ങളില്‍ നിരന്തരം കടുത്ത ചൂഷണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും വിധേയരാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ഇത്തരം ചൂഷണങ്ങളും, പീഢനങ്ങളും ഉത്തരവാദപ്പെട്ട ഇന്ത്യന്‍ എംബസികള്‍പോലും കണ്ടില്ലെന്നു നടിക്കുന്നു. പെറ്റിക്കേസ്സുകളില്‍ പെട്ടുപോലും ആയിരങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുടെ ജയിലുകളില്‍ കഴിയുന്നുണ്ട്. ഒരു വിദേശ പൗരനെ അറസ്റ്റുചെയ്‌താല്‍ 24 മണിക്കൂറിനകം അവരുടെ എംബസ്സിയെ വിവരമറിയിക്കണമെന്ന ഉത്തരവാദിത്തം പോലും ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇന്ത്യന്‍ സമൂഹത്തോട് കാണിക്കാറില്ല. ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്‌ടിക്കുന്നതിന് ഇന്ത്യന്‍ എംബസ്സികളുടെ അനാസ്ഥയും പിടിപ്പുകേടും തന്നേയാണ് കാരണം.
കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ 6 വിമാനത്താവളങ്ങളെ ഭാവി വികസനം സാധ്യമാക്കുന്ന തരത്തില്‍ ഇന്റര്‍നാഷണല്‍ ഹബ്ബുകളായി പ്രഖ്യാപിച്ചു. കരടുനിര്‍ദ്ദേശങ്ങളില്‍ തിരുവനന്തപുരം ഉള്‍പ്പെട്ടിരുന്നുവെങ്കിലും അന്തിമലിസ്റ്റില്‍ നിന്നും തിരുവനന്തപുരം ഒഴിവാക്കപ്പെട്ടു. സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പറയുന്നത് കരട് ലിസ്റ്റ് സംസ്ഥാനത്തിന് അയച്ചുകൊടുത്തിരുന്നുവെന്നാണ് ഇത് കാണിക്കുന്നത് കേരളസര്‍ക്കാരിന്റെ ഉദാസീനതയും പ്രവാസികളോട് തുടരുന്ന അവഗണനയും കാരണമാണ് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ഹബ്ബില്‍ നിന്നും ഒഴിവാക്കപ്പെട്ടത് എന്നതാണ്. ഡല്‍ഹിക്കും, മുംബൈക്കും ശേഷം ഏറ്റവും കൂടുതല്‍ പേര്‍ വിദേശയാത്ര ചെയ്യുന്നത് കേരളത്തിലെ 3 ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടുകളിലൂടേയാണ്. ഇതൊന്നും തന്നെ സിവില്‍ ഏവിയേഷന്‍ മന്ത്രിയേയോ, എയര്‍പോര്‍ട്ട് അതോറിറ്റിയേയോ അറിയിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. കേരളത്തിലെ എയര്‍പോര്‍ട്ടുകളുടെ ഭാവിവികസനം മാത്രമല്ല ഇന്ന് നിലവിലുള്ള വിദേശ വിമാനസര്‍വ്വീസുകള്‍ കൂടി കേരളത്തിന് നഷ്‌ടപ്പെടുവാനുള്ള സാധ്യതയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. മാത്രമല്ല വിദേശയാത്രക്കായി കേരളീയര്‍ മറ്റ്‌സംസ്ഥാന എയര്‍പോര്‍ട്ടുകളെ ആശ്രയിക്കേണ്ട സ്ഥിതിയും വന്നുചേരും. കേരളത്തിലെ എയര്‍ പോര്‍ട്ടുകളെ ഇന്റര്‍നാഷണല്‍ ഹബ്ബുകളില്‍ ഉള്‍പ്പെടുത്തുവാന്‍ സംസ്ഥാനസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്.
വിദേശരാജ്യങ്ങളിലേക്കുള്ള വിമാനകൂലി തിരുമാനിക്കുന്നത് ഗെയ്‌റ്റവേ പോയന്റുകളെ അടിസ്ഥാനമാക്കിയാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ എയര്‍പോര്‍ട്ടുകളേയാണ് അയാട്ട (ഇന്റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) ഗെയ്‌റ്റവേ പോയന്റായി അംഗീകരിച്ചിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് നിശ്ചയിക്കുന്നത് മുംബൈ എയര്‍ പോര്‍ട്ടിനെ ആസ്‌പദമാക്കിയാണ്. മുംബൈയില്‍ നിന്ന് കേരളത്തിലെ എയര്‍പോര്‍ട്ടിലേക്കുള്ള ദൂരവും കൂടി ചേര്‍ത്താണ് എയര്‍ ഫെയര്‍ ഈടാക്കുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനെ ഗെയ്‌റ്റവേ പോയന്റായി പ്രഖ്യാപിച്ചാല്‍ ഗള്‍ഫിലേക്കും യൂറോപ്യന്‍ സെക്‌ടറിലേക്കുള്ള വിമാനനിരക്ക് ഗണ്യമായി കുറക്കാന്‍ കഴിയും. ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ കേരള സര്‍ക്കാരും എയര്‍പോര്‍ട്ട് ഓഫ് ഇന്ത്യയും സിവില്‍ ആവിയേഷന്‍ വകുപ്പും കേന്ദ്രസര്‍ക്കാരും അയാട്ട അധികാരികളുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടതുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ ദീര്‍ഘകാലം തൊഴിലെടുത്തും ആരോഗ്യം ക്ഷയിച്ചും തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കുവാന്‍ ഉചിതമായ ഒരു പദ്ധതിയും നിലവിലില്ല. സ്വദേശി വല്‍ക്കരണവും നിതാഖത്തും മറ്റും മൂലം തൊഴില്‍ നഷ്‌ടപ്പെട്ട് തിരിച്ചു വന്നവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനം വെറും ജലരേഖയായി മാറുകയാണ്. രണ്ട് ഘട്ടങ്ങളിലായി നാല്‍പ്പതിനായിരത്തോളം പേര്‍ പുനരധിവാസ പദ്ധതികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും കനറാബാങ്കിനേയും, യൂണിയന്‍ ബാങ്കിനേയും ചുമതലപ്പെടുത്തി കേരള സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇതിനുപുറമെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം കര്‍ശനമായി നടപ്പിലാക്കുവാന്‍ ആരംഭിച്ചിരിക്കുന്നു. 1991 ലെ കുവൈത്ത് യുദ്ധത്തെ തുടര്‍ന്ന തൊഴില്‍ നഷ്‌ടപ്പെട്ട് തിരിച്ചുവന്നവര്‍ മുതല്‍ ഭീകരവാദത്തിന് ഇരയായി തിരിച്ചെത്തിയവര്‍ കൂടി ഉള്‍പ്പെടുന്ന ലക്ഷക്കണക്കിനാളുകള്‍ പുനരധിവാസത്തിനായി കാത്തുനില്‍ക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്‌ടപ്പെട്ട് തിരിച്ചുവന്നവര്‍ക്ക് (നാളെ തിരിച്ചു വരാനിരിക്കുന്നവര്‍ക്കും) ഉചിതമായ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കേത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കരിന്റെ പ്രവര്‍ത്തനഫലമായി ആരംഭിച്ച പ്രവാസി ക്ഷേമനിധിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടുകൊുപോകുവാന്‍ യു.ഡി.എഫ്. സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ക്ഷേമനിധി ബോര്‍ഡ് കൃത്യമായി യോഗം ചേരാന്‍പോലും ശ്രദ്ധിക്കുന്നില്ല. 143000 പേരാണ് ഇതുവരെ ക്ഷേമനിധിയില്‍ അംഗത്വമെടുത്തിട്ടുള്ളത്. ക്ഷേമനിധി അംഗത്വമെടുക്കാനുളഅള പ്രായപരിധി 55 വയസ്സാണ്. കേരളത്തിലെ മറ്റുക്ഷേമനിധികളില്‍ അംഗത്വം എടുക്കാനുള്ള പ്രായപരിധി 60, 65,70 എന്നീ ക്രമത്തിലാണ്. പ്രായപരിധി ഉയര്‍ത്തുന്നതിനാവശ്യമായി ഒട്ടേറെ നിവേദനങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിട്ടുപോലും പ്രായപരിധി ഉയര്‍ത്താനുള്ള ഒരു തീരുമാനവും ഉണ്ടായിട്ടില്ല. പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കാനുള്ള പ്രായപരിധി 65 വയസ്സായി ഉയര്‍ത്തുക.
ക്ഷേമനിധിയില്‍ നിന്നും നല്‍കുന്ന ആനുകൂല്യങ്ങള്‍ മറ്റുക്ഷേമനിധികളെ അപേക്ഷിച്ച് കുറവമാണ്. അംഗങ്ങള്‍ അയക്കുന്ന അംശാദായം കാലാവധിക്കുശേഷം തിരിച്ചുനല്‍കുന്നില്ല. ഇത്തരത്തിലുള്ള പോരായ്‌മകള്‍ നിലനില്‍ക്കുന്നു. പ്രവാസി ക്ഷേമനിധി നിയമം കാലോചിതമായി പരിഷ്‌ക്കരിക്കുകയും കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അടച്ച തുക പലിശ സഹിതം തിരിച്ചുനല്‍കുകയും വേണം. ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രവാസി സൗഹൃദപരമായി മാറ്റുകയും വേണം. ബഹുഭൂരിപക്ഷം പ്രവാസി മലയാളികളും ക്ഷേമനിധിയില്‍അംഗങ്ങളാക്കുന്നതിന് ആവശ്യമായ ഭേദഗതികളും പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കേണ്ടതുണ്ട്.
കേരളത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക് വലിയസംഭാവന നല്‍കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. കുടിയേറ്റ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കുക, സ്‌ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണം ഉറപ്പ് വരുത്തുക, ഇന്റര്‍നാഷണല്‍ ഹബ്ബില്‍ കേരളത്തിലെ വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തുക, ഗെയ്‌റ്റ്‌വേ പോയിന്റായി കൊച്ചി വിമാനത്താവളത്തെ ഉള്‍പ്പെടുത്തുക, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ കാലോചിതമായ പരിഷ്‌കരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സി.പി.ഐ (എം) സംസ്ഥാനസമ്മേളനം സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.
സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *