സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-സ്‌ത്രീ പീഡനങ്ങള്‍ക്ക്‌ അറുതി വരുത്തുക

ഇന്ത്യയിലുടനീളം സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ ലജ്ജാകരമാം വിധം വര്‍ദ്ധിക്കുകയാണ്‌. ഡല്‍ഹി ലോകത്തിലെ ഏറ്റവും ഭീകരനഗരമായിരിക്കുന്നു. കേരളത്തിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ പതിന്മടങ്ങ്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌. യു.ഡി.എഫ്‌ ഗവണ്‍മെന്റ്‌ കുറ്റകൃത്യങ്ങളോട്‌ കാട്ടുന്ന നിസംഗതയോ, കുറ്റവാളികള്‍ക്ക്‌ അനുകൂലമായ സമീപനമോ കാരണം അതിക്രമങ്ങള്‍ വല്ലാതെ വ്യാപിക്കുന്നതായാണ്‌ കാണുന്നത്‌. കേരളത്തിലെ ആഭ്യന്തരമന്ത്രി ചോദ്യത്തിന്‌ ഉത്തരമായി അസംബ്ലിയില്‍ പറഞ്ഞത്‌ 2012-13 വര്‍ഷങ്ങളില്‍ 23853 സ്‌ത്രീ പീഡനകേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു എന്നാണ്‌. മുന്‍വര്‍ഷങ്ങളേക്കാള്‍ 10 ശതമാനം കൂടുതലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിന്റെ അളവ്‌ കൂടുതലാണ്‌. എന്നാല്‍ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്‌ അമ്പരിപ്പിക്കുന്നതാണ്‌. 3502 സ്‌ത്രീയും 448 കുട്ടികളും ഈ കാലയളവില്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. ആത്മഹത്യയുടെ കാരണത്തില്‍ പ്രധാനം കുടുംബപരമായ അസ്വാരസ്യങ്ങളാണ്‌. ചെറിയൊരു ശതമാനം സാമ്പത്തികമായ ബാധ്യതകള്‍ വഴിയുമുണ്ട്‌. 8 സ്‌ത്രീകളും 2 കുട്ടികളും ക്രൂരമായ ലൈംഗിക ആക്രമണത്തിന്‌ ഇക്കാലയളവില്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ്‌ പാര്‍ടി ഓഫീസില്‍ വെച്ച്‌ ഒരു സ്‌ത്രീ കൊല്ലപ്പെട്ടതും ഇക്കൂട്ടത്തില്‍ പെടും. പെണ്‍കുട്ടികള്‍ക്കെതിരായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട 2050 കേസുകളില്‍ 675 എണ്ണം സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നാണ്‌. കേരളത്തില്‍ സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അനുദിനം പെരുകുകയാണ്‌. ജീവിത നിലവാരത്തിലുണ്ടായ ഉയര്‍ച്ചയും സ്‌ത്രീപുരുഷ അനുപാതം, മാതൃശിശുമരണ നിരക്ക്‌, പ്രതീക്ഷിത ആയുസ്‌ എന്നിവയിലുണ്ടായ ഗുണപരമായ മാറ്റവും കേരളത്തിലെ സ്‌ത്രീകളുടെ സാമൂഹ്യപദവിയില്‍ ഗുണാത്മക പരിവര്‍ത്തനം ഉണ്ടാകുന്നില്ല എന്നത്‌ വിരോധാഭാസമാണ്‌.

50 ശതമാനം സംവരണം വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ പ്രക്രിയയിലേക്ക്‌ സ്‌ത്രീകള്‍ വന്‍തോതില്‍ കടന്നു വരികയും കുടുംബശ്രീ പോലുള്ള സ്‌ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളും സ്‌ത്രീ സംഘടനകളും ശക്തമായിട്ടും സ്‌ത്രീകള്‍ ആക്രമിക്കപ്പെടുന്നത്‌ പൊതുസമൂഹത്തില്‍ സ്‌ത്രീ പദവി സമത്വം എന്ന ആശയത്തിന്‌ മുന്‍ഗണന ലഭ്യമാക്കാത്തതുകൊണ്ടാണ്‌. ഇന്ത്യയിലാകെ നിലനില്‍ക്കും ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളും ജീര്‍ണ്ണിച്ച ഫ്യൂഡല്‍ ആശയങ്ങളും സമൂഹത്തില്‍ സംഭാവന ചെയ്യുന്നത്‌ സ്‌ത്രീ വിരുദ്ധ മനോഭാവമാണ്‌. സ്‌ത്രീ സമത്വം ഉറപ്പാക്കുന്ന നിയമങ്ങളും നീതിനിര്‍വ്വഹണ വിഭാഗങ്ങളും ബൂര്‍ഷ്വാനീതി ശാസ്‌ത്രത്തിന്‌ കീഴ്‌പ്പെടുന്നതിനാല്‍ സ്‌ത്രീ പീഡകള്‍ പലപ്പോഴും സംരക്ഷിക്കപ്പെടുന്നു. ചടുലമായ നീതി നിര്‍വ്വഹണത്തിന്റെ അഭാവം കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. സ്‌ക്രൂളില്‍ നിന്നോ ഉണ്ടായ അതിക്രമങ്ങളാണ്‌. ഒരു ലക്ഷം ജനസംഖ്യക്ക്‌ 455.8 എന്നതാണ്‌ കേരളത്തിലെ സ്‌ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക്‌. 2014 ല്‍ കുറ്റകൃത്യങ്ങള്‍ വീണ്ടും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്‌.

കേരളത്തിലെ 65 ശതമാനംസ്‌ത്രീകളും ഏതെങ്കിലുംതരത്തിലുള്ള ഗാര്‍ഹിക പീഡനത്തിന്‌ വിധേയരാകുന്നു എന്ന്‌ ചില സര്‍വേകള്‍ സൂചിപ്പിക്കുന്നു. മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള `സുശീല ഗോപാലന്‍ സ്‌ത്രീ പദവി-നിയമപഠനകേന്ദ്രം' നടത്തിയ സര്‍വ്വേയില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ശിശുവിവാഹം നടക്കുന്നതായി തെളിഞ്ഞിരിക്കുന്നു. മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ്‌ കൂടുതല്‍. തൊഴിലിടങ്ങളിലും യാത്രാവേളകളിലും കേരളത്തില്‍ സ്‌ത്രീകള്‍ സുരക്ഷിതരല്ല. വൈകുന്നേരം 5 മണിക്ക്‌ ശേഷം യാത്ര ചെയ്യുന്ന സ്‌ത്രീകളില്‍ 90 ശതമാനം അതിക്രമങ്ങളെ കുറിച്ച്‌ ഭയമുള്ളവരാണ്‌. സ്‌ത്രീധന കൊലപാതകങ്ങളും സംസ്ഥാനത്ത്‌ നടക്കുന്നുണ്ട്‌. 2013 ല്‍ 21 സ്‌ത്രീ പീഡന കൊലപാതങ്ങള്‍ നടന്നതായി രേഖകളുണ്ട്‌.

ജാതി-മത സംഘടനകളും കപട സിദ്ധന്മാരും ആള്‍ദൈവങ്ങളും വഴി പ്രചരിപ്പിക്കപ്പെടുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്‌ത്രീകളുടെ ലൈംഗിക ചൂഷണത്തിനും മറ്റ്‌ പല വിധ അതിക്രമങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌. കൊല്ലം കരുനാഗപ്പള്ളിയും മലപ്പുറം എടപ്പാളിലും സിദ്ധന്മാരുടെ ഇടപെടല്‍ വഴി രണ്ട്‌ യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ടത്‌ ഈയിടെയാണ്‌. ആള്‍ദൈവങ്ങളുടെ ആശ്രമങ്ങള്‍ മറയാക്കിയും ലൈംഗിക ചൂഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌.
നവോത്ഥാന പ്രക്രിയയുടെയും ഇടതുപക്ഷ സമരങ്ങളുടെയും ഭാഗമായി കേരളത്തില്‍ നിന്ന്‌ മണ്‍മറഞ്ഞു പോയ സകല ഫ്യൂഡല്‍വിരുദ്ധ ആചാരങ്ങളും തിരിച്ചുകൊണ്ടു വരാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നുണ്ട്‌. ബൂര്‍ഷ്വാ മാധ്യമങ്ങളാകട്ടെ ഇത്തരം സാമൂഹ്യവിരുദ്ധ ആശയങ്ങളുടെ പ്രചാരകരുമാണ്‌. മാധ്യമങ്ങള്‍ സൃഷ്‌ടിക്കുന്ന സ്‌ത്രീയുടെ പ്രതിരൂപം സമത്വത്തിന്റെ മാതൃകയല്ല പകരം ചരക്ക്‌ വല്‍ക്കരിക്കപ്പെട്ട സ്‌ത്രീത്വത്തിന്റെ വാര്‍പ്പ്‌ മാതൃകകളാണ്‌. സ്‌ത്രീകളെ കീഴ്‌പ്പെടുത്തുന്നതിനും ആക്രമിക്കുന്നതിനും ആധുനിക ഇലക്ട്രോണിക്‌ സംവിധാനങ്ങളടക്കം ദുരുപയോഗം ചെയ്യുന്നതിനാല്‍ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നു. സോഷ്യലിസ്റ്റ്‌ സ്‌ത്രീ സങ്കലപ്‌തത്തെയാകെ പിച്ചി ചീന്തുകയും മുതലാളിത്ത ഫ്യൂഡല്‍ കാഴ്‌ചപ്പാടുകള്‍ സമൂഹത്തില്‍ പ്രതിഷ്‌ഠിക്കുകയും ചെയ്യുകയാണ്‌.

കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ശക്തമാക്കിയും സ്‌ത്രീ സമത്വ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്‌തുകൊണ്ടുമാത്രമേ ഇതിന്‌ പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. കേരളത്തില്‍ യു.ഡി.എഫ്‌ ഗവണ്‍മെന്റ്‌ കുറ്റവാളികളെ സംരക്ഷിക്കാന്‍ നടത്തുന്ന നീക്കങ്ങളാണ്‌ അതിക്രമങ്ങള്‍ ഇത്രയേറെ പെരുകാന്‍ കാരണം. ഇവിടെ നാദാപുരത്ത്‌ പിഞ്ചുകുഞ്ഞിനെ ക്രൂരമായി ആക്രമിച്ച കേസികളെ പ്രതികളെ അടക്കം രക്ഷിക്കാന്‍ നീക്കം നടക്കുന്നുണ്ട്‌. സര്‍ക്കാര്‍ കൊണ്ടുവന്ന `നിര്‍ഭയ' പദ്ധതികളും നോക്കുകുത്തിയായി മാറുകയാണുണ്ടായത്‌. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്‌ത്രീ പീഡനങ്ങള്‍ക്കെതിരെ സമ്മേളനം ഉല്‍കണ്‌ഠ രേഖപ്പെടുത്തുന്നു. കുറ്റവാളികള്‍ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും സ്‌ത്രീ സുരക്ഷാ നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്യണമെന്ന്‌ സമ്മേളനം ആവശ്യപ്പെടുന്നു.


സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *